Muhammed Riyas | ആരോപണങ്ങളുടെ പത്മവ്യൂഹത്തില്‍ മുഖ്യമന്ത്രി ഒറ്റപ്പെട്ടോ? മുഹമ്മദ് റിയാസ് പറഞ്ഞതിന്റെ പൊരുള്‍ തേടി സിപിഎം
Jun 6, 2023, 15:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ഭാമ നാവത്ത്
കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രിക്കെതിരെയുളള ആരോപണങ്ങള്‍ കത്തിനില്‍ക്കവെ പ്രതിരോധിക്കാന്‍ പാര്‍ടി മന്ത്രിമാരുള്‍പെടെ എത്തുന്നില്ലെന്ന് പറഞ്ഞ പിണറായി വിജയന്റെ മരുമകനും മന്ത്രിസഭയിലെ രണ്ടാമനുമായ മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് പാര്‍ടിക്കുളളിലെ ചില നേതാക്കളെയാണെന്ന് വിലയിരുത്തല്‍.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായി പിണറായി വിജയനെതിരെ സര്‍കാരിന്റെ തലവനെന്ന നിലയില്‍ ഉയരുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കേണ്ട ആവശ്യം ഘടകകക്ഷി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമില്ലെന്ന് അറിയാത്ത നേതാവല്ല മുഹമ്മദ് റിയാസ്. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ ജനങ്ങളോട് വിശദീകരണം നല്‍കേണ്ട ഉത്തരവാദിത്വം പാര്‍ടിക്കും പാര്‍ടി നിയോഗിച്ച മന്ത്രിമാര്‍ക്കുമുണ്ട്.
സിപിഎം മന്ത്രിമാരില്‍ പലരും സംസ്ഥാന സെക്രടറിയേറ്റ് അംഗങ്ങളും ഉന്നത നേതാക്കളുമാണ്. അതുകൊണ്ടുതന്നെ റിയാസ് ലക്ഷ്യമിടുന്നത് പാര്‍ടിക്കുളളിലെ നേതാക്കളെ തന്നെയാണെന്ന് വ്യക്തം. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, എം ബി രാജേഷ്, വി എന്‍ വാസവന്‍, വീണാജോര്‍ജ്, കെ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മന്ത്രിസഭയിലെ സി പി എം പ്രതിനിധികള്‍. എന്നാല്‍ ഇവരൊന്നും എ ഐ കാമറാ അഴിമതി വിവാദങ്ങളില്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ പിന്‍തുണച്ചാല്‍ പിന്തുണയ്ക്കുന്നവര്‍ ഫാന്‍സ് അസോസിയേഷനാകുമെന്ന ആശങ്ക പലര്‍ക്കുമുണ്ടെന്നും ഇതു വേണ്ടെന്നുമാണ് ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞത്.
രണ്ടാം പിണറായി സര്‍കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയായിരുന്നു റിയാസിന്റെ പരാമര്‍ശം. പ്രതിച്ഛായ ഓര്‍ത്ത് മന്ത്രിമാര്‍ അഭിപ്രായം പറയാന്‍ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരെയുളള ആരോപണം പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു റിയാസിന്റെ ഓര്‍മപ്പെടുത്തല്‍. എന്നാല്‍ മുഹമ്മദ് റിയാസ് യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത് പാര്‍ടി സംസ്ഥാന സെക്രടറി എം വി ഗോവിന്ദനെയും ചില ഉന്നത നേതാക്കളെയുമാണെന്ന ചര്‍ച്ച സിപിഎമ്മില്‍ സജീവമാണ്.
റിയാസിന്റെ വിമര്‍ശനം കുറിക്കുകൊണ്ടുവെന്നതിന്റെ തെളിവാണ് സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ഈക്കാര്യത്തില്‍ പെട്ടെന്നു തന്നെ പ്രതികരണവുമായി രംഗത്തുവന്നത്. എന്നാല്‍ പാര്‍ടിക്കെതിരെയാണ് വിമര്‍ശനമെന്ന് തോന്നിപ്പിക്കാതെ മന്ത്രിമാര്‍ രാഷ്ട്രീയം പറയണമെന്നത് പാര്‍ടി നയമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ നിലവില്‍ മന്ത്രിമാര്‍ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
എന്നാല്‍ മുഖ്യമന്ത്രിയും കുടുംബവും നിരന്തരം ആരോപണങ്ങളില്‍ ഉള്‍പെടുന്നത് സിപിഎമ്മിലെ ചില നേതാക്കളില്‍ അതൃപ്തി സൃഷ്ടിക്കുന്നുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. സമ്പദ്ഘടന തകര്‍ന്ന കേരളത്തില്‍ ഭരണം ഈരീതിയില്‍ പോയാല്‍ പറ്റില്ലെന്ന അഭിപ്രായം ഇവരില്‍ ചിലര്‍ പാര്‍ടിക്കുളളില്‍ പറഞ്ഞതായാണ് വിവരം.
പിണറായി വിമര്‍ശനത്തിന് അതീതനാണെന്ന അപ്രാഖ്യാപിത വിലക്ക് സിപിഎമ്മില്‍ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അയഞ്ഞുതുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. പിണറായിയുടെ പ്രവര്‍ത്തനശൈലിയോട് എതിര്‍പ്പുളള ഒട്ടേറെ നേതാക്കള്‍ ഇപ്പോള്‍ സിപിഎമ്മിലുണ്ട്. പി ജയരാജന്‍ ഉള്‍പെടെയുളള പാര്‍ടിക്കുളളില്‍ അണികളുടെ അംഗീകാരമുളള നേതാക്കള്‍ നിശബ്ദരാണ്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, കേന്ദ്ര കമിറ്റിയംഗം കെ കെ ശൈലജ, പി കെ ശ്രീമതി തുടങ്ങിയ നേതാക്കളൊക്കെ പേരിനു മാത്രമേ വിവാദവിഷയങ്ങളില്‍ അഭിപ്രായം പറയാറുളളൂ.
രണ്ടാം പിണറായി സര്‍കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവം മാത്രമേ മന്ത്രിസഭയിലുളളൂവെന്നും മറ്റു മന്ത്രിമാരില്‍ മുഹമ്മദ് റിയാസിന് മാത്രമേ പ്രാധാന്യം കൊടുക്കുന്നുളളൂവെന്നുമുള്ള ആരോപണം ശക്തമാണ്.
പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതെ തങ്ങളുടെ മന്ത്രിമാര്‍ റബര്‍ സ്റ്റാംപായി മാറിയെന്ന പരിദേവനം സി പി ഐ ഉള്‍പെടെയുളള പാര്‍ടികള്‍ക്കുണ്ട്. അതുകൊണ്ടു തന്നെയാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഘടകകക്ഷി മന്ത്രിമാരും നിശബ്ദത പാലിക്കുന്നത്.
Keywords: News, Kerala, Kerala-News, CPM, Muhammed Riyas, EP Jayarajan, KK Shailaja, PK Srimathi, Statement, CM, Pinarayi Vijayan, Politics, Politics-News, CPM sought the meaning of Muhammed Riyas Statement about CM Pinarayi Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

