സിപിഎമില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പെടെ 12 മന്ത്രിമാരും സ്പീകെറും, 4 മന്ത്രിമാരും ഡപ്യൂടി സ്പീകെറും സിപിഐക്ക്, കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജനതാദള്‍ എസ് പാര്‍ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതം, കെ ബി ഗണേഷ് കുമാര്‍, ആന്റണി രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഹ് മദ് ദേവര്‍കോവില്‍ എന്നിവര്‍ രണ്ടര വര്‍ഷം വീതം മന്ത്രിമാരാകും
May 16, 2021, 16:11 IST
തിരുവനന്തപുരം: (www.kvartha.com 16.05.2021) സിപിഎമില്‍ മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. മന്ത്രിമാര്‍ ആരൊക്കെയെന്ന് അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകും.സിപിഎമില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പെടെ 12 മന്ത്രിമാരും സ്പീക്കറും, നാലു മന്ത്രിമാരും ഡപ്യൂടി സ്പീക്കറും സിപിഐക്ക്, കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജനതാദള്‍ എസ് പാര്‍ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതം, കെ ബി ഗണേഷ് കുമാര്‍, ആന്റണി രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ രണ്ടര വര്‍ഷം വീതം മന്ത്രിമാരാകും. ആദ്യ ടേമില്‍ ആരൊക്കെയെന്നു മുഖ്യമന്ത്രി തീരുമാനിക്കും.
ലോക് താന്ത്രിക് ജനതാദള്‍ ഒഴികെയുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം പങ്കിട്ടു നല്‍കി ഇടതുമുന്നണിയില്‍ പുതിയ ഫോര്‍മുല. ഒറ്റ സീറ്റു മാത്രമുള്ള കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ പാര്‍ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം ലഭിക്കും. അതിനിടെ രണ്ടു മന്ത്രിസ്ഥാനം വേണമെന്ന കേരള കോണ്‍ഗ്രസ് എമിന്റെ ആവശ്യം സിപിഎം വീണ്ടും തള്ളി. നിലവിലുള്ള പ്രധാന വകുപ്പുകള്‍ വിട്ടുനല്‍കാനാകില്ലെന്ന് സിപിഐ സിപിഎം നേതൃത്വത്തെ അറിയിച്ചു.
ഒന്നാം പിണറായി സര്‍കാരില്‍ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാര്‍ സിപിഎമില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയില്‍ കൂടുതല്‍ പാര്‍ടികള്‍ ഉള്ളതിനാല്‍ എംഎല്‍എമാര്‍ കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം വിട്ടുകൊടുക്കാന്‍ സിപിഎം തത്വത്തില്‍ ധാരണയിലെത്തിയതായാണ് വിവരം.
പിണറായി ഒഴികെ മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങളാവുക, അല്ലെങ്കില്‍ ഒന്നോ രണ്ടോ പേര്‍ തുടരുകയും ബാക്കി പുതുമുഖങ്ങള്‍ വരിക എന്നീ രണ്ട് ഫോര്‍മുലകളാണ് ചര്‍ച്ചയിലുള്ളത്. കോവിഡ് രണ്ടാം തരംഗം കേരളത്തില്‍ രൂക്ഷമായിരിക്കേ ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയായി തുടരാനാണ് എല്ലാ സാധ്യതയും. നിലവിലെ മന്ത്രിമാരില്‍ ഒരാളെങ്കിലും തുടരുകയാണെങ്കില്‍ അത് ശൈലജ ടീച്ചറാകും.
എ സി മൊയ്തീന്‍ മന്ത്രിസഭയിലുണ്ടാകുന്നില്ലെങ്കില്‍ മുസ്ലിം പ്രാതിനിധ്യമായി മുഹമ്മദ് റിയാസ്, എഎന്‍ ഷംസീര്‍ എന്നിവരെ പരിഗണിച്ചേക്കും. യുവജന സംഘടനാ പ്രാതിനിധ്യവും ഇവര്‍ക്ക് അനുകൂല ഘടകമാണ്.
എല്ലാവരും പുതുമുഖങ്ങള്‍ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ നിലവിലെ മന്ത്രി കെകെ ശൈലജയുടെ റോള്‍ എന്താകും എന്നതാണ് സസ്പെന്‍സ്. ഇത്തവണ ഒരു വനിതയെ സ്പീക്കറാക്കാനുള്ള സാധ്യതയും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ശൈലജ ടീച്ചറെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിച്ചേക്കാം.
വനിതകളില്‍ വീണാ ജോര്‍ജ് മന്ത്രിയാകുമെന്ന് ഉറപ്പാണ്. ശൈലജ മന്ത്രിയായി തുടര്‍ന്നാല്‍ വീണാ ജോര്‍ജാകും സ്പീക്കര്‍. കേന്ദ്രകമിറ്റി അംഗം എംവി ഗോവിന്ദന്‍, സംസ്ഥാന സെക്രടറിയറ്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവരും മന്ത്രിമാരാകുമെന്ന് ഉറപ്പാണ്.
മന്ത്രിമാരായി വി ശിവന്‍കുട്ടി, സജി ചെറിയാന്‍, വിഎന്‍ വാസവന്‍, എം ബി രാജേഷ്, പി നന്ദകുമാര്‍, സിഎച്ച് കുഞ്ഞമ്പു എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍. കെ ടി ജലീലിനെ മാറ്റിനിര്‍ത്തിയാല്‍ വി അബ്ദുര്‍ റഹ്മാനെ പരിഗണിക്കാനിടയുണ്ട്.
സ്പീക്കര്‍ സ്ഥാനത്തേക്ക് വനിതയെ നിശ്ചയിച്ചാല്‍ വനിതകളില്‍ ഒരാള്‍ മാത്രം മന്ത്രിയാകാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയിലെ പോലെ രണ്ട് വനിതകള്‍ വേണമെന്ന് തീരുമാനിച്ചാല്‍ കാനത്തില്‍ ജമീലയ്ക്ക് സാധ്യത തെളിയും. പാലക്കാട് ജില്ലാ പ്രാതിനിധ്യവും ചെറുപ്പവും എംബി രാജേഷിന് തുണയാകുമ്പോള്‍ സീനിയോറിറ്റി കണക്കിലെടുത്താന്‍ മമ്മിക്കുട്ടിക്ക് നറുക്ക് വീണേക്കാം.
2006ലും 2016ലും ഇടതു മന്ത്രിസഭയില്‍ അംഗമായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇത് മൂന്നാം ഊഴമാണ്. കെ ബി ഗണേശ് കുമാറിനു ഫുള്‍ ടേം പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും മറ്റ് പാര്‍ടികളെ കൂടി പരിഗണിക്കേണ്ടി വന്നതോടെ രണ്ടര വര്‍ഷമായി ചുരുങ്ങി. മുന്നണിക്കു പുറത്തുനിന്നു സഹകരിക്കുന്ന കോവൂര്‍ കുഞ്ഞുമോനെ പരിഗണിച്ചില്ല. രണ്ടു മന്ത്രിമാരെന്ന ആവശ്യത്തില്‍ ജോസ് കെ മാണി ഉറച്ചുനിന്നെങ്കിലും ബുദ്ധിമുട്ട് സിപിഎം നേതൃത്വം അറിയിച്ചു. പ്രധാന വകുപ്പുകളില്‍ ഒന്നും ചീഫ് വിപ്പ് പദവിയും ഇവര്‍ക്കു നല്‍കിയേക്കും.
മന്ത്രിയെ 18ന് തീരുമാനിക്കുമെന്ന് എന്‍സിപിയും ജെഡിഎസും വ്യക്തമാക്കി. ജെഡിഎസിനെയും എല്‍ജെഡിയെയും ഒറ്റ പാര്‍ടിയായാണു പരിഗണിക്കുന്നതെന്ന സിപിഎം വിശദീകരണത്തില്‍ എല്‍ജെഡിക്ക് അതൃപ്തിയുണ്ട്. സര്‍കാര്‍ അധികാരത്തില്‍ വന്നശേഷം ജെഡിഎസിന് കൂടുതല്‍ പരിഗണനകള്‍ നല്‍കാമെന്നാണ് വാഗ്ദാനം.
ചര്‍ച്ചകളില്‍ തൃപ്തി ഉണ്ടെന്ന് ഐഎന്‍എല്ലും പ്രതീക്ഷയുണ്ടെന്ന് ആന്റണി രാജുവും ഗണേഷ് കുമാറും പ്രതികരിച്ചു. റവന്യൂ, കൃഷി വകുപ്പുകള്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാന്‍ സിപിഐ തയാറല്ല. വനംവകുപ്പ് നല്‍കിയേക്കും. ഒന്നൊഴികെ എല്ലാ ഘടകകക്ഷികള്‍ക്കും പരിഗണന നല്‍കി തുടക്കത്തിലെ കല്ലുകടി ഒഴിവാക്കുകയാണ് സിപിഎം.
തിങ്കളാഴ്ച ഇടതുമുന്നണി യോഗത്തിനുശേഷം മന്ത്രിസ്ഥാനം വിഭജനം ഔദ്യോഗികമായി പ്രഖ്യാപിക്കും. 18ന് വിവിധ പാര്‍ടികളുടെ യോഗം മന്ത്രിമാരെ തീരുമാനിക്കും. നിയമസഭാകക്ഷി യോഗം ചേര്‍ന്ന് പിണറായി വിജയനെ കക്ഷി നേതാവായി തെരഞ്ഞെടുക്കും.
Keywords: CPM to have 12 ministers; Will it be all newcomers?, Thiruvananthapuram, News, Politics, Cabinet, Pinarayi Vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.