Obituary | ഇരിക്കൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച വിദ്യാര്‍ഥിനികള്‍ക്ക് നാടിന്റെ യാത്രാമൊഴി
ഇരുവരുടെയും ഭൗതികശരീരം സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിച്ചു
നഷ്ടമായത് ഇരിക്കൂര്‍ സിക്ബാ കോളജിലെ അവസാന വര്‍ഷ ബി എ സൈകോളജി വിദ്യാര്‍ഥിനികളുടെ ജീവനുകള്‍
കണ്ണൂര്‍: (KVARTHA) പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പടിയൂര്‍ പൂവം കടവില്‍ ഒഴുക്കിപ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥിനികള്‍ക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്കുശേഷം ഇരുവരുടെയും ഭൗതികശരീരം സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിച്ചു.
40 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്നും 300മീറ്ററോളം അകലെയായി ദേശീയ ദുരന്ത നിവാരണ സേനയാണ് മൃതദേഹം വീണ്ടെടുത്തത്. ഇരിക്കൂര്‍ സിക്ബാ കോളജിലെ അവസാന വര്‍ഷ ബി എ സൈകോളജി വിദ്യാര്‍ഥിനി എടയന്നൂരിലെ ഹഫ്സത്ത് മന്‍സിലില്‍ ശഹര്‍ബാന(28), ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ സൂര്യ (23)എന്നിവരെയായിരുന്നു ഒഴുക്കില്‍പ്പെട്ട് കാണാതായത്.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ പടിയൂര്‍ പൂവത്തെ സഹപാഠിയുടെ വീട്ടിലെത്തി അവിടെ നിന്നും പുഴക്കടവില്‍ എത്തിയപ്പോഴായിരുന്നു അപകടം. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ബുധനാഴ്ച രാത്രി വരെയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ അഗ്‌നി രക്ഷാസേനയുടെ സ്‌കൂബാ സംഘം പുഴയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബുധനാഴ്ച രാത്രിയോടെ എത്തിയ 30 അംഗ ദേശീയ ദുരന്ത നിവാരണ സേന വ്യാഴാഴ്ച രാവിലെ ആറു മണിയോടെ തിരച്ചില്‍ ആരംഭിച്ചു. പുഴയിലെ അടിയൊഴുക്ക് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പെട്ട സംഘം കൂറ്റന്‍ മോടോറുകള്‍ ഘടിപ്പിച്ച ഡിങ്കികളില്‍ പുഴയില്‍ അടിത്തട്ടിലോളം എത്തുന്ന വിധം ഓളങ്ങള്‍ ഉണ്ടാക്കി വിവിധ സംഘങ്ങളായി തിരച്ചില്‍ തുടങ്ങി. രണ്ട് മണിക്കൂറോളമുള്ള ശ്രമത്തിനൊടുവില്‍ ആദ്യം ശഹര്‍ബാനയുടെ മൃതദേഹം പൊന്തി വരികയായിരുന്നു. ഉടന്‍ തന്നെ കരയ്ക്കെത്തിച്ച മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. അപകട സമയത്ത് പുഴയില്‍ മത്സ്യം പിടിക്കുന്നവരുടെ വലയില്‍ കുടുങ്ങിയ ഭാഗത്തുനിന്നു തന്നെയാണ് മൃതദേഹം പൊന്തിവന്നത്.
ശഹര്‍ബാനയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തന്നെ സൂര്യയേയും കണ്ടെത്താനാകുമെന്ന നിഗമനത്തില്‍ മണിക്കൂറുകളോളം തിരച്ചില്‍ തുടര്‍ന്നു. ഉച്ചക്ക് 12മണിയോടെ അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്നാണ് സൂര്യയുടെ മൃതദേഹം കണ്ടെത്തുന്നത്. ശഹര്‍ബാനയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്തുനിന്നും 50 മീറ്ററോളം മാറി പാറക്കെട്ടുകള്‍ക്ക് സമീപമാണ് സൂര്യയുടെ മൃതദേഹം പൊന്തി വന്നത്. ഉടന്‍ തന്നെ കരയ്ക്കെത്തിച്ച് കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ പ്രദീഷിന്റെയും സൗമ്യയുടേയും മകളാണ് മരിച്ച സൂര്യ. ഏക സഹോദരി ശ്രീബാല (പ്ലസ് വണ്‍ വിദ്യാര്‍ഥിനി).
എടയന്നൂര്‍ ഹഫ്സത്ത് മന്‍സില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും ഹഫ്സത്തിന്റെയും മകളാണ് മരിച്ച ശഹര്‍ബാന. ഭര്‍ത്താവ്: ശഫീഖ് (ചെന്നൈ). സഹോദരങ്ങള്‍: ആഇശ, ശുഐബ്.
പഴശി പദ്ധതിയില്‍ ഷട്ടര്‍ അടച്ചതോടെ ഇതിനിടയില്‍ ജലനിരപ്പും ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. എ ഡി എം നവീന്‍ ബാബുവിന്റെയും ഇരിട്ടി തഹസില്‍ദാര്‍ വിഎസ് ലാലിമോളിന്റെയും നേതൃത്വത്തിലുള്ള റവന്യൂ സംഘം ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ റിസര്‍വ് നിര്‍ത്തിയിരുന്ന 30 അംഗ സംഘം ബുധനാഴ്ച സന്ധ്യയോടെ സ്ഥലത്തെത്തി.
നാല്‍പ്പത് മണിക്കൂറിലേറെ നീണ്ടു നിന്ന പരിശ്രമത്തില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ എസ് കെ ബിജുമോന്‍, ഇരിട്ടി എസ് ടി ഒ ടിവി ഉണ്ണികൃഷ്ണന്‍, മട്ടന്നൂര്‍ എസ് ടി ഒ കെ രാജീവന്‍, തലശ്ശേരി എസ് ടി ഒ ബാസിത്ത്, കൂത്തുപറമ്പ് എസ് ടി ഒ ശാനിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇരിട്ടി, കണ്ണൂര്‍, മട്ടന്നൂര്‍, പേരാവൂര്‍, തലശ്ശേരി, കൂത്തുപറമ്പ് സ്റ്റേഷനുകളിലെ സ്‌കൂബാ സംഘങ്ങളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പങ്കുചേര്‍ന്നു.