വെള്ളാപ്പള്ളിക്ക് തിരിച്ചടി നല്‍കാന്‍ സിപിഎം സുകുമാരന്‍ നായരുമായിച്ചേര്‍ന്ന് മതേതര സഖ്യത്തിന്

 


തിരുവനന്തപുരം: (www.kvartha.com 30.09.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടത്താനുദ്ദേശിക്കുന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ എന്‍എസ്എസുമായുള്ള ബന്ധം നന്നാക്കാന്‍ സിപിഎം തീവ്രശ്രമത്തില്‍. വെള്ളാപ്പള്ളിയുടെ നീക്കങ്ങളോട് എന്‍എസ്എസിനു താല്‍പര്യമില്ലെന്നും പുതിയ ഹിന്ദു പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കവുമായി സഹകരിക്കില്ലെന്നും ഉറപ്പായ സാഹചര്യത്തിലാണിത്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സംഘടനയുടെ നിലപാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്‍എസ്എസ് ഈ നിലപാടിലേക്കാണു നീങ്ങുന്നതെന്നും വൈകാത പരസ്യപ്രഖ്യാപനമുണ്ടാകുമെന്നും ആഴ്ചകള്‍ക്കു മുമ്പേ കെവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘ്പരിവാറിന് ആളെക്കൂട്ടാനുള്ള രാഷ്ട്രീയ നീക്കമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നു പരസ്യമായി വന്‍ പ്രചാരണം നടത്തുന്ന സിപിഎമ്മിനെ അപ്രഖ്യാപിത മുഖ്യശത്രുവാക്കിയാണ് വെള്ളാപ്പള്ളി നീങ്ങുന്നത്. എന്നാല്‍ യോഗം പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷം ഈ പോക്കിനോടു വിയോജിപ്പുള്ളവരാണ്.

അങ്ങനെയുള്ളവരെ സ്ഥാനമാനങ്ങള്‍ കൊടുത്ത് കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നതെന്നാണു സൂചന. പാര്‍ട്ടി വേണ്ടെന്നും പഴയ എസ്ആര്‍പി തകര്‍ന്ന അനുഭവം ഓര്‍ക്കണമെന്നും വെള്ളാപ്പള്ളിക്ക് പല കേന്ദ്രങ്ങളില്‍ നിന്നും ഇപ്പോഴും ഉപദേശം ലഭിക്കുന്നുണ്ടത്രേ. പാര്‍ട്ടി രൂപീകരിക്കില്ലെന്ന് ഇടയ്ക്ക് അദ്ദേഹം പരസ്യപ്രസ്താവന നടത്തുകയും ചെയ്തിരുന്നു. പക്ഷേ, യോഗത്തെ സംഘ്പരിവാറുമായി അടുപ്പിക്കാന്‍ വേറെ വഴിയില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്.

ഈ സാഹചര്യത്തിലാണ് മതേതര നിലപാടില്‍ വിട്ടുവീഴ്ചയില്ലാത്ത സംഘടന എന്ന നിലയില്‍
എന്‍എസ്എസുമായിച്ചേര്‍ന്ന് സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ സിപിഎം ഒരുങ്ങുന്നത്. സുകുമാരന്‍ നായരുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞതായാണ് അറിയുന്നത്. തുടര്‍ ചര്‍ച്ചകള്‍ ഉടനേയുണ്ടാകും.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന യുഡിഎഫിനു തിരിച്ചടികൂടിയായേക്കും സിപിഎമ്മും എന്‍എസ്എസുമായുള്ള പുതിയ അടുപ്പം. അതിന് സംഘ്പരിവാറുമായുള്ള എസ്എന്‍ഡിപി യോഗത്തിന്റെ അടുപ്പം കാരണമായെന്നു മാത്രം. അതേസമയം, ബിജെപി പ്രസിഡന്റ് അമിത് ഷായുമായി രണ്ടാമതും കൂടിക്കാഴ്ച നടത്തിയ ശേഷം മോഡിയെ കാണാന്‍ പുറപ്പെടുന്ന വെള്ളാപ്പള്ളി മകന്‍ തുഷാറിനെയാണ് ഒപ്പം കൂട്ടുക. തുഷാറിനെത്തന്നെയാണ് പാര്‍ട്ടിയുടെ തലപ്പത്ത് ഉദ്ദേശിക്കുന്നതും. തുഷാറിന് സംഘ്പരിവാര്‍ നേതാക്കളുമായി നേരിട്ട് അടുപ്പമുണ്ടാക്കുകയാണ് ഉദ്ദേശം.

വെള്ളാപ്പള്ളിക്ക് തിരിച്ചടി നല്‍കാന്‍ സിപിഎം സുകുമാരന്‍ നായരുമായിച്ചേര്‍ന്ന് മതേതര സഖ്യത്തിന്


Also Read:
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

Keywords:  CPM to join hands with nss against Vellappallies pro BJP move, Thiruvananthapuram, Prime Minister, Narendra Modi, NSS, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia