Guidelines | മരണാനന്തരം മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതിനുള്ള നടപടി ക്രമങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം 

 
Guidelines for body donation in Kerala
Guidelines for body donation in Kerala

Representational image generated by Meta AI

● 1980 സെപ്റ്റംബർ 28നാണ് കേരളത്തിൽ ആദ്യമായി ശരീരദാനം നടന്നത്.
● നിശ്ചിത ഫോറത്തിൽ സമ്മതപത്രം സമർപ്പിക്കേണ്ടതുണ്ട്. 
● കുടുംബത്തിന്റെയും ബന്ധുക്കളുടെയും സമ്മതം ആവശ്യമാണ്.

മിന്റാ മരിയ തോമസ്

(KVARTHA) മരണ ശേഷം നിരവധി പേർ അവരുടെ ശരീരങ്ങൾ മെഡിക്കൽ കോളജുകൾക്ക് നൽകാറുണ്ട്. പലപ്പോഴും അവരൊന്നും അത്രകണ്ട് അറിയപ്പെടുന്നവരാകില്ല. ഇതുപോലെ മരണ ശേഷം തൻ്റെ ശരീരങ്ങൾ മെഡിക്കൽ കോളജുകൾക്ക് നൽകാൻ താൽപര്യപ്പെടുന്നവരുമുണ്ട്. സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മരണപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ ഭൗതീക ശരീരം വൈദ്യശാസ്ത്ര പഠനത്തിനായി ആശുപത്രി അധികൃതരെ ഏൽപിക്കുകയായിരുന്നു. അതുപോലെ തന്നെ കഴിഞ്ഞ ദിവസം മുൻ എൽ.ഡി.എഫ് കൺവീനറും സി.പി.എമ്മിൻ്റെ തല മുതിർന്ന നേതാവുമായിരുന്ന എം.എം.ലോറൻസ് മരണപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മൃതശരീരം മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങൾ ഉണ്ടായി. 

മകൾ ഇതിന് എതിരു നിന്നതായിരുന്നു വിവാദമായത്. ലോറൻസിൻ്റെ മകൾ ആശാ ലോറൻസ് പിതാവിൻ്റെ ശരീരം പള്ളിയിൽ അടക്കം ചെയ്യണമെന്ന് പറഞ്ഞത് തർക്കമുണ്ടാക്കിയിരിക്കുകയാണ്.  ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. എം.എം.ലോറൻസ് എന്ന നേതാവിൻ്റെ കുടുംബപ്രശ്നമായി മാറികഴിഞ്ഞു. എം.എം ലോറൻസ് മരണം വരെ കമ്മ്യൂണിസ്റ്റ്‌ ആയി ജീവിച്ചിരുന്ന ആളാണ്. അങ്ങനെ ഒരാൾ മരിച്ചു കഴിഞ്ഞു പുള്ളിക്ക് ഒട്ടും ഇഷ്ടപ്പെടാൻ സാധ്യത ഇല്ലാത്ത പള്ളിയിൽ കൊണ്ട് പോയി അടക്കണം എന്നൊക്കെ പറയുന്നത് ചുമ്മാ ചീപ് ഷോ കാണിക്കൽ ആണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനവുമുണ്ട്. 

എന്തായാലും കുടുംബ പ്രശ്നം കുടുംബ പ്രശ്നമായി തന്നെ കിടക്കട്ടെ. എന്നാൽ ഈ വിഷയം ചർച്ചയായ സ്ഥിതിയ്ക്ക് മരണാനന്തരം മൃതദേഹം മെഡിക്കൽ കോളജിന് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ എന്തെല്ലാം എന്ന് പൊതുസമൂഹം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ആ അറിവ് പകരുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. 'കേരളത്തിൽ ആദ്യമായി ശരീരദാനം നടത്തിയ വ്യക്തി ആര്?' എന്ന് തുടങ്ങുന്ന ഈ കുറിപ്പ് ശ്രദ്ധിക്കേണ്ടതാണ്.

