സംസ്ഥാനത്ത് സി.പി.എം. ജില്ലാ സെക്രട്ടറിമാര്‍ക്ക് ശനിദശ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സംസ്ഥാനത്ത് സി.പി.എം. ജില്ലാ സെക്രട്ടറിമാര്‍ക്ക് ശനിദശ

കണ്ണൂര്‍: സംസ്ഥാനത്തെ സി.പി.എം. ജില്ലാ സെക്രട്ടറിമാര്‍ക്ക് ശനിദശയെന്ന് രാഷ്ട്രീയ ജ്യോത്സന്‍മാര്‍ വിലയിരുത്തുന്നു. ഇക്കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടയ്ക്ക് നാല് ജില്ലാ സെക്രട്ടറിമാരാണ് വിവധ കേസുകളിലകപ്പെട്ട് പാര്‍ട്ടിയുടെ പ്രതിഛായ ഇടിച്ചുതാഴ്ത്തിയത്.

ഇതില്‍ രണ്ട് ജില്ലാ സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മറ്റൊരാളെ ആറ് മാസത്തേക്ക് ജില്ലാ സെക്രട്ടറിസ്ഥാനത്ത്‌നിന്നും നീക്കി ആറ് മാസത്തേക്ക് സസ്‌പെന്റ്‌ചെയ്തു. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കൊലക്കേസില്‍ അകപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി.

ഇക്കാലയളവില്‍ പാര്‍ട്ടിയില്‍ നിന്ന് ആദ്യംപുറത്തുപോയത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയാണ്. ശശിയെ പുറത്താക്കിയകാരണം പാര്‍ട്ടിയുടെ പ്രതിഛായയെ തെല്ലൊന്നുമല്ല ഉലച്ചത്. സംഗതി സ്ത്രീവിഷയം തന്നെ. ഇതിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിന്റെ സ്ഥാനം തെറിച്ചതും സ്ത്രീവിഷയത്തില്‍ തന്നെ. ഒരു വനിതാ അഭിഭാഷകയോട് ഗോപിക്കുണ്ടായ വഴിവിട്ട അടുപ്പവും ഇത് കണ്ടുപിടിച്ച ഒളിക്യാമറ വിവാദവുമാണ് അദ്ദേഹത്തെ എറണാകുളത്തെ ലെനിന്‍ സെന്ററിന്റെ പടിക്ക് പുറത്താക്കിയത്. പാര്‍ട്ടിക്കുള്ളിലെ ഗോപിയുടെ കോട്ടമുറിച്ചത് സി.പി.എം. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിദ്ധ്യത്തിലാണ്. പുറത്തായ പി. ശശി പിണറായി പക്ഷക്കാരനായതുകൊണ്ട് ശശി വിഷയം ആളിക്കത്തിക്കാന്‍ വി.എസ്. അച്ചുതാനന്ദനും മുന്നിട്ടിറങ്ങിയിരുന്നു.

അടുത്തകഥ ഇടുക്കിയിലെ മണിയാശാന്റേതാണ്. നാട്ടുകാരുടെ പ്രിയങ്കരനായ ഈ മണിയാശാന്‍ എന്ന എം.എം. മണി പ്രസംഗത്തിനിടയില്‍ ആവേശം മൂത്ത് തന്റെ പാര്‍ട്ടി മുമ്പ് ഇടുക്കിയില്‍ പട്ടിക തയ്യാറാക്കി കഥകഴിച്ചവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇതോടെ സി.പി.ഐ. (എം) ഒരു മര്‍ഡര്‍പാര്‍ട്ടിയായി ലോകത്തിനുമുന്നില്‍ വ്യാഖ്യാനിക്കപ്പെട്ടു. ബി.ബി.സിയടക്കമുള്ള വാര്‍ത്താ മാധ്യമങ്ങളാണ് ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയുടെ വീരകഥ നാട്ടിലാകെ പാട്ടാക്കിയത്.

ഈ സംഭവം ഗൗരവത്തിലെടുത്ത കേന്ദ്ര നേതൃത്വം മണിക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് മണിയാശാനെ മനസ്സില്ലാ മനസ്സോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ബന്ധിതരായത്.

അടുത്തത് കണ്ണൂരിലെ തീപ്പൊരിനേതാവ് പി. ജയരാജനില്‍ എത്തിനില്‍ക്കുന്നു. ആര്‍.എസ്.എസിന്റെ കൊലക്കത്തിക്കും ബോംബേറിനും മുന്നില്‍ മരണത്തെ മുഖാമുഖം കണ്ടാണ് ജയരാജന്‍ ജില്ലാ സെക്രട്ടറിയുടെ പദവിയിലെത്തിയത്. എം.എല്‍.എയും ആയിരുന്നു. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ വടകര എം.പി. പി. സതീദേവിയുടെ ജ്യേഷ്ടസഹേദരനാണ്. ഇങ്ങനെ നിരവധി വിശേഷണങ്ങള്‍ പി. ജയരാജനുണ്ട്. പക്ഷേ തളിപ്പറമ്പിലെ എം.എസ്.എഫ്. നേതാവ് അബ്ദുല്‍ ശുക്കൂറിനെ സി.പി.എം. സംഘം വധിച്ചകേസിലാണ് ജയരാജനെ ഇപ്പോള്‍ പ്രതിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുന്നത്. ഇനി ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും പോലീസ് എങ്ങനെയെങ്കിലും ഇദ്ദേഹത്തെ കുടുക്കിയില്ലെങ്കിലെ അത്ഭുതമുള്ള. വരുംനാളുകളില്‍ കേരളം കേള്‍ക്കാനിരിക്കുന്നവാര്‍ത്ത അതായിരിക്കും.

- കെ.എസ്. ഗോപാലകൃഷ്ണന്‍

Keywords:  Kannur, CPM, Kerala, Case, District Secretary, P. Jayarajan, K.M. Mani, Gopi Kottamurikkal, P. Sasi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia