Magsaysay Award | കെ കെ ശൈലജയ്ക്ക് രാജ്യാന്തര ബഹുമതിയായ മാഗ്സസെ അവാര്‍ഡ് ലഭിക്കാനുള്ള അവസരം പാര്‍ടി നേതൃത്വം നിഷേധിച്ചതായി റിപോര്‍ട്; നഷ്ടമായത് പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി വനിതയെന്ന അവസരം
Sep 4, 2022, 11:27 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയ്ക്ക് 2022ലെ മാഗ്സസെ പുരസ്‌കാരം ലഭിക്കാനുള്ള അവസരം പാര്‍ടി നേതൃത്വം നിഷേധിച്ചതായി റിപോര്‍ട്.
നിപ, കോവിഡ് 19 എന്നിവ നേരിടുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കാനും ഫലപ്രദമായി നേതൃത്വം നല്‍കിയെന്ന് വിലയിരുത്തിയാണ് 64-ാമത് മാഗ്‌സസെ പുരസ്‌കാരത്തിന് കെ കെ ശൈലജയെ അവാര്‍ഡ് ഫൗന്‍ഡേഷന്‍ പരിഗണിച്ചത്. എന്നാല്‍ സിപിഎം നേതൃത്വം അവാര്‍ഡ് സ്വീകരിക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. ശൈലജയെ പരിഗണിച്ചശേഷം ഫൗന്‍ഡേഷന്‍ രാജ്യത്തെ ഏതാനും പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. ശൈലജയുമായി ഫൗന്‍ഡേഷന്‍ പ്രതിനിധികള്‍ ഓന്‍ലൈന്‍ ആശയവിനിമയം നടത്തിയെന്നും പിന്നീട് ജൂലായ് അവസാനത്തോടെ അവാര്‍ഡ് വിവരം അറിയിച്ചുവെന്നും റിപോര്‍ടില്‍ പറയുന്നു. പാര്‍ടി അനുവദിച്ചിരുന്നെങ്കില്‍ മാഗ്സസെ ലഭിക്കുന്ന ആദ്യ മലയാളി വനിതയായി ശൈലജ മാറുമായിരുന്നു.
അന്താരാഷ്ട്ര ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ച് മുന്‍ മന്ത്രിക്ക് അയച്ച ഇ-മെയിലില്‍, അവാര്‍ഡ് സ്വീകരിക്കാനുള്ള അവളുടെ സന്നദ്ധത രേഖാമൂലം അറിയിക്കാന്‍ ഫൗന്‍ഡേഷന്‍ ആവശ്യപ്പെട്ടു. 2022 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ അവാര്‍ഡുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളും ഫൗന്‍ഡേഷന്‍ ക്രമീകരിച്ചിരുന്നു.
സിപിഎം കേന്ദ്രകമിറ്റി അംഗമായ ശൈലജ, പുരസ്‌കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ടി നേതൃത്വവുമായി ആലോചിച്ചിരുന്നു. എന്നാല്‍, അവാര്‍ഡിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച നേതൃത്വം, അത് സ്വീകരിക്കുന്നതിനെതിരെ നിലപാടെടുക്കുകയായിരുന്നു. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ടി ഏല്‍പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് പാര്‍ടി വിലയിരുത്തല്‍. കൂടാതെ, നിപയും കോവിഡ് മഹാമാരിയും പ്രതിരോധിച്ചത് സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍ ഒരാളുടെ വ്യക്തിഗത മേന്മ എന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്നും പാര്‍ടി നേതൃത്വം നിലപാടെടുത്തു.
ഇതേത്തുടര്‍ന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗന്‍ഡേഷന് കത്തയച്ചു. കമ്യൂനിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മാഗ്സസെയുടെ പേരിലുള്ളതിനാല്‍ അവാര്‍ഡ് സ്വീകരിക്കരുതെന്ന് പാര്‍ടി തീരുമാനിച്ചതായും അറിയുന്നു. ഇത്തരമൊരു അവാര്‍ഡ് സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ടി വിലയിരുത്തിയത്. സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരിയും കെ കെ ശൈലജയും ഈ സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റിപോര്‍ടില്‍ പറയുന്നു.
നിപ ബാധയും കോവിഡ് പകര്‍ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു. ഇന്‍ഡ്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെയാണ് ശാസ്ത്രീയമായ രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കുന്നത് എന്ന് എടുത്തുകാണിച്ച വിവിധ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ശൈലജയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു.
ഏഷ്യയുടെ നോബല്‍ പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന മാഗ്സസെ അവാര്‍ഡ് അന്തരിച്ച ഫിലിപീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള രാജ്യാന്തര ബഹുമതിയാണ്. വിവിധ മേഖലകളില്‍ നിസ്വാര്‍ഥ സേവനങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് മാഗ്‌സസെ പുരസ്‌കാരം നല്‍കുന്നത്.
ശൈലജ അവാര്‍ഡ് സ്വീകരിച്ചിരുന്നെങ്കില്‍, വര്‍ഗീസ് കുര്യന്‍, എം എസ് സ്വാമിനാഥന്‍, ബി ജി വര്‍ഗീസ്, ടി എന്‍ ശേഷന്‍ എന്നിവര്‍ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയായി അവര്‍ മാറുമായിരുന്നു.
വിനോബ ഭാവെ, മദര്‍ തെരേസ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയ നേതാക്കളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും പേരിനൊപ്പം മുന്‍മന്ത്രിയുടെ പേരും ഇടംപിടിക്കുമായിരുന്നു. പുരസ്‌കാരം കേരളത്തിനും പിണറായി വിജയന്റെ കീഴിലുള്ള സംസ്ഥാന സര്‍കാരിനും സിപിഎമിനും വലിയൊരു അംഗീകാരമാകുമായിരുന്നുവെന്നും റിപോര്‍ട് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