കുറിപ്പിൽ പറയുന്നത്: ഓരോ മൃതദേഹവും ഓരോ ഗുരുവെന്നാണ് പ്രമുഖ വൈദ്യശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യശാസ്ത്ര പഠനത്തിനായി വരുന്ന കുട്ടികൾ ഈ ശരീര (കഡാവർ) ഭാഗങ്ങൾ കണ്ടും തൊട്ടും കീറിയുമൊക്കെയാണ് മനുഷ്യ ശരീരത്തെക്കുറിച്ച് പഠിക്കുന്നത്. വൈദ്യശാസ്ത്ര പഠനത്തിന് കഡാവറുകൾ അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. ജീവിച്ചിരിക്കുമ്പോഴേ തൻ്റെ ഭൗതിക ശരീരം പഠിക്കാൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകണമെന്ന കാര്യം ബന്ധുമിത്രാദികളുമായി പങ്കുവയ്ക്കുക. അതിനുള്ള ആഗ്രഹവും, സമ്മതവും വേണ്ടപ്പെട്ടവരെ വിശദമായി അറിയിക്കുക. 

പെട്ടെന്നുള്ള മരണം ആർക്കും സംഭവിക്കാം. അങ്ങനെയാണെങ്കിൽ നിങ്ങളുടെ ബന്ധുക്കൾക്ക് താല്പര്യമുണ്ടെങ്കിൽ അടുത്തുള്ള മെഡിക്കൽ കോളജിനെ രേഖാ മൂലം വിവരമറിയിച്ചാൽ മൃതദേഹം കൈമാറാവുന്നതാണ്. ഇതല്ലാതെ മറ്റൊരു രീതിയിലും ശരീരം കൈമാറാനുള്ള നടപടിക്രമങ്ങളുണ്ട്. മൃതദേഹം ദാനം ചെയ്യുവാൻ താത്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിലുള്ള സമ്മതപത്രം 100 രൂപയുടെ മുദ്രപത്രത്തിൽ രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തി മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്‌ നൽകിയാൽ മതി. ദാതാവിന്റെ അനന്തരാവകാശികളായ ഉറ്റബന്ധുക്കളുടെ സമ്മതം നിർബന്ധമായും ഉണ്ടായിരിക്കണം. രണ്ട് സാക്ഷികൾ പേര് സഹിതം ഒപ്പ് വെക്കണം. 

ബന്ധുക്കൾ ഇല്ലാത്ത പക്ഷം അക്കാര്യം വ്യക്തമാക്കിയിരിക്കണം. (ദാതാവിന്റെയും അടുത്ത ബന്ധുവിന്‍റെയും ഓരോ പാസ്പോർട്ട് സൈസ് ഫോട്ടോകളും, ദാതാവിന്റെ വിവരമടങ്ങിയ റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് സഹിതം). മരണാനന്തരം മൃതശരീരദാന സമ്മതപത്രം ആശുപത്രിയിൽ നല്കിയാൽ മെഡിക്കൽ കോളേജ് ആശുപത്രി അധികാരികളിൽ നിന്ന് സ്വന്തം ഡയറിയിലോ പോക്കറ്റിലോ സൂക്ഷിക്കുന്നതിന്‌ ഒരു തിരിച്ചറിയൽ രേഖ നൽകുന്നതാണ്‌. മരണാനന്തരം മൃതശരീരം സ്വന്തം ചിലവിൽ അതാത് മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടതാണ്. 

കൂടുതൽ വൈകുകയാണെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുക. മരണാനന്തര ക്രിയകൾ ചെയ്യുകയാണെങ്കിൽ ആ വിധ എല്ലാ കർമ്മങ്ങൾക്കും ശേഷം മൃതശരീരം കൈമാറിയാലും മതി. മൃതശരീരം കൊണ്ടു പോകേണ്ട സമയം കൃത്യമായി അധികൃതരെ അറിയിക്കുക. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനുതകുന്ന മൃതദേഹങ്ങൾ അനാട്ടമി (ശരീര ശാസ്ത്ര വിഭാഗം) ഡിപ്പാർട്ടുമെന്റാണ് സ്വീകരിക്കുന്നത്. (എന്നാൽ പകർച്ചവ്യാധി പിടിപ്പെട്ടതും, അഴുകി തുടങ്ങിയതും, പോസ്റ്റു മോർട്ടം നടത്തിയതുമായവ സ്വീകരിക്കില്ല). 

മൃതദേഹം ദാനം ചെയ്യുവാൻ താത്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിലുള്ള സമ്മതപത്രം താഴെ പറയുന്ന മെഡിക്കൽ കോളേജുകളിലെ ഫോൺ നമ്പറുകളിൽ അനാട്ടമി വിഭാഗത്തിലോ അതാത്‌ ആശുപത്രികളിലെ പ്രിൻസിപ്പാളിനോ അഡ്മിനിസ്ട്രേറ്റിവ്‌ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്‌. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നീ സർക്കാർ മെഡിക്കൽ കോളജുകളിൽ സമ്മതപത്രം നൽകാവുന്നതാണ്. 

1980 സെപ്റ്റംബർ 28നാണ് കേരളത്തിൽ ആദ്യമായി ശരീരദാനം നടന്നത്. കോഴിക്കോട് ഇരിങ്ങൽ സ്വദേശിയും, മാഹി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഇരിങ്ങൽ കൃഷ്ണൻ തന്റെ അമ്മ കെ. കല്യാണിയുടെ ശരീരം കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ടുനൽകി. തുടർന്നുള്ള ശരീര, അവയവദാനങ്ങൾക്കു ഈ മാതൃക പ്രചോദനമായി. രാജ്യത്ത് ഏറ്റവും കൂടുതൽ ദേഹദാനം നടക്കുന്നത് കേരളത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ പല പ്രമുഖ നേതാക്കളും അവരുടെ ദേഹം പഠനാവശ്യത്തിനായി നൽകിയിട്ടുണ്ട്. 

ബംഗാൾ മുൻ മുഖ്യമന്ത്രിമാരായ ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ, ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി, ജനസംഘം നേതാവ് നാനാജി ദേശ്മുഖ്, മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണി, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡൻ്റ് ഡോ. എ അച്യുതന്‍, വനിതാ കമ്മിഷൻ മുൻ ചെയർപേഴ്സൺ ജോസഫൈൻ തുടങ്ങിയവരാണ് ശരീരം മെഡിക്കൽ കോളജുകൾക്ക് നല്കിയ മുന്‍ മാതൃകകള്‍. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപ്പകം യെച്ചൂരിയുടെ മൃതദേഹവും അവരുടെ ആഗ്രഹപ്രകാരം എയിംസിന് 2021ൽ കൈമാറിയിരുന്നു. 

കൂടാതെ അധികമൊന്നും അറിയപ്പെടാത്ത നിരവധി പേർ അവരുടെ ശരീരങ്ങൾ മെഡിക്കൽ കോളജുകൾക്ക് നൽകാറുണ്ട്. മതപരമായ ആശയങ്ങളോട് വിയോജിപ്പ് ഉള്ളവരാണ് ധാരാളമായി മരണശേഷം തങ്ങളുടെ ദേഹം ഹോസ്പിറ്റലുകൾക്ക് മറ്റും നൽകുന്നത്. ഇന്ന് ഒരുപാട് പേർ ഇതിൽ താല്പര്യപ്പെട്ട് രംഗത്തുവരുന്നുണ്ടെന്നതാണ് സത്യം. അത് ഒരു പരിധിവരെ നല്ല സന്ദേശവുമാണ്'. 

മരണശേഷം തങ്ങളുടെ ശരീരവും അയവങ്ങളും ആർക്കെങ്കിലും ഉപകാരപ്പെടുമല്ലോ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ടെന്നതാണ് സത്യം. മതാനുഷ്ഠാനുങ്ങളിൽ താല്പര്യമുള്ളവർ പോലും ഇന്ന് ആ രീതിയിലേയ്ക്ക് ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നതാണ് ചിന്തിക്കേണ്ട വസ്തുത. പൊതുവായ ഈ അറിവ് അങ്ങനെയുള്ളവർക്ക് ഉപകരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. ഇത് കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ ശ്രദ്ധിക്കുന്നതും നന്നായിരിക്കും.

#BodyDonation #MedicalGuidelines #ConsentProcess #HealthEducation #CommunitySupport #EthicalDonation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia