Inquiry | വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കടന്നുപിടിച്ചെന്ന ആരോപണം: അറസ്റ്റിലായ പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി; കുറ്റം തെളിഞ്ഞാല്‍ തൊപ്പി തെറിച്ചേക്കും
Jan 28, 2023, 20:19 IST
കണ്ണൂര്‍: (www.kvartha.com) വീട്ടില്‍ അതിക്രമിച്ച് സ്ത്രീയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് റിപോര്‍ട് തേടി. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തുടങ്ങിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളിലെ പ്രതികളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്ന നടപടിയുടെ ഭാഗമായി ആരോപണവിധേയനായ പൊലീസുകാരന്റെയും തൊപ്പി തെറിച്ചേക്കുമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
കണ്ണൂര്‍ എആര്‍ കാംപിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ പിവി പ്രദീപനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കണ്ണൂര്‍ റൂറല്‍ പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരമാണ് വകുപ്പുതല അന്വേഷണമാരംഭിച്ചത്. കടുത്ത അച്ചടക്കലംഘനമാണ് കുറ്റാരോപിതനായ പൊലീസുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുളളതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. അതുകൊണ്ടു തന്നെ ഇയാള്‍ക്കെതിരെയുളള കുറ്റങ്ങള്‍ തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം.
പൊലീസ് സേനയ്ക്കും നാണക്കേടും തലവേദനയുമുണ്ടാക്കുന്ന നടപടിയാണ് സിവില്‍ പൊലീസ് ഓഫീസറുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുളളതെന്നാണ് വിലയിരുത്തല്‍. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ജാഗ്രതകാണിക്കുന്ന എല്‍ഡിഎഫ് സര്‍കാരിലെ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിലെ ഒരു പൊലീസുകാരന്‍ സ്ത്രീക്കെതിരെ കടന്നാക്രമണം നടത്തിയെന്ന പരാതി ആഭ്യന്തരവകുപ്പ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
സംഭവത്തില്‍ ആഭ്യന്തര വകുപ്പ് റൂറല്‍ പൊലീസ് മേധാവിയോട് റിപോര്‍ട് തേടിയിട്ടുണ്ട്. പിവി പ്രദീപനെതിരെ നേരത്തെ കണ്ണൂരിലും ഇതിനു സമാനമായ നാലുകേസുണ്ടായിട്ടുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
മദ്യത്തിന് അടിമയായ മറ്റു ചില സംഭവങ്ങളിലും സേനയ്ക്കു അപമാനമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നാണ് പറയുന്നത്. കാഞ്ഞങ്ങാട്ടെ വീട്ടില്‍ കയറി കഴിഞ്ഞ ദിവസം സ്ത്രീയെ കടന്നുപിടിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നതിനാണ് പ്രദീപനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
യുവതി ചെറുത്തു നില്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട ഇയാളെ പിന്നീട് ഹൊസ്ദുര്‍ഗ് പൊലീസ് ജാമ്യമില്ലാകുറ്റം ചുമത്തി അറസ്റ്റുചെയ്തുവെന്നാണ് വിവരം.
എന്നാല്‍ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്നു പറഞ്ഞതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ താന്‍ കടംവാങ്ങിയ പണം ചോദിച്ചെത്തിയതാണെന്നാണ് പിവി പ്രദീപന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുളളത്.
സ്ത്രീ തനിക്കെതിരെ കളളപരാതി നല്‍കുകയായിരുന്നുവെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. ഇതിനെകുറിച്ചും പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മദ്യലഹരിയിലാണ് പൊലീസുകാരന്‍ സ്ത്രീയുടെ വീട്ടിലെത്തിയതാണെന്നാണ് സൂചന.
Keywords: Departmental inquiry started against arrested policeman, Kannur, News, Molestation attempt, Complaint, Police, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.