Campaign | കണ്ണൂരിൽ സുധാകരനെ വീഴ്ത്താൻ വാരിക്കുഴി ഒരുക്കി എൽഡിഎഫ്; ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചാരണം ശക്തമാക്കി

 

/ നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) കെ സുധാകരൻ ജയിച്ചാൽ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമാക്കിയുള്ള എൽ.ഡിഎഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ്റെ പ്രചാരണം യു.ഡി.എഫിനെ വെള്ളം കുടിപ്പിക്കുന്നു. ജയിച്ചാല്‍ താന്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കാനുള്ളതെന്ന് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ എം.വി. ജയരാജന്‍ പറയുന്നത് കെ.സുധാകരനെ ഉന്നംവച്ചാണ്. അതുവഴി മണ്ഡലത്തില്‍ കാലാകാലമായി കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷ വോട്ടിലാണ് എല്‍.ഡി.എഫിന്റെ കണ്ണ്. ഒരുകാലത്ത് വിശ്വസ്തനായിരുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി സി രഘുനാഥിനെപ്പോലെ സുധാകരനും തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണത്തിനാണ് ഊന്നല്‍ നൽകുന്നത്. ഇതു യു.ഡി.എഫ് ക്യാംപുകളിൽ ആശങ്ക പരത്തിയിട്ടുണ്ട്.
  
Campaign | കണ്ണൂരിൽ സുധാകരനെ വീഴ്ത്താൻ വാരിക്കുഴി ഒരുക്കി എൽഡിഎഫ്; ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചാരണം ശക്തമാക്കി

പിണറായി സർക്കാരിനോടുള്ള ഭരണവിരുദ്ധവികാരം ലക്ഷ്യമിട്ടായിരുന്നു തുടക്കത്തില്‍ യു.ഡി.എഫ് പ്രചാരണം. പാനൂര്‍ ബോംബ് സ്‌ഫോടനം കൂടി വീണുകിട്ടിയതോടെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള കാമ്പയിനും യു.ഡി.എഫ് ക്യാമ്പിന് കരുത്തായി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടിയും യു.ഡി.എഫ് പ്രചാരണത്തിന് കൊഴുപ്പേകുന്നുണ്ട്. ഇത്തവണ മത്സരിക്കാതെ മാറി നില്‍ക്കാനായിരുന്നു കെ സുധാകരന്റെ തീരുമാനം. സുധാകരനില്ലെങ്കില്‍ വേറെയാരെന്ന ചോദ്യത്തിന് ഉത്തരമില്ലാതായതോടെയാണ് പൂര്‍വാധികം കരുത്തോടെ അദ്ദേഹം കളത്തിലിറങ്ങിയത്.

കഴിഞ്ഞതവണ കെ.സുധാകരന് സി.പി.എം കോട്ടകളില്‍ നിന്നു വോട്ടുചോര്‍ന്നു കിട്ടിയിരുന്നു. ഈ തെരഞ്ഞെടുപ്പിലും ആ വോട്ടുകള്‍ കൂടെയുണ്ടെന്ന ആത്മവിശ്വാസം സുധാകരനുണ്ട്. യു.ഡി.എഫിനെ സംബന്ധിച്ച് കണ്ണൂരിലെ ക്രൗഡ് പുള്ളര്‍ കെ സുധാകരന്‍ തന്നെയാണ്. കെ. സുധാകരന്‍ ഇറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വര്‍ധിതവീര്യത്തോടെ കൂടെനില്‍ക്കും. കട്ടയ്ക്ക് സപ്പോര്‍ട്ടുമായി മുസ്‌ലിം ലീഗും ഇറങ്ങിയതിനാല്‍ ഇത്തവണയും മണ്ഡലത്തിന്റെ മനസുമാറില്ലെന്നു തന്നെയാണ് കെ.സുധാകരന്റെ പ്രതീക്ഷ. ഘടകകക്ഷിയായ മുസ്‌ലിംലീഗിന് പുറമേ പരസ്യപിന്തുണയുമായി എസ്.ഡി.പി.ഐ കൂടി എത്തിയതോടെ ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പരമ്പരാഗത വോട്ടുബാങ്കായ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക യു.ഡി.എഫ്. ക്യാമ്പിനുണ്ട്.

എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞെങ്കിലും അത് ഉള്ളില്‍തൊട്ടുള്ള പറച്ചിലല്ലെന്ന് നാട്ടുകാര്‍ക്കറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികപ്രകാരം 21,16,876 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 11,14,246 സ്ത്രീകളും 10,02,622 പുരുഷന്മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും. ഇതില്‍ 61.6 ശതമാനം ഹിന്ദു വോട്ടര്‍മാരും 26.4 ശതമാനം മുസ്‌ലിം വോട്ടര്‍മാരും 12ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുമാണ്.

Keywords: Lok Sabha Election, Congres, Politics, K Sudhakaran, MV Jayarajan, Kannur, CPM, Congress, LDF, BJP, SDPI, Vote, Election, Panayi Vijayan, UDF, Cristian, Muslim League, CPM's campaign against K Sudhakaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia