Kerala Politics | മുസ്ലിം ലീഗിനോട് സിപിഎമ്മിന് എന്താണ് ഇത്ര കാര്യം?

 


/ മിന്റാ മരിയ തോമസ്

(KVARTHA) മുസ്ലിംലീഗിനെ സിപിഎം വൈകാതെ വിഴുങ്ങുമോ..?. ഇതും ഇപ്പോൾ ചർച്ചയാകുകയാണ്. എല്ലാവർക്കും തുല്യനീതി എന്ന നിലയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇപ്പോൾ മുന്നോട്ടു നീങ്ങുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്ന ഒരു കാര്യവും ആണ് ഇത്. സംസ്ഥാനത്ത് ഇപ്പോൾ ഈ വിഷയം വലിയ വിവാദമായി മാറിയിരിക്കുകയാണ്. മതസംഘടനകളൊക്കെ വലിയ രീതിയിൽ ഈ വിഷയത്തിൽ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ നിയമം തങ്ങളുടെ മതവിശ്വസങ്ങൾക്കെതിരായുള്ള കൈ കടത്തൽ ആകുമെന്ന് വിവിധ മത നേതാക്കൾ പറയുന്നു.

Kerala Politics | മുസ്ലിം ലീഗിനോട് സിപിഎമ്മിന് എന്താണ് ഇത്ര കാര്യം?

 വിവാഹം, വിവാഹ മോചനം, പിന്തുടർച്ചവകാശം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയവയൊക്കെ ഏകീകൃത സിവിൽ കോഡ് നിയമത്തിൻ്റെ പരിധിയിൽ വരുന്നതാണ്. ഈ വിഷയങ്ങളിൽ എല്ലാം തന്നെ ചില മതങ്ങൾക്ക് പൊരുത്തക്കേടുകൾ ഉണ്ട്. അതിൽ ഏറ്റവും അധികം എതിർപ്പുള്ളത് മുസ്ലിം സമുദായത്തിനാണ്. അവരുടെ മതവിശ്വാസങ്ങൾക്ക് എതിരെയുള്ള നീക്കമായി ഇതിനെ അവരുടെ അംഗങ്ങളിൽ കൂടുതൽ പേരും കാണുന്നു. പണ്ട് പൗരത്വബിൽ ഇവിടെ നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ ഉണ്ടായ എതിർപ്പുപോലെ തന്നെയാണ് ഇപ്പോൾ ഈ വിഷയത്തിലും മുസ്ലിം സമുദായത്തിൻ്റെ ഭാഗത്ത് നിന്ന് ഉയർന്നു വരുന്ന എതിർപ്പുകൾ. മുസ്ലിം ലീഗ് പോലും ഈ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെയുള്ള നിലപാടുമായി രംഗത്ത് വന്നിട്ടുണ്ട്.

നേരത്തെ പൗരത്വബില്ലിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നപ്പോൾ അവരെ ഈ വിഷയത്തിൽ ഏറ്റവും അധികം പിന്തുണച്ചത് മുസ്ലിം ലീഗ് പോലുള്ള സംഘടനകൾ എക്കാലവും അടുക്കാതെ മുഖം തിരിച്ചു നിന്ന ഇടതുപാർട്ടികൾ തന്നെയായിരുന്നു, പ്രത്യേകിച്ച് സി.പി.എം പോലുള്ള പാർട്ടികൾ. അന്ന് മുസ്ലിംലീഗ് ഘടകകക്ഷിയായിരിക്കുന്ന കോൺഗ്രസിൽ നിന്നും യു.ഡി.എഫിൽ നിന്നും വലിയ പിന്തുണ മുസ്ലിം സമുദായത്തിനോ സംഘടനകൾക്കോ ഉണ്ടായില്ലെന്നതാണ് വാസ്തവം. ഇപ്പോൾ ഈ വിഷയത്തിലും മുസ്ലീംലീഗിനെയും മുസ്ലിം സംഘടനകളെയും പിന്തുണച്ച് സി.പി.എം രംഗത്ത് എത്തിയത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.

സിപിഎമ്മുമായി ഇതുവരെ മറ്റ് ഏത് പാർട്ടികൾ ഭരണത്തിൽ പങ്കാളികൾ ആയപ്പോൾ പോലും ലീഗ് ഒരിക്കൽ പോലും അവരെ പിന്തുണച്ചിരുന്നില്ലെന്നതാണ് വാസ്തവം. ഒരിക്കൽ പോലും മുസ്ലിം ലീഗ് ഇടതുപാർട്ടികളുമായി ചേർന്ന് ഇവിടെ ഭരണം കയ്യാളിