Police Justification | കുമ്പളയില്‍ പ്ലസ്ടു വിദ്യാര്‍ഥി കാര്‍ അപകടത്തില്‍ മരിച്ച സംഭവം; വിവാദങ്ങള്‍ക്കിടെ ന്യായീകരണ കാപ്സൂളുമായി പൊലീസ് അസോസിയേഷന്‍; 'ലൈസന്‍സ് എടുക്കാനുളള പ്രായം പോലുമില്ലാത്ത ബാലന് വാഹനം നല്‍കി അയച്ച ഉടമകള്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കേണ്ടത്'
Sep 2, 2023, 08:44 IST
കണ്ണൂര്‍: (www.kvartha.com) കാസര്‍കോട് കുമ്പളയില്‍ കാര്‍ അപകടത്തില്‍പെട്ട് പ്ലസ്ടു വിദ്യാര്‍ഥി മുഹമ്മദ് ഫര്‍ഹാസ്(17) മരിച്ച സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് അസോസിയേഷന്‍. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രടറി സി ആര്‍ ബിജുവാണ് രംഗത്തു വന്നത്.
മുഹമ്മദ് ഫര്‍ഹാസിന്റെ മരണം വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടു തന്നെ ഈസംഭവത്തെ പൊലിസിന് എതിരായി ചിത്രീകരിക്കുന്നത് ഖേദകരമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ വിശദമായ പ്രസ്താവന തുടങ്ങുന്നത്. ഒരു സ്‌കൂളിന് സമീപം വാതിലുകള്‍ തുറന്നിട്ട നിലയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ഒരു കാര്‍ കാണുമ്പോള്‍ പട്രോളിങ് നടത്തിവരുന്ന ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തി പരിശോധിക്കുക സ്വാഭാവികമാണ്. പരിശോധനയ്ക്ക് വിധേയമാകാതെ പൊലിസ് വാഹനത്തെയും ഇടിച്ചു മുന്‍പോട്ടു പായുന്നത് അസ്വാഭാവികം മാത്രമല്ല. ദുരൂഹവുമാണ്.
സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിവ്യാപാരം ഉള്‍പെടെ തടഞ്ഞ് നമ്മുടെ പിഞ്ചോമനകളുടെ സുരക്ഷിതത്തിന് വലിയ പ്രാധാന്യം നല്‍കി പൊലീസ് പ്രവര്‍ത്തിച്ചുവരുന്ന ഈകാലഘട്ടത്തില്‍ ഈ കാറിനുളളില്‍ ആര്, കാറിനുളളില്‍ എന്ത്, എന്നത് മനസിലാക്കി നടപടി സ്വീകരിക്കുകയെന്നത് പൊലീസിന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണ്. സമീപകാലത്ത് ഇത്തരം പരിശോധനകളിലൂടെയാണ് നാടിനെ തകര്‍ക്കാന്‍ കൊണ്ടുവന്ന ഒട്ടേറെ മയക്കുമരുന്ന് കേസുകള്‍ പൊലിസ് പിടിച്ചത്.
പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന വാദം പോലും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. അതിനായി ചിലര്‍ സമരവും നടത്തുന്നു. യഥാര്‍ഥത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്. പക്വതയെത്താത്ത, ഡ്രൈവിങ് ലൈസന്‍സ് ഇല്ലായെന്ന് മാത്രമല്ല ലൈസന്‍സ് എടുക്കാനുളള പ്രായം പോലുമില്ലാത്ത ബാലന് വാഹനം നല്‍കി അയച്ച വാഹന ഉടമകള്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കേണ്ടത്. തിരിച്ചറിവിലേക്ക് എത്താത്ത പ്രായത്തില്‍ ആ പിഞ്ചുമകനെ മരണത്തിലേക്ക് തളളിവിട്ടത് അവരാണെന്നും പ്രസ്താവനയില്‍ സി ആര്‍ ബിജു ചൂണ്ടിക്കാട്ടി.
Keywords: News, Kerala, Kerala-News, Kasaragod-News, Police-News, Kumbala News, Kasaragod News, Car Accident, Plus Two Student, Death, Police, Death of Plus Two student in Kumbala; Police association with justification.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.