ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്ററെ പൊലീസ് തടഞ്ഞു നിര്‍ത്തി കാറില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചു: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

 


കണ്ണൂര്‍: (www.kvartha.com 26.04.2020) മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പു നല്‍കിയ മുഖ്യമന്ത്രിയുടെ പാര്‍ട്ടി മുഖപത്രത്തിലെ ന്യൂസ് എഡിറ്റര്‍ക്ക് പൊലീസിന്റെ ക്രൂരമായ മര്‍ദനം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ പൊലീസ് കാറില്‍ നിന്നും വലിച്ചിറക്കി തല്ലി. കണ്ണൂര്‍ മുണ്ടയാട് ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്ന ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായിയെയാണ് ചക്കരക്കല്‍ പൊലീസ് മര്‍ദിച്ചത്.

ശനിയാഴ്ച രാവിലെ മുണ്ടയാട് റോഡില്‍ കാറില്‍ പോകവേ കടയിലുണ്ടായിരുന്നവരെ ലാത്തിവീശി വിരട്ടിയോടിക്കുന്നതിനിടെയാണ് സംഭവം. അത്യാവശ്യക്കാര്‍ക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകാമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മനോഹരന്‍ മോറായിയെ പൊലീസ് പൊതിരെ തല്ലിയെന്നാണ് പരാതി.

ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്ററെ പൊലീസ് തടഞ്ഞു നിര്‍ത്തി കാറില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചു: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കണ്ണൂരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് മനോഹരന്‍ മോറായി. ഇതു സംബന്ധിച്ച് ചക്കരക്കല്‍ പൊലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതിഷ് ചന്ദ്രയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചിട്ടില്ലെന്നും ഹോട്ട്‌സ്‌പോട്ടായ സ്ഥലത്തു കൂടെ സഞ്ചരിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ ഭാര്യയോട് പുറകില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി രംഗത്തുവന്നു.

യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ മനോഹരന്‍ മോറായിയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് മുഖ്യമന്ത്രിയും ഡി ജി പിയും ആവര്‍ത്തിച്ച് നിര്‍ദേശിച്ചിരിക്കെയാണ് ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചത്.

കൊവിഡ് ഭീതിക്കിടെ ജീവന്‍ പണയം വെച്ച് വാര്‍ത്താ ശേഖരണത്തിന് ഇറങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എ കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Keywords:  Deshabhimani Kannur unit news editor assaulted by police, Kannur, News, Police, attack, Media, Chief Minister, Pinarayi vijayan, Complaint, Kerala, Lockdown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia