Controversy | 'ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും'; സിപിഎം ബന്ധം അവസാനിപ്പിച്ച പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍


● പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു
● വരും ദിവസങ്ങളിലും പ്രതിഷേധം ഉണ്ടാകുമെന്ന് നേതാക്കള്‍
മലപ്പുറം: (KVARTHA) 'ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും', സിപിഎം ബന്ധം അവസാനിപ്പിച്ച പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍. സിപിഎം നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. അന്‍വറിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ഇരുന്നൂറിലധികം ആളുകള്‍ നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.
'പിവി അന്‍വര്‍ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സിപിഐഎം ഒന്നുപറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും', 'പൊന്നേയെന്ന് വിളിച്ച നാവില്‍ പോടായെന്ന് വിളിക്കാനറിയാം' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ മുഴങ്ങി. പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അന്‍വറിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ പ്രകടനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയില്ലെന്നും ആ അര്‍ഥത്തിലേ പ്രകടനത്തെ കാണുന്നുള്ളൂ എന്നുമായിരുന്നു പിവി അന്‍വറിന്റെ പ്രതികരണം. താന്‍ പറയുന്നത് ശരിയാണെന്ന് പ്രവര്‍ത്തകരുടെ മനസിലുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.
എഡിജിപി എംആര്‍ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും വിമര്‍ശിച്ച അന്‍വര്‍ മുഖ്യമന്ത്രിക്ക് നേരെ തിരിഞ്ഞതോടെയാണ് പാര്‍ട്ടി അദ്ദേഹത്തെ കൈവിട്ടത്. അന്‍വറുമായി ഇനി ബന്ധമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.
അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി. അന്‍വറിന്റെ നിലപാടുകള്‍ക്കു സമൂഹമാധ്യമത്തില്‍ സ്വീകാര്യത ലഭിച്ചതോടെയാണ് പാര്‍ട്ടി നിലപാട് കര്‍ശനമാക്കിയത്. തന്റെ നിലപാട് വ്യക്തമാക്കാന്‍ ഞായറാഴ്ച അന്‍വര്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുമെന്നാണ് അന്‍വര്‍ പറയുന്നത്.
#PVAnvar #CPIM #KeralaPolitics #Expulsion #Protest #IndianPolitics