Conflict | രാഷ്ട്രീയവിവാദങ്ങള്‍ക്കിടെ പിവി അന്‍വറിനെ തള്ളി സിപിഎം; എംഎല്‍എയുടെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായെന്ന് വിലയിരുത്തല്‍


● ഉന്നയിച്ച പരാതികളില്‍ അന്വേഷണം നടത്തുകയാണ്
● തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള പ്രതികരണം പാര്‍ട്ടിക്ക് ഗുണകരമല്ല
തിരുവനന്തപുരം: (KVARTHA) ഏറെ ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയവിവാദങ്ങള്‍ക്കിടെ പിവി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഎം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായെന്നും നിലപാട് തിരുത്തി എംഎല്‍എ പിന്തിരിയണമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
അന്‍വറിനെ തള്ളി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിമരായി വിജയനും രംഗത്തെത്തിയിരുന്നു. അന്‍വറിന് സിപിഎമ്മിന്റെ നിലപാടല്ലെന്നും അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും വന്നതാണെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയും നിലപാട് വ്യക്തമാക്കുന്നത്. പിവി അന്‍വര്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. പരാതി പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കുന്ന സാഹചര്യത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
സര്‍ക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കിയ വെളിപ്പെടുത്തല്‍ നടത്തിയ പിവി അന്‍വറിനെ ശനിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒപ്പമുള്ള എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ ചെയ്യേണ്ടിയിരുന്നത് പ്രശ്‌നം പാര്‍ട്ടിയുടെയും തന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അതിനുശേഷം മതിയായിരുന്നു പരസ്യനടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പരസ്യ പ്രതികരണത്തിന് പിന്നാലെ എം എല്‍ എയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നീട് കാണുന്നത് വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവന നടത്തുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തത്കാലം നടപടി എടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ആരോപണത്തില്‍ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടാല്‍ മാത്രം നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വൈകുന്നേരം പിവി അന്‍വറും വാര്‍ത്താസമ്മേളനം വിളിച്ചു. കടുത്ത ഭാഷയില്‍ തന്നെ തനിക്ക് വ്യക്തമാക്കാനുള്ള കാര്യങ്ങള്‍ അദ്ദേഹം തുറന്നുപറയുകയും ചെയ്തു. മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണെന്ന് പറഞ്ഞ അന്‍വര്‍ അദ്ദേഹമെടുത്ത തീരുമാനങ്ങളില്‍ പുനഃപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് തന്നെ വേണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്റെ വഴി നോക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.
പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്. വസ്തുതകള്‍ ഇതായിരിക്കെ സര്‍ക്കാരിനും, പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പിവി അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട് പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
പിവി അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് സര്‍ക്കാരിനേയും, പാര്‍ട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിക്കുന്നു.
#KeralaPolitics #CPM #PVAnvar #PoliticalControversy #IndiaNews