Party Defense | പിപി ദിവ്യയെ സംരക്ഷിക്കാന്‍ സിപിഎം; മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത് പ്രമുഖ ഇടതുപക്ഷ അഭിഭാഷകന്‍ വഴി
● തലശേരിയിലെ പ്രമുഖ സിപിഎം അഭിഭാഷകനായ വി വിശ്വന്‍ മുഖേനയാണ് കോടതിയെ സമീപിച്ചത്
● തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് കലക്ടറെന്നും വെളിപ്പെടുത്തല്‍
● സംസാരിക്കാന്‍ അനുവദിച്ചത് ഡെപ്യൂട്ടി കലക്ടര്‍
തലശേരി: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് തലശേരിയിലെ പ്രമുഖ സിപിഎം അഭിഭാഷകന്‍ വഴി. ഇതോടെ പാര്‍ട്ടി പിന്തുണയോടെയാണ് പിപി ദിവ്യയുടെ നിയമ വഴിയിലൂടെയുള്ള പോരാട്ടമെന്ന് തെളിഞ്ഞതായി വിമര്‍ശകര്‍.
തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. തലശേരിയിലെ പ്രമുഖ സിപിഎം അഭിഭാഷകനായ വി വിശ്വന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. താന്‍ ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് എന്ന വാദം തെറ്റാണെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചടങ്ങില്‍ തന്നെ ക്ഷണിച്ചത് കലക്ടര്‍ ആണെന്നാണ് ദിവ്യ പറയുന്നത്.
കലക്ടറെ കൂടി കേസില്‍ പങ്കു ചേര്‍ക്കപ്പെടും വിധമുള്ള പരാമര്‍ശമാണ് ഹര്‍ജിയില്‍ ഉള്ളത്. യോഗത്തില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കുകയാണ് ചെയ്തതെന്നും ഡെപ്യൂട്ടി കലക്ടറാണ് സംസാരിക്കാനായി തന്നെ ക്ഷണിച്ചതെന്നും ദിവ്യ വ്യക്തമാക്കുന്നു. ഡെപ്യൂട്ടി കലക്ടര്‍ ഇരുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ് മാറി ആ കസേര തനിക്ക് തരികയും അതിന് ശേഷം സംസാരിക്കാനായി ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്നാണ് യോഗത്തില്‍ സംസാരിച്ചതെന്നും ദിവ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ദിവ്യയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നുവെങ്കിലും ഇതിനുള്ള നീക്കമൊന്നും ഇതുവരെ നടത്തിയില്ല.
#PPDivya #KeralaPolitics #CPM #ADMCase #AnticipatoryBail #KeralaCourt