Sabarimala | ശബരിമല മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് വികസന അതോറിറ്റി രൂപീകരിക്കും; പ്രധാന സ്ഥലങ്ങളില്‍ ആര്‍ എഫ് ഐ ഡി സ്‌കാനറുകളും മറ്റും സ്ഥാപിക്കും

 


ശബരിമല: (www.kvartha.com) ശബരിമല മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് ശബരിമല വികസന അതോറിറ്റിക്ക് രൂപം നല്‍കാന്‍ തീരുമാനം. ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വെര്‍ച്വല്‍ ക്യൂ ബുകിംഗ് സമയത്തു തന്നെ നെയ്യഭിഷേകം ആഗ്രഹിക്കുന്നുണ്ടോ എന്ന വിവരം രേഖപ്പെടുത്താന്‍ അവസരം നല്‍കി നെയ്യഭിഷേകം ആഗ്രഹിക്കുന്നവര്‍ക്ക് പുലര്‍ചെയുള്ള സ്ലോടുകള്‍ അനുവദിക്കും.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള വിവിധ കേന്ദ്രങ്ങളിലും പതിനെട്ടാം പടി, ശ്രീകോവിലിനു മുന്‍വശം മുതലായ സ്ഥലങ്ങളിലും ആര്‍ എഫ് ഐ ഡി സ്‌കാനറുകളും മറ്റും സ്ഥാപിക്കും.

തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യൂവില്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മൊബൈല്‍ നമ്പരിലേക്ക് ഇടത്താവളങ്ങളെക്കുറിച്ചും തീര്‍ഥാടനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും സന്ദേശമായി ലഭ്യമാകും. കാനനപാത തുറന്നുകൊടുക്കും.

വെര്‍ച്വല്‍ ക്യൂ ബുകിംഗ് മുതല്‍ പ്രസാദ വിതരണം വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന് സമഗ്രമായ സോഫ് റ്റ് വെയര്‍ നിര്‍മിക്കും. ആര്‍ എഫ് ഐ ഡി സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ക്യൂ ആര്‍ കോഡ് അടങ്ങിയ പാസ് അനുവദിക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ക്യൂ ആര്‍ കോഡ് ഓടോമാറ്റിക് ആയി സ്‌കാന്‍ ചെയ്യുന്ന സംവിധാനം ഒരുക്കും. ഇത് സംബന്ധിച്ച വിശദമായ റിപോര്‍ട് ഒരു മാസത്തിനകം സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തി.

മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് വരുന്ന ഓരോ ഭക്തനും സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് തന്ത്രിയുമായി കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

സംഭാവനകള്‍ക്കായി ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തും. പണമിടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനത്തിന് ബുക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി പണമടച്ച് കൂപണ്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.

സന്നിധാനത്തും പരിസരത്തും വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാന്‍ സംവിധാനം ഒരുക്കും. തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന ഭാഗങ്ങളില്‍ അപകടാവസ്ഥയിലുള്ള കോണ്‍ക്രീറ്റ് കമ്പികള്‍ മാറ്റി സ്ഥാപിക്കണം.

നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍, ടോയിലറ്റ് കോംപ്ലക്സുകള്‍ എന്നിവിടങ്ങളില്‍ പണത്തിനുപകരം ഉപയോഗിക്കാവുന്ന ശബരിമല സ്പെഷ്യല്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഭക്തര്‍ക്ക് ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ബാങ്കുകളുമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യു പി ഐ സംവിധാനത്തിലൂടെ പണമടയ്ക്കാന്‍ ഇ-ഹുണ്ടിക സൗകര്യം ഏര്‍പ്പെടുത്തും.

ടോയ്ലറ്റ് കോംപ്ലക്സിലെ യൂസര്‍ ഫീ, പാര്‍കിംഗ് ഫീ മുതലായവ ഈടാക്കാന്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഏര്‍പ്പാടാക്കും. സന്നിധാനത്തെ വെടിവഴിപാട്, കൊപ്ര ശേഖരിക്കല്‍ മുതലായ എല്ലാ ഇടപാടുകളും ഇ-ടെന്‍ഡര്‍ നടപടികളിലൂടെ പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഡോളിയുടെ നിരക്ക്, കൗണ്ടറുകള്‍ എന്നിവ സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ പമ്പയുടെ പരിസരത്ത് സ്ഥാപിക്കണം. ഡോളി ഫീസ് പ്രീപെയ്ഡ് ആക്കുന്നത് പരിഗണിക്കും. തീര്‍ഥാടന കാലത്ത് വിജിലന്‍സ് ആന്‍ഡ് ആന്റീ കറക്ഷന്‍ ബ്യൂറോയുടെ സേനാംഗങ്ങളെ സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ വിന്യസിക്കണം.

തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന തുടങ്ങിയ ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ക്ക് നിലക്കലില്‍ ഗസ്റ്റ് ഹൗസുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുനല്‍കുന്ന കാര്യം ഗൗരവമായി ആലോചിക്കും. ഇക്കാര്യത്തില്‍ ഹൈകോടതിയില്‍ നിലവിലുള്ള സ്റ്റേ ഒഴിവാക്കാന്‍ അഡ്വകറ്റ് ജെനറലുമായി ആലോചിക്കും.

Sabarimala | ശബരിമല മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് വികസന അതോറിറ്റി രൂപീകരിക്കും; പ്രധാന സ്ഥലങ്ങളില്‍ ആര്‍ എഫ് ഐ ഡി സ്‌കാനറുകളും മറ്റും സ്ഥാപിക്കും

പമ്പ, നിലക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥിരമായി ഒരുക്കുന്നതിന് നടപടിയെടുക്കും. പത്തനംതിട്ടയിലും സമീപ ജില്ലകളിലും ഇടത്താവളമായി ഉപയോഗിക്കാവുന്ന പരമാവധി സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ഇവ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെര്‍ച്വല്‍ ക്യൂ ബുകിംഗിന് രെജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ ഫോണിലേക്ക് എസ് എം എസ് ആയി ലഭ്യമാക്കണം.

പമ്പാനദിയിലെ കോളിഫോം ബാക്ടീരിയ ഉള്‍പെടെയുള്ള മാലിന്യങ്ങളുടെ കൃത്യമായ ഉറവിടം കണ്ടെത്തി തടയുന്നതിന് പരിശോധനകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, വീണാ ജോര്‍ജ്, ആന്റണി രാജു, ചീഫ് സെക്രടറി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Keywords:  Development Authority will be constituted to coordinate and implement activities envisaged in Sabarimala Master Plan, Sabarimala, Sabarimala Temple, Shabarimala Pilgrims, Meeting, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia