Criticism | വിജയ ദശമി ദിനത്തില്‍ പൊലീസ് എസ് കോര്‍ട്ട് വാഹനത്തില്‍ പൂജ നടത്തിയ സംഭവം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം
● കണ്ണൂര്‍ തോട്ടടയിലെ വീട്ടില്‍ വെച്ചായിരുന്നു പൂജ
● മണി മുഴക്കിയും വാഹനത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചും ചന്ദനം തൊട്ടുമായിരുന്നു പൂജ നടത്തിയത്
● ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വാഹനത്തിനുമാണ് മന്ത്രി പൂജ നടത്തിയത്
● ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് മന്ത്രിയുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും
കണ്ണൂര്‍: (KVARTHA) വിജയ ദശമി ദിനത്തില്‍ പൊലീസ് വാഹനത്തിലും തന്റെ ഔദ്യോഗിക വാഹനത്തിലും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വാഹന പൂജ നടത്തിയത് വ്യാപക വിമര്‍ശനത്തിന് ഇടയാകുന്നു. സിപിഎം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇടതുസഹയാത്രികനായ പാര്‍ട്ടിയുടെ നേതാവും പിണറായി സര്‍ക്കാരിലെ മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി മതപരമായ ചടങ്ങുകള്‍ ഔദ്യോഗിക വാഹനങ്ങളില്‍ അടിച്ചേല്‍പ്പിച്ചുവെന്നായിരുന്നു വിമര്‍ശനം.
വിജയദശമി ദിനത്തില്‍ കണ്ണൂര്‍ തോട്ടടയിലെ വീട്ടില്‍ വെച്ചായിരുന്നു പൂജ. മണി മുഴക്കിയും വാഹനത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചും ചന്ദനം തൊട്ടുമായിരുന്നു കസവണിഞ്ഞ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഭക്ത്യാദരപൂര്‍വം പൂജ നടത്തിയത്.
ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വാഹനത്തിനുമാണ് മന്ത്രി പൂജ നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ മന്ത്രിയുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് ഇടതു സൈബര്‍ കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പിന്നാലെ വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.
എല്ലാ വര്‍ഷവും വിജയദശമിപൂജ പതിവുള്ളതാണെന്നും മറ്റു വാഹനങ്ങള്‍ പൂജിക്കുന്ന കൂട്ടത്തില്‍ പൊലീസിന്റെ അകമ്പടി വാഹനവും പൂജിച്ചത് മാത്രമാണെന്നുമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. ഇതോടെ മന്ത്രിയെ അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പാര്‍ട്ടി നേതാക്കളും.
#KeralaMinister #VehiclePooja #Controversy #SocialMedia #VijayaDashami #CyberAttack