മോന്‍സണിന്റെ പക്കലുണ്ടായിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്ത് ക്രൈം ബ്രാഞ്ച്; നടപടി ശില്‍പിയുടെ പരാതിയില്‍
Oct 2, 2021, 10:50 IST
കൊച്ചി: (www.kvartha.com 02.10.2021) മോന്‍സണിന്റെ പക്കലുണ്ടായിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ടീമാണ് വസ്തുക്കള്‍ പിടിച്ചെടുത്തത്. മുട്ടത്തറ സ്വദേശിയായ ശില്‍പി സുരേഷ് മോന്‍സണ് നിര്‍മിച്ച് നല്‍കിയ എട്ട് ശില്‍പങ്ങളും വിഗ്രഹങ്ങളും റെയ്ഡില്‍ കണ്ടെത്തി. പുലര്‍ച്ചയോടെ ആണ് ക്രൈം ബ്രാഞ്ച് സംഘം മോന്‍സണിന്റെ കൊച്ചിയിലെ വാടക വീട്ടിലെത്തിയത്. സുരേഷ് നല്‍കിയ പരാതി അന്വേഷികുകയാണെന്ന് ക്രൈം ബ്രാഞ്ച് പ്രതികരിച്ചു.
കേസിന്റെ തെളിവായ വിഗ്രഹങ്ങളും ശില്‍പങ്ങളും ആണ് അന്വേഷണസംഘം സീല്‍ ചെയ്ത് കസ്റ്റഡിയിലെടുത്തത്. സുരേഷ് നിര്‍മിച്ചു നല്‍കിയത് ഒമ്പത് വിഗ്രഹങ്ങളാണ്. എന്നാല്‍, ഇതില്‍ എട്ടെണ്ണം മാത്രമാണ് ക്രൈം ബ്രാഞ്ചിന് കണ്ടെത്താന്‍ സാധിച്ചത്. ഒരെണ്ണം മറ്റാര്‍ക്കെങ്കിലും മോന്‍സണ്‍ കൈമാറിയോ എന്ന് കണ്ടെത്തേണ്ടതുണ്ട്. സുരേഷിനെ കബളിപ്പിച്ച കേസില്‍ മോന്‍സണിന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും.
ഒമ്പത് വിഗ്രഹങ്ങളും ശില്‍പങ്ങളും നിര്‍മിച്ച് നല്‍കുന്നതിന് മോന്‍സണ്‍ 80 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് സുരേഷിന്റെ പരാതി. എന്നാല്‍, വിഗ്രഹങ്ങളും ശില്‍പങ്ങളും കൈമാറിയെങ്കിലും 7.30 ലക്ഷം രൂപ മാത്രമാണ് മോന്‍സണ്‍ നല്‍കിയത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് താന്‍ അകപ്പെട്ടെന്നും പരാതിയില്‍ സുരേഷ് പറയുന്നു. മോന്‍സണിനെതിരായ മൂന്നാമത്തെ കേസ് ആണ് സുരേഷിന്റേത്.
അതേസമയം, മോന്‍സണിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച തീരും. വൈകീട്ട് മൂന്നു മണിക്ക് മോന്‍സണെ കോടതിയില്‍ നേരിട്ട് ഹാജരാക്കും. സംസ്‌കാര ടിവിയുടെ ചെയര്‍മാനായി തട്ടിപ്പ് നടത്തിയ കേസില്‍ മോന്‍സണിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ കസ്റ്റഡി അപേക്ഷ ക്രൈം ബ്രാഞ്ച് ശനിയാഴ്ച നല്‍കിയേക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.