SWISS-TOWER 24/07/2023

കേരളത്തിലിപ്പോള്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ: ഡീന്‍ കുര്യാക്കോസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 19.06.2016) തലശ്ശേരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന്റേത് ഫാസിസ്റ്റ് ശൈലിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. ഞായറാഴ്ച രാവിലെ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലിപ്പോള്‍ അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ജാതിപ്പേര് വിളിച്ച് തങ്ങളെ അപമാനിച്ച സി പി എമ്മുകാരുടെ നടപടിയെ ചോദ്യം ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ് ദളിത്‌പെണ്‍കുട്ടികളെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ചത്. ഒന്നരവയസുള്ള കൈക്കുഞ്ഞിനെപ്പോലും ജയിലിലടച്ച ക്രൂരതയാണ് നമ്മുടെ നാട്ടിലുണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരെയുണ്ടാകുന്ന പീഡനങ്ങളും അക്രമങ്ങളും നമുക്കറിയാവുന്നതാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പോലും അനുവദിക്കാതെ ഹരിയാനയിലും ഉത്തര്‍പ്രദേശിലും ദളിതരെ ചുട്ടുകൊല്ലുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നുണ്ട്. കേരളത്തിലും ദളിതരെ വേട്ടയാടുന്ന സമീപനമാണ്  സി പി എം കൈക്കൊളളുന്നത്.

ഒരു ഭരണകൂടം ദളിത് പീഡനങ്ങള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നുവെന്നതാണ് ഇവിടെ ഏറ്റവും ഗൗരവമേറിയ വിഷയം. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റാതെ അസഹിഷ്ണുതയോടെ പെരുമാറുകയാണ്. പൊതുസമൂഹത്തിന്റെ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ദളിത് പെണ്‍കുട്ടികള്‍ക്ക് ജാമ്യം കിട്ടിയെങ്കിലും ഇവരിലൊരാള്‍ മാനസികപീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരനിലയില്‍ ആശുപത്രിയിലായിരിക്കുകയാണ്.

ഇത്രയും ഗൗരവമേറിയ സംഭവമായിട്ടുപോലും തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ജാമ്യത്തിലിറങ്ങിയ ശേഷവും ദളിത് പെണ്‍കുട്ടികളെ അപവാദപ്രചരണങ്ങള്‍ നടത്തി സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും നേതാക്കള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ കാരണം ഫാസിസ്റ്റ് പീഡനമാണെന്ന് പറയുന്നു. ആ സംഭവത്തെ അപലപിച്ചവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍ അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ രോഹിത് വെമുലയെ പീഡിപ്പിച്ചതിന് സമാനമായി ഇവിടത്തെ ദളിതരെ ദ്രോഹിക്കുകയാണ്. കേരളത്തെ മറ്റൊരു ഹൈദരാബാദ് സര്‍വ്വകലാശാലയാക്കി മാറ്റാനാണ് സി പി എം ശ്രമിക്കുന്നത്. സ്ത്രീ സുരക്ഷയാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നാണ് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍  പിണറായി പറഞ്ഞത്.

കേരളത്തിലിപ്പോള്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ: ഡീന്‍ കുര്യാക്കോസ്ഇതേ സര്‍ക്കാര്‍ തന്നെയാണ് സ്ത്രീകളെ വേട്ടയാടുന്നതെന്നത് വിരോധാഭാസമാണ്. പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ജിഷയെ കൊലപ്പെടുത്തിയത് അമീറുല്‍ ഇസ്‌ലാം എന്ന ഒരു വ്യക്തി മാത്രമാണെങ്കില്‍ തലശ്ശേരിയില്‍ ദളിത് പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ഭരണകൂടം തന്നെ തയ്യാറാവുന്നുവെന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. അഭിനവ ഹിറ്റ്‌ലറായി മാറിക്കൊണ്ടിരിക്കുന്ന പിണറായി വിജയന് കീഴില്‍ കേരളത്തില്‍ നടക്കുന്നത് കമ്മ്യൂണിസറ്റ് സെല്‍ഭരണമാണ്. ദളിത് പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തതാണെന്ന് കരുതാനാവില്ല.

സി പി എം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തത്. ദളിത് പെണ്‍കുട്ടികളോട് സി പി എമ്മും പോലീസും കാണിച്ച ക്രൂരതക്ക് ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ആള്‍ എന്ന നിലക്ക് പിണറായി വിജയന്‍ കേരളജനതയോട് മാപ്പുപറയണമെന്നും ഉത്തരവാദികളായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം യൂത്ത് കോണ്‍ഗ്രസ്  ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഡീന്‍ കുര്യാക്കോസ് മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സാജിദ് മൗവ്വല്‍, സലാം നുളളിപ്പാടി എന്നിവരും  പങ്കെടുത്തു.

Keywords:  Kerala, Kasaragod, Youth Congress, Thalassery, Pinarayi vijayan, Case, CPM, Dalit, Suicide attempt, Police.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia