Demand | ലോക്‌സഭ തിരഞ്ഞെടുപ്പ്: വെള്ളിയാഴ്ച വോടെടുപ്പ് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് വിവിധ സംഘടനകൾ; തീയതി മാറ്റണമെന്ന് ആവശ്യം; തിരഞ്ഞെടുപ്പ് കമീഷനും പരാതി അയച്ചു
Mar 17, 2024, 16:26 IST
കോഴിക്കോട്: (KVARTHA) കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പ് വെള്ളിയാഴ്ച നടത്തുന്നതിനെതിരെ പരാതിയുമായി വിവിധ സംഘടനകളും മുസ്ലിം ലീഗും രംഗത്ത്. വെള്ളിയാഴ്ചയിലെ പോളിംഗ് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് നേതാക്കൾ പറയുന്നു. തിരഞ്ഞെടുപ്പിന് നിയോഗിക്കുന്ന മുസ്‌ലിം ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞ് സാമഗ്രികൾ തിരിച്ചേൽപ്പിക്കാതെ പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ജുമുഅ നമസ്‌കാരത്തിന് തടസം നേരിടുമെന്നും ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പാർടികളുടെ പോളിങ് ഏജന്റുമാർക്കും ബൂത് ഏജന്റുമാർക്കും സമാന അവസ്ഥ നേരിടേണ്ടി വരും. കൂടാതെ പോളിങ് കുറയുമെന്ന ആശങ്കയും രാഷ്ട്രീയ പാർടികൾക്കുണ്ട്.
കേരളത്തിലെ വോടെടുപ്പ് തീയതി മാറ്റണമെന്നും വെള്ളിയാഴ്ച പോളിങ് നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നും വ്യക്തമാക്കി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജെനറല്‍ സെക്രടറി കാന്തപുരം എ പി അബൂബകർ മുസ്‍ലിയാര്‍ തിരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിനിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്‍രി മുത്തുക്കോയ തങ്ങളും ജെനറല്‍ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും തിരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു.
വെള്ളിയാഴ്ച ദിവസം വോടെടുപ്പ് പ്രഖ്യാപിച്ച നടപടി വോടർമാരും തിരഞ്ഞെടുപ്പ് ഡ്യൂടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജെനറൽ സെക്രടറി പിഎംഎ സലാം പറഞ്ഞു. വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ദിവസമാണ്. കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോടെടുപ്പിന് തിരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പിഎംഎ സലാം അറിയിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂടിയുള്ള മുസ്‌ലിം ജീവനക്കാർക്ക് സുപ്രധാന ആരാധനയായ ജുമുഅയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാവുമെന്നും തിരഞ്ഞെടുപ്പ് മറ്റൊരുദിവസത്തേക്ക് മാറ്റണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (SEU) സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ്, ജെനറൽ സെക്രടറി ആമിർ കോഡൂർ എന്നിവരും ആവശ്യപ്പെട്ടു. തിഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന ആവശ്യം കേരള മുസ്‌ലിം ജമാഅത്, എസ്‌കെഎസ്എസ്എഫ്, വിസ്ഡം തുടങ്ങിയ സംഘടനകളും ഉന്നയിച്ചിട്ടുണ്ട്.
Keywords: Lok Sabha Election, Politics, Samastha, Kerala, Kozhikode, Polling, Muslim League, Kanthapuram, Election Commission, Demand to postpone Lok Sabha election scheduled for April 26.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.