CBI Probe | ടി പി വധക്കേസില്‍ സിബിഐ എത്തുമോ? ഉറച്ച നീക്കങ്ങളുമായി കെ കെ രമ; വടകരയില്‍ സിപിഎമ്മിന് നെഞ്ചിടിപ്പേറുന്നു

 

_ഭാമനാവത്ത്_

കണ്ണൂര്‍: (KVARTHA) ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും ആഞ്ഞടിച്ച് ആര്‍.എം.പി.ഐ നേതാവും വടകര മണ്ഡലം എം.എല്‍.എയുമായ കെ.കെ രമയെത്തിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. ആറിത്തണുത്തുവെന്നു പാര്‍ട്ടി കരുതിയ ടി.പി വധക്കേസ് ഹൈക്കോടതി വിധിയുടെ പശ്ചാലത്തില്‍ വീണ്ടും അതീവ ശക്തമായി കുരുക്കായി മാറിയിരിക്കുകയാണ്.

CBI Probe | ടി പി വധക്കേസില്‍ സിബിഐ എത്തുമോ? ഉറച്ച നീക്കങ്ങളുമായി കെ കെ രമ; വടകരയില്‍ സിപിഎമ്മിന് നെഞ്ചിടിപ്പേറുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ വിഷയം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്. പുതിയ കോടതി വിധിയുടെ പശ്ചാലത്തില്‍ കേസില്‍ ഗൂഡാലോചന തെളിയിക്കാന്‍ സുപ്രീം കോടതിയിലേക്ക് പോകാനുളള തയ്യാറെടുപ്പിലാണ് ആര്‍.എം.പി.ഐ.

കെ.കെ ശൈലജയെന്ന കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ ഇറക്കി വടകര മണ്ഡലം തിരിച്ചു പിടിക്കാന്‍ ഒരുങ്ങുന്ന സിപിഎമ്മിന് ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ വന്‍തിരിച്ചടിയായി മാറിയിരിക്കുകയാണ്.

കോഴിക്കോടുളള ടി.പിയെ കൊല്ലാന്‍ കണ്ണൂരില്‍ നിന്നും കൊടി സുനിയും സംഘവുമെത്തിയത് സി.പി.എം നേതൃത്വത്തിന്റെ ആസൂത്രണത്തിന്റെ തെളിവാണെന്നാണ് കെ.കെ രമയുടെ ആരോപണം. ടി.പി ചന്ദ്രശേഖരന്‍ വധം അന്നു പാര്‍ട്ടിക്കെതിരെ ഉള്‍പാര്‍ട്ടി സമരം നടത്തിയ വി. എസ് അച്യുതാനന്ദന് കൂടിയുളള താക്കീതായിരുന്നുവെന്നാണ് രമ പറയുന്നത്.

വധഗൂഡാലോചനയില്‍ അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പങ്ക് എടുത്തുപറഞ്ഞ കെ.കെ രമ ഫോണ്‍ വിവരങ്ങളില്‍ നിന്നടക്കമുളള തെളിവുകള്‍ കിട്ടാന്‍ സി.ബി. ഐ അന്വേഷണം വേണമെന്നും അതിനായി ശ്രമം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടി.പി കേസില്‍ സി.ബി. ഐ വരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ടി.പി കേസില്‍ സി.ബി. ഐ അന്വേഷണ സാധ്യത ഇനിയും അടങ്ങിയിട്ടില്ലെന്നാണ് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുളളവര്‍ പറയുന്നത്. ഗൂഡാലോചന നടത്തിയവരെ മുഴുവന്‍ പുറത്തുകൊണ്ടു വരണമെന്നാണ് ആര്‍. എം.പി. ഐയുടെ നിലപാട്.

ടി.പി കേസില്‍ രണ്ടു സി.പി. എം നേതാക്കളെ കൂടി കുറ്റക്കാരാെന്നു കണ്ടെത്തിയ ഹൈക്കോടതി 26-നകം പറയാനിരിക്കുന്ന ശിക്ഷാവിധി നിര്‍ണായകമാണ്. സി.ബി. ഐ എത്തിയാലും ഇല്ലെങ്കിലും ആര്‍. എം.പി. ഐയുടെ ശക്തികേന്ദ്രമായ വടകരയില്‍ ടി.പി ഫാക്റ്റര്‍ വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

2009,2014 വര്‍ഷങ്ങളില്‍ മുല്ലപ്പളളി രാമചന്ദ്രനും 2019-ല്‍ കെ.മുരളീധരനും ജയിച്ചു കയറിയത് ആര്‍. എം.പി. ഐ വോട്ടുകള്‍ കൂടി ലഭിച്ചതു കൊണ്ടാണ്. ഇതാണ് സി.പി. എമ്മിനെ ആശങ്കയിലാഴ്ത്തുന്നത്.

Keywords: TP Chandrasekharan, CPM, LDF, Politics, Lok Sabha Election, Kannur, K K Rama, Murder Case, Demands for CBI probe in TP Chandrasekharan murder case. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia