Train | വന്ദേ ഭാരത് വന്നപ്പോൾ സാധാരണ യാത്രക്കാർക്ക് അശുഭയാത്ര; മെമു സർവീസ് തിരക്കുള്ള സമയങ്ങളിൽ വേണമെന്ന ആവശ്യം ശക്തമായി

 


കണ്ണൂർ: (KVARTHA) വന്ദേ ഭാരതിന് വേണ്ടി സാധാരണക്കാരുടെ യാത്രാസൗകര്യം ഇല്ലാതാക്കിയതോടെ ജനകീയ ട്രെയിനുകളിൽ കാൽ കുത്താനാവാത്ത അവസ്ഥയിൽ യാത്രക്കാർ. മാവേലി, മലബാർ, പരശുറാം, എക്സിക്യൂടീവ് ട്രെയിനുകളിലാണ് ഈ ദുരവസ്ഥ. ഇതിലെ ജെനറൽ കംപാർടുമെന്റുകളിൽ കയറി ശ്വാസം മുട്ടുന്ന യാത്രക്കാരിൽ പലരും ശ്വാസം മുട്ടി കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഉത്തരേൻഡ്യയിലെ പോലെ ട്രെയിൻ വാതിലിനടുത്ത് തൂങ്ങി അപകടകരമായി യാത്ര ചെയ്യുന്നവരുമുണ്ട്.\
Train | വന്ദേ ഭാരത് വന്നപ്പോൾ സാധാരണ യാത്രക്കാർക്ക് അശുഭയാത്ര; മെമു സർവീസ് തിരക്കുള്ള സമയങ്ങളിൽ വേണമെന്ന ആവശ്യം ശക്തമായി

ഇതിനിടെയാണ് തിരക്കിൽ ശ്വാസംമുട്ടുന്ന ജെനറൽ കോചുകളിൽ സ്ത്രീകൾക്കുനേരേ ലൈംഗികാതിക്രമങ്ങളും നടക്കുന്നത്. 20 ദിവസത്തിനിടെ കാസർകോടിനും കോഴിക്കോടിനും ഇടയിൽ ഇത്തരം ആറ് കേസുകളെടുത്തിട്ടുണ്ട്. കേസിന് പോകാൻ മടിച്ച് പരാതി നൽകാത്ത സംഭവങ്ങൾ വേറെയുമുണ്ട്. ദക്ഷിണ റെയിൽവേയിൽ സ്ത്രീയാത്രക്കാർക്ക് നേരേയുണ്ടായ ലൈംഗികാതിക്രമങ്ങൾ കൂടുതൽ നടന്നത് കേരളത്തിലെ ഡിവിഷനുകളിലാണ്. മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത 313 കേസുകളിൽ 261 കേരളത്തിലായിരുന്നു.

ശനിയാഴ്ച രാത്രി എക്‌സിക്യൂടീവ് എക്‌സ്‌പ്രസിൽ (16307) ജെനറൽ കോചിൽ രണ്ടു യുവതികൾക്ക് നേരേ അതിക്രമം നടന്നതായി പരാതി ഉയർന്നു. തലശേരിക്കടുത്തായിരുന്നു സംഭവം. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂർ-ഷൊർണൂർ എക്‌സ്‌പ്രസിൽ (06456) യുവതിക്കുനേരേ ഉച്ചയ്ക്ക് ഒരാൾ ലൈംഗികപ്രദർശനം നടത്തിയതായും കേസുണ്ട്. ദൃശ്യം യുവതി ഫോണിൽ പകർത്തി കണ്ണൂർ റെയിൽവേ പൊലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തു.

10-ന് രാത്രി വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസിലെ (22637) ജെനറൽ കോചിലെ യാത്രക്കാരൻ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന മറ്റൊരു പരാതിയുമുണ്ട്. കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയാണ് അതിക്രമം നേരിട്ടത്. എഗ്മോർ എക്‌സ്‌പ്രസിൽ (16160) നീലേശ്വരത്തേക്ക് യാത്ര ചെയ്യവെ യാത്രക്കാരൻ യുവതിയുടെ ശരീരത്തിൽ സ്പർശിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഉത്തര മലബാറിലെ യാത്രാ ദുരിതത്തിന് അറുതി വരുത്താൻ കോഴിക്കോട്-കാസർകോട് റൂടിൽ തിരക്കുള്ള സമയം മെമു ഓടിക്കണമെന്ന നിർദേശമാണ് ഇപ്പോൾ എം പിമാർ ഉൾപെടെ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കേരളത്തിലേക്ക് ത്രീ ഫെയ്സ് മെമുവിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. വന്ദേഭാരത് റേകും മെമു റേകും നിർമാണസാങ്കേതികത തുല്യമാണ്. ഐസിഎഫ് അടക്കം വന്ദേഭാരത് റേക് നിർമാണത്തിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. മെമു റേക് നിർമാണം വെട്ടിച്ചുരുക്കിയിരിയുകയാണ്.

നേരത്തേ ഓടിയിരുന്ന കണ്ണൂർ-മംഗ്ളൂരു-കണ്ണൂർ മെമു കോച് കൊല്ലം ഷെഡിൽനിന്ന് തിരുച്ചിറപ്പള്ളിയിൽ എത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് തിരുച്ചിറപ്പള്ളിയിലെ ഷെഡിൽ എത്തിച്ചത്. ഒരുവർഷം ശരാശരി 2.80 കോടി യാത്രക്കാർ കണ്ണൂർ-കാസർകോട് ജില്ലകളിൽനിന്ന് ട്രെയിൻ യാത്ര ചെയ്യുന്നുണ്ട്. വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽനിന്നുള്ള 53.01 ലക്ഷം യാത്രക്കാരെ കൂടാതെയാണിത്. യാത്രാക്കൂലിയായി വർഷാവർഷം തുക വർധിക്കുമ്പോൾ പാളത്തിൽ വികസനം കാണാനില്ലെന്ന പരാതിയാണ് യാത്രക്കാർക്കുള്ളത്.

Train | വന്ദേ ഭാരത് വന്നപ്പോൾ സാധാരണ യാത്രക്കാർക്ക് അശുഭയാത്ര; മെമു സർവീസ് തിരക്കുള്ള സമയങ്ങളിൽ വേണമെന്ന ആവശ്യം ശക്തമായി

കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകളും വടകര, കൊയിലാണ്ടി സ്റ്റേഷനുകളും ഉൾപ്പെടെ ശരാശരി ഒരുവർഷം 331 കോടി രൂപയാണ് വരുമാനം. എന്നാൽ മെമു വണ്ടികളുടെ കുറവും എക്സ്‌പ്രസ് വണ്ടികളിൽ ജെനറൽ കോച് കുറയ്ക്കുന്നതും യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ്. തൊഴിലിനായി ദിവസവും യാത്ര ചെയ്യുന്നവർക്കായി ഹ്രസ്വദൂര തീവണ്ടികൾ ഓടിക്കാൻ കേരളത്തിലെ എംപി.മാർ കൂട്ടായി ആവശ്യപ്പെടണമെന്നും റെയിൽവേ പാസൻജേഴ്സ് ഭാരവാഹികൾ പറയുന്നു.

Keywords: News, Kerala, Train, Railway, MEMU, Kannur, Kasaragod, Calicut, Demand for MEMU service during peak hours.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia