Mayor Arya Rajendran | കത്ത് വിവാദത്തില്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രടറിയറ്റ്; മേയര്‍ രാജിവയ്‌ക്കേണ്ട കാര്യമില്ല, കൂടുതല്‍ നടപടികള്‍ വേണ്ടെന്നും അഭിപ്രായം
Nov 11, 2022, 19:56 IST
തിരുവനന്തപുരം: (www.kvartha.com) കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രടറിയറ്റ്. മേയര്‍ രാജിവയ്‌ക്കേണ്ട കാര്യമില്ല, ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. പരാതികളെ സംബന്ധിച്ച് വിജിലന്‍സും അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്നുമുള്ള അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
ആര്യ രാജേന്ദ്രന്റെയും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ടി സെക്രടറി ഡി ആര്‍ അനിലിന്റെയും കത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിന്റെ നിര്‍ദേശ പ്രകാരം അന്വേഷണം തുടങ്ങിയത്. അഴിമതിയുണ്ടോ എന്ന പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. കത്തു വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് ആര്യ രാജേന്ദ്രനും നേരത്തെ വ്യക്തമാക്കിയിരുന്നു. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.
കോര്‍പറേഷനിലെ 295 താല്‍കാലിക തസ്തികകളിലേക്കു പാര്‍ടിക്കാരെ നിയമിക്കാന്‍ ലിസ്റ്റ് ചോദിച്ച് ആര്യ രാജേന്ദ്രനും, എസ്എടി ആശുപത്രിയില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കാന്‍ പാര്‍ടി ലിസ്റ്റ് ചോദിച്ച് ഡി ആര്‍ അനിലും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്തുവന്നിരുന്നു.
മേയറുടെ കത്ത് പുറത്തുവന്നതിനു പിന്നാലെ, രണ്ടു വര്‍ഷത്തിനിടെ കോര്‍പറേഷനില്‍ നടന്ന ആയിരത്തോളം താല്‍കാലിക നിയമനം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ജി എസ് ശ്രീകുമാര്‍ വിജിലന്‍സില്‍ പരാതി നല്‍കി. പിന്‍വാതില്‍ നിയമനങ്ങളിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്താനുള്ള ശ്രമമാണു കത്തിലൂടെ പുറത്തായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: CPM state committee supports Mayor Arya Rajendran, Thiruvananthapuram, News, Meeting, Politics, Trending, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.