നല്ല കാര്യമായി, ഡിസിസി പ്രസിഡന്റുമാര്‍ക്ക് സ്വസ്ഥമായി നയിക്കാനാകുമെന്നോ? പെണ്‍രോഷവും പല രോഷങ്ങളും കാത്തിരിക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com 09.12.2016) ജില്ലാ കോണ്‍ഗ്രസ് പുന:സംഘടനയ്ക്കു പിന്നാലെ അണിയറയില്‍ ഒരുങ്ങുന്നത് പൊട്ടിത്തെറിക്കുള്ള മരുന്ന് നിറയ്ക്കല്‍. ഡിസിസി പ്രസിഡന്റാകാന്‍ കാത്തിരുന്നവരുടെ നിരാശ പകയായി മാറിയതോടെ, പകരം പ്രസിഡന്റായവരുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമല്ലാതായെന്നാണ് കോണ്‍ഗ്രസിലെ എല്ലാ വിഭാഗം നേതാക്കളും പറയുന്നത്. മൂന്നു തരത്തിലുള്ള പോരാണ് മുഖ്യമായും വ്യാഴാഴ്ചത്തെ ഡിസിസി പ്രസിഡന്റ് നിയമനത്തിലൂടെ രൂപപ്പെട്ടിരിക്കുന്നത്.
നല്ല കാര്യമായി, ഡിസിസി പ്രസിഡന്റുമാര്‍ക്ക് സ്വസ്ഥമായി നയിക്കാനാകുമെന്നോ? പെണ്‍രോഷവും പല രോഷങ്ങളും കാത്തിരിക്കുന്നു

ഒരു വനിതയെ ഡിസിസി പ്രസിഡന്റാക്കണം എന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചപ്പോള്‍ അതിലേക്ക് പ്രതീക്ഷയോടെ കണ്ണുനട്ടവര്‍ പലരാണ്. പത്മജാ വേണുഗോപാല്‍ തൃശൂരിലേക്ക് നോട്ടമിട്ടെങ്കിലും വി എം സുധീരന്റെ ഇടപെടലോടെ അവര്‍ ടി എന്‍ പ്രതാപനു വേണ്ടി നേരത്തേതന്നെ മാറിക്കൊടുത്തിരുന്നു. എന്നാല്‍ കോട്ടയത്ത് ലതികാ സുഭാഷും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും തിരുവനന്തപുരത്ത് രമണി പി നായരും കൊല്ലത്ത് ബിന്ദു കൃഷ്ണയും പ്രതീക്ഷ പുലര്‍ത്തി.

പൂവണിഞ്ഞത് ബിന്ദുവിന്റെ സ്വപ്‌നം മാത്രം. ഇതോടെ കോട്ടയത്തെ ജോഷി ഫിലിപ്പിനും ആലപ്പുഴയിലെ എം ലിജുവിനും തിരുവനന്തരപുരത്തെ നെയ്യാറ്റിന്‍കര സനലിനും നറുക്കുവീണു. ഈ മൂന്നിടത്തും നിരാശരുടെ പെണ്‍രോഷം പുതിയ പ്രസിഡന്റുമാര്‍ക്ക് എളുപ്പം മറികടക്കാനാകില്ല. മാത്രമല്ല കൊല്ലം പിടിച്ച ബിന്ദു കൃഷ്ണയ്ക്ക് അവിടെ എ ഗ്രൂപ്പ് ഡിസിസി അധ്യക്ഷനാക്കാന്‍ ശ്രമിച്ച പി സി വിഷ്ണുനാഥിന്റെ രോഷവും പ്രശ്‌നമാണ്. ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റ പിന്നാലെ വിഷ്ണുവിന് ഇതും തിരിച്ചടിയാണ്.

വിഷ്ണുവിന്റെ കൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനു അധ്യക്ഷ പദവി പ്രതീക്ഷിച്ച് ഇടുക്കിയിലെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എ ഗ്രൂപ്പിന് അവിടെ ഐ ഗ്രൂപ്പ് ഇബ്രാഹിംകുട്ടി കല്ലാറിനെ പ്രസിഡന്റാക്കിയതും തിരിച്ചടിയായി. അതുണ്ടാക്കുന്ന പൊട്ടിത്തെറിയാണ് രണ്ടാമത്തെ പ്രശ്‌നം.

വി എം സുധീരന്‍ സ്വന്തമായി നാല് ഡിസിസി പ്രസിഡന്റുമാരെ നേടി എന്നത് ഐ ഗ്രൂപ്പും നഷ്ടം സംഭവിച്ച എയും സഹിക്കില്ല. അതിലാണ് മുന്നാമത്തെ പൊട്ടിത്തെറിക്കുള്ള മരുന്ന്. ടി എന്‍ പ്രതാപനു പുറമേ മലപ്പുറത്തെ വി വി പ്രകാശ്, കാസര്‍കോട്ടെ ഹക്കീം കുന്നേല്‍, വയനാട്ടിലെ ഐ സി ബാലകൃഷ്ണന്‍ എന്നിവരെ ഡിസിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത് സുധീരന്റെ ഇടപെടലാണ്.

ഇബ്രാഹിംകുട്ടിയെയും ബിന്ദുവിനെയും കൊണ്ടുവരാന്‍ ഐഗ്രൂപ്പിനെ സുധീരന്‍ പിന്തുണയ്ക്കുകയും ചെയ്തു. വി വി പ്രകാശ് വരുന്നതില്‍ ആര്യാടനു വിരോധമില്ല എന്നത് എ ഗ്രൂപ്പിനെ അലട്ടുന്നുമുണ്ട്. നിലമ്പൂര്‍ നിയമസഭാ സീറ്റിലേക്ക് ഇനി പ്രകാശ് നോട്ടമിടില്ല എന്നതും അവിടെ മകന്‍ ഷൗക്കത്തിനെ ഏകകണ്ഠമായി നേതാവാക്കാം എന്നതുമാണ് ആര്യാടന്റെ പ്രകാശ് അനുകൂല നിലപാടിനു കാരണം.

Also Read:

അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

Keywords:  DCC  reshuffle not a peaceful process, Thiruvananthapuram, V.M Sudheeran, Congress, Leaders, Kottayam, kasaragod, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia