പാര്‍ടിപ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചെന്ന കേസ്; ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി സിപിഎം
Dec 3, 2021, 12:23 IST
പത്തനംതിട്ട: (www.kvartha.com 03.12.2021) തിരുവല്ലയിലെ സി പി എം പാര്‍ടി പ്രവര്‍ത്തകയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്ന കേസില്‍ രണ്ടാം പ്രതിയായ നാസറിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. സംഭവത്തില്‍ പാര്‍ടി തല അന്വേഷണം നടത്താനും വ്യാഴാഴ്ച ചേര്‍ന്ന സി പി എം ജില്ലാ സെക്രടേറിയറ്റില്‍ തീരുമാനിച്ചു. സി പി എം കാന്‍ഡിഡേറ്റ് അംഗവും ഡി വൈ എഫ് ഐ യൂനിറ്റ് സെക്രടറിയുമാണ് നാസര്‍.
അതേസമയം, കേസിലെ ഒന്നാം പ്രതിയും തിരുവല്ല കോടാലി ബ്രാഞ്ച് സെക്രടറിയുമായ സി സി സജിമോനെതിരെ പാര്‍ടി നടപടിയെടുത്തിട്ടില്ല. വിഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും നാസറാണെന്ന നിഗമനത്തിലാണ് പാര്‍ടി നേതൃത്വം. ബ്രാഞ്ച് സെക്രടറിയെ ബോധപൂര്‍വം പ്രതി ചേര്‍ത്തതാണെന്നും നേതൃത്വം കരുതുന്നു. ഇതിനെ തുടര്‍ന്നാണ് നാസറിനെതിരെ മാത്രം നടപടിയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നേരത്തെ വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡി എന്‍ എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലും പ്രതിയാണ് സജിമോന്‍.
ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍വച്ച് യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തിയെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പെടെ 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസ്. ഇതില്‍ തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും ഉള്‍പെടെ 10 പേര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരില്‍ പെടുന്നു.
സംഭവത്തില്‍ പാര്‍ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ സി പി എം തിരുവല്ല ഏരിയ കമിറ്റിയുടെ നിലപാട്. പാര്‍ടിക്ക് അവമതിപ്പുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനാല്‍ യുവതിയെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നതാണെന്നായിരുന്നു വിഷയത്തില്‍ ഏരിയ സെക്രടറി ഫ്രാന്‍സിസ് വി ആന്റണി പ്രതികരിച്ചിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.