SWISS-TOWER 24/07/2023

അക്ഷയ തൃതീയയുടെ പേരില്‍ സ്വര്‍ണമുതലാളിമാര്‍ കൊയ്തത് കോടികള്‍

 


അക്ഷയ തൃതീയയുടെ പേരില്‍ സ്വര്‍ണമുതലാളിമാര്‍ കൊയ്തത് കോടികള്‍
കൊച്ചി: അക്ഷയ തൃതീയയുടെ പേരില്‍ സ്വര്‍ണ മുതലാളിമാര്‍ ചൊവ്വാഴ്ച കൊയ്തത് കോടികള്‍. അക്ഷയ തൃതീയ ശുഭാരംഭത്തിന് നല്ല മുഹൂര്‍ത്തമാണെന്നും സ്വര്‍ണം വാങ്ങിയാല്‍ സര്‍വ്വൈശ്വര്യവും ലഭിക്കുമെന്ന് പരസ്യം ചെയ്താണ് വന്‍കിട സ്വര്‍ണ മുതലാളിമാര്‍ വില്‍പ്പനയിലൂടെ കോടികള്‍ കൊയ്തത്.

വൈശാഖ മാസത്തിലെ ആദ്യ പകുതിയിലെത്തുന്ന അക്ഷയ തൃതീയ സ്വര്‍ണം വാങ്ങി സൂക്ഷിക്കാനുള്ള ഏറ്റവും നല്ല സമയമാണെന്നാണ് സ്വര്‍ണ വിപണനക്കാര്‍ പ്രചരിപ്പിക്കുന്നത്. മിക്ക സ്വര്‍ണ കടകളും അലങ്കരിക്കുകയും കടകള്‍ക്കു മുന്നില്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ കാണാത്തവിധം അക്ഷയ തൃതീയ കൊണ്ടാടുന്നത് ഇപ്പോള്‍ സ്വര്‍ണ മുതലാളിമാരാണ്. സ്വര്‍ണാഭരണപ്രേമികളെ ആകര്‍ഷിക്കാന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന ജ്വല്ലറികളുമുണ്ട്. ജ്വല്ലറികളുടെ പാതപിന്തുടര്‍ന്ന് വാഹന ഡീലര്‍മാരും ഇലക്ട്രോണിക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളും വിപണ തന്ത്രം പയറ്റുന്നുണ്ട്.

സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കുമെന്നാണ് ഇവരുടെ പ്രചരണം. വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അക്ഷയ തൃതീയയുടെ പ്രത്യേകത പ്രമാണിച്ച് വാഹനങ്ങള്‍ പൂജിച്ച് നല്‍കുന്ന സൗകര്യവും ചില ഡീലര്‍മാര്‍ ഒരുക്കിയിട്ടുണ്ട്. കാറുകള്‍ ബുക്ക് ചെയ്താല്‍ കാല്‍ലക്ഷം രൂപ വരെ ഇളവ് ലഭിക്കുമെന്നും, വാഹനങ്ങള്‍ എക്‌ചേഞ്ച് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പഴയതെല്ലാം നല്‍കി പുതിയത് വാങ്ങുകയെന്ന അക്ഷയ തൃതീയയുടെ സന്ദേശം പരമാവധി പ്രയോജനപ്പെടുത്താനാണ് എല്ലാവരുടെയും ശ്രമം. നിരവധി ജ്വല്ലറികള്‍ ആഭരണങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ട്. മലയാളികളുടെ ഉപഭോക്തൃ സംസ്‌കാരം പരമാവധി മുതലെടുക്കുകയെന്ന വിപണന തന്ത്രമാണ് എല്ലാ പ്രമുഖ സ്ഥാപനങ്ങളും പയറ്റുന്നത്.

ശ്രീകൃഷ്ണന്‍ ദ്രൗപതിക്ക് നല്‍കിയ അക്ഷയപാത്രത്തിന്റെ ഫലം ലഭിക്കുമെന്നാണ് അക്ഷയതൃതീയയുടെ വിശ്വാസം. ബലരാമന്റെയും പരശുരാമന്റെയും ജന്മദിനമായും അക്ഷയതൃതീയയെ വിലയിരുത്തുന്നവരുണ്ട്. കര്‍മ്മങ്ങള്‍ക്ക് അഷ്ഠലക്ഷ്മിമാരുടെ പുണ്യമുണ്ടാകുമെന്നും സ്വര്‍ണം തുടങ്ങിയ ദ്രവ്യങ്ങള്‍ വാങ്ങാനും വ്യവസായം തുടങ്ങാനും ശുഭദിനമാണ് ഈ ദിവസമെന്നും വിശ്വസിക്കുന്നവരുണ്ട്.







Keywords:  Kochi, Gold, Akshaya tritiya
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia