Criticism | ആദ്യം കംപ്യൂട്ടർ, ഇപ്പോഴിതാ സീ പ്ലെയിനും; വികസന വഴികളിലെ സിപിഎമ്മിൻ്റെ യൂടേണുകൾ; വിതണ്ഡവാദങ്ങൾ പാർട്ടിയെ രക്ഷിക്കുമോ?

 
CPM's U-turns on Development: Can Rhetoric Save the Party?
CPM's U-turns on Development: Can Rhetoric Save the Party?

Photo: Supplied

● പാർട്ടി ഇപ്പോൾ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നു
● പാർട്ടിയുടെ നിലപാട് മാറ്റം വിമർശനങ്ങൾക്ക് ഇടയാക്കി

കാർത്തിക് കൃഷ്ണ

കണ്ണൂർ: (KVARTHA) വികസന പ്രവർത്തനങ്ങളിലെ പുതുസങ്കൽപ്പങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന ആക്ഷേപം സീ പ്ലെയിൻ പദ്ധതിയുടെ തുടക്കത്തോടെ സി.പി.എമ്മിനും ഇടതുപാർട്ടികൾക്കുമെതിരെ വീണ്ടും ഉയർന്നിരിക്കുകയാണ്. കംപ്യുട്ടറിനും ചെങ്കൽ മെഷീനും സ്വാശ്രയ വിദ്യാഭ്യാസ്ഥാപനങ്ങൾക്കും ദേശീയപാതയ്ക്കുമെതിരെമുള്ള സമരങ്ങൾ തെറ്റായിപ്പോയെന്ന് ഇടതുപാർട്ടികൾ ഇതുവരെ പറഞ്ഞിട്ടില്ല. ഓരോ കാലത്തും സാഹചര്യങ്ങളെ പരിഗണിച്ചുള്ള നിലപാടാണ് പാർട്ടി സ്വീകരിക്കുകയെന്നതാണ് സി.പി.എം നേതാക്കൾ ഈ കാര്യത്തിൽ പുറത്തു വിടുന്ന ന്യായികരണ ക്യാപ്സ്യൂൾ.

എന്നാൽ ദീർഘവീക്ഷണമില്ലാതെയെടുക്കുന്ന സങ്കുചിതതീരുമാനങ്ങൾ പാർട്ടി തന്നെ തിരുത്തുന്ന പരിതാപകരമായ കാഴ്ചകളാണ് കേരളത്തിലെ ജനങ്ങൾ കാണാറുള്ളത്. ക്വിറ്റ് ഇന്ത്യാ സമരം ബഹിഷ്കരിച്ചതും രാഷ്ട്രപിതാവിനെ ബ്രിട്ടീഷുകാരുടെ ചാരനായി വിശേഷിപ്പിച്ചതുമുൾപ്പെടെ നിരവധി തമോഗർത്തങ്ങൾ കമ്യുണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിലുണ്ടെന്നാണ് വിമർശനം. ഏറ്റവും ഒടുവിൽ സ്വാതന്ത്ര്യം ലഭിച്ചതു പോലും കമ്യുണിസ്റ്റ് പാർട്ടിയിലെ പ്രബലരായ സി.പി.എം രണ്ടു വർഷങ്ങൾക്കു മുൻപ് മാത്രമാണ് പാർട്ടി അംഗീകരിച്ചത്. 

ഇപ്പോൾ ഓഗസ്റ്റ് 15 ന് ഇന്ത്യൻ പതാക ഉയർത്താൻ പാർട്ടി ഘടകങ്ങൾ തയ്യാറായിട്ടുണ്ട്. ഇന്ത്യയിൽ കമ്യുണിസ്റ്റ് പാർട്ടികൾ ഉപ്പുവെച്ച കലം പോലെയാകാൻ കാരണം ഇത്തരം പിന്തിരിപ്പൻ നിലപാടുകളാണെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളെ ഉൾക്കൊള്ളാൻ പാർട്ടിക്ക് കഴിയുന്നില്ല, എന്നാൽ അതിനൊപ്പം സഞ്ചരിക്കേണ്ടിയും വരുന്നു. കംപ്യുട്ടറിനെ എതിർത്തവർ പാർട്ടി ഓഫിസുകളിൽപ്പോലും പിന്നീടത് സ്ഥാപിച്ചു. ഇത്തരം തല തിരിഞ്ഞ കാഴ്ചപ്പാടുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാർട്ടി നേരത്തെ സീ പ്ലെയിനിനെതിരെയുള്ള സമരങ്ങൾ.

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ പുതുചരിത്രം കുറിച്ചുകൊണ്ട് സീപ്ലെയ്ന്‍ പദ്ധതിയ്ക്ക് തുടക്കമായപ്പോൾ ഈ കാര്യം തോണ്ടിയെടുത്ത് വിമർശിക്കുകയാണ് രാഷ്ട്രീയ എതിരാളികൾ.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുയര്‍ന്ന സീപ്ലെയ്ന്‍ ബോള്‍ഗാട്ടി പാലസിന് സമീപത്തുള്ള കൊച്ചിക്കായലിലാണ് ലാന്‍ഡിംഗ് നടത്തിയത്. മാട്ടുപ്പെട്ടി, കൊച്ചി, അഗത്തി എന്നിവിടങ്ങളിലേക്കാണ് സീപ്ലെയ്ന്‍ സര്‍വീസ് നടത്തുക. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ ഉയർത്തിക്കൊണ്ട് സീപ്ലെയിൻ പറന്നുയരുമ്പോൾ ചർച്ചയാവുകയാണ് പദ്ധതി യഥാർത്ഥത്തിൽ ഏത് സർക്കാരിന്റെ കാലത്താണ് കേരളത്തിൽ അവതരിപ്പിച്ചതെന്ന കാര്യം.

2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കേരളത്തിൽ ആദ്യമായി ജലവിമാന പദ്ധതി അവതരിപ്പിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന എമേർജിങ് കേരളയുടെ ഭാഗമായിരുന്നു പദ്ധതി. അഷ്ടമുടി, പുന്നമട, ബേക്കൽ എന്നീ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടായിരുന്നു അക്കാലത്ത് പദ്ധതി. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ക്ചർ ലിമിറ്റഡിന് (കെടിഐഎൽ) ആയിരുന്നു നടത്തിപ്പ് ചുമതല. 2013 ജൂൺ രണ്ടിന് അഷ്ടമുടിക്കായലിൽ നിന്നും പുന്നമടയിലേക്ക് പരീക്ഷണ പറക്കലും നിശ്ചയിച്ചു.

ആറുപേർക്ക് സഞ്ചരിക്കാവുന്ന സെസ്‌ന 206 എന്ന വിമാനം നിശ്ചയിച്ച പ്രകാരം പറന്നുയർന്നു. എന്നാൽ ഇടതു സംഘടനകളുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടർന്ന് പുന്നമടക്കായലിൽ ഇറക്കാനാകാതെ വിമാനം അഷ്ടമുടിക്കായലിൽ തിരിച്ചിറക്കി. വാട്ടർ ഡ്രോമിനായി വേർതിരിച്ചിരുന്ന പ്രദേശത്ത് വലയെറിഞ്ഞാണ് ഇടതുസംഘടനകൾ സീപ്ലെയിന്റെ ലാൻഡിങ് അന്ന് തടഞ്ഞത്. എക്സ്റേ സ്കാനറുകളും സുരക്ഷാ ക്യാമറകളും സ്പീഡ് ബോട്ടുകളും ഉൾപ്പെടെ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി ചെലവഴിച്ച കോടികളും ഈ പ്രതിഷേധത്തോടെ വെള്ളത്തിലായി. 

സിപിഎം നിയന്ത്രണത്തിലുള്ള മത്സ്യത്തൊഴിലാളി ഫെഡറേഷനും (സിഐടിയു), സിപിഐ നിയന്ത്രണത്തിലുള്ള മത്സ്യത്തൊഴിലാളി യൂണിയനും (എഐടിയുസി) ആയിരുന്നു അന്ന് പ്രതിഷേധത്തിന് മുൻനിരയിൽ ഉണ്ടായത്. അതേസമയം കഴിഞ്ഞദിവസം ദിവസം പറന്നുയർന്ന സീപ്ലെയിൻ കേന്ദ്രം നടപ്പാക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമാണ്. ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാനഡയിലെ ഡിഹാവ് ലാൻഡ് കമ്പനിയുടെ 17 സീറ്റ് ഉള്ള വിമാനമാണ് സ്പൈസ്ജെറ്റിന്റെ സഹകരണത്തോടെ പരീക്ഷണ പറക്കൽ നടത്തിയത്. 

കോവളം, അഷ്ടമുടി, കുമരകം, മൂന്നാർ, പുന്നമട, മലമ്പുഴ ഡാം, കാസർകോട് ചന്ദ്രഗിരിപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽകൂട്ടാവുന്ന പദ്ധതി വൈകിയെങ്കിലും നടപ്പിലാക്കിയതിൽ ആശ്വസിക്കാം. എന്നാൽ അതിനെതിരെ നടത്തിയ സമരങ്ങളെ തള്ളിപ്പറയാനും തെറ്റുപറ്റിപ്പോയെന്ന് ആത്മാർത്ഥമായി സമ്മതിക്കാനും തയ്യാറാകണം. വിമർശനങ്ങൾ ഉയരുമ്പോൾ വിതണ്ഡവാദങ്ങൾ ഉന്നയിക്കുന്നത് ഉത്തരവദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് ഭുഷണമല്ല. എല്ലാം ജനം കാണുന്നുവെന്ന ബോധ്യമുണ്ടാകണം.

#KeralaPolitics #CPM #Seaplane #Development #India #Communism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia