നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നം; 32 പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടികളെടുത്ത് സിപിഎം
Jul 29, 2021, 11:56 IST
കോഴിക്കോട്: (www.kvartha.com 29.07.2021) നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കുറ്റ്യാടി മണ്ഡലത്തില്‍ കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടികളെടുത്ത് സി പി എം. കുറ്റ്യാടി ലോകല്‍ കമിറ്റി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. ലോകല്‍ കമിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ 32 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
കുറ്റ്യാടി ലോകല്‍ കമിറ്റി അംഗങ്ങളായ കെ കെ ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെ പി ബാബുരാജ്, കെ പി ഷിജില്‍ എന്നിവരെ പാര്‍ടിയില്‍ നിന്ന് പുറത്താക്കി. കെ പി വത്സന്‍, സി കെ സതീശന്‍, കെ വി ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്കും സി കെ ബാബു, എ എം. വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്പെന്‍ഡ് ചെയ്തു. വടയം ലോകല്‍ കമിറ്റിയിലെ ഏരത്ത് ബാലന്‍, എ എം അശോകന്‍ എന്നിവരെയും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
കുറ്റ്യാടി ഈസ്റ്റ് ബ്രാഞ്ച് സെക്രടറി ടി കെ ജമാല്‍, കൂരാറ ബ്രാഞ്ച് സെക്രടറി വിനോദന്‍, ഡി വൈ എഫ് ഐ കുറ്റ്യാടി മേഖല സെക്രടറി കെ വി രജീഷ് എന്നിവരെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പുറത്താക്കിയവരില്‍ പാലേരി ചന്ദ്രന്‍ കുറ്റ്യാടി വെസ്റ്റ് ബ്രാഞ്ച് സെക്രടറികൂടിയാണ്. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത മറ്റ് ബ്രാഞ്ച് സെക്രടറിമാരെ താക്കീത് ചെയ്തു.
പതിനാല് ബ്രാഞ്ചുകളാണ് കുറ്റ്യാടി ലോകലിലുള്ളത്. അഡ്ഹോക് കമിറ്റി ഇനി ബ്രാഞ്ച് കമിറ്റികള്‍ വിളിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ താക്കീത് ചെയ്യും. പി സി രവീന്ദ്രന്‍ സെക്രടറിയായ കുറ്റ്യാടി ലോകല്‍ കമിറ്റി നേരത്തേ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഏരിയ കമിറ്റിയംഗം എ എം റഷീദ് കണ്‍വീനറായ അഡ്ഹോക് കമിറ്റി നിലവില്‍ വന്നു.
കുന്നുമ്മല്‍ ഏരിയ കമിറ്റിയിലെ ടി കെ മോഹന്‍ദാസ്, കെ പി ചന്ദ്രി എന്നിവര്‍ക്കെതിരെ നേരത്തേ നടപടിയെടുത്തിരുന്നു. യു ഡി എഫില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തിട്ടും കെ പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എയെ ജില്ലാ സെക്രടേറിയറ്റില്‍ നിന്ന് ജില്ലാ കമിറ്റിയിലേക്ക് തരംതാഴ്ത്തിയാണ് കുറ്റ്യാടി വിഷയത്തില്‍ സി പി എം നടപടി ആരംഭിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.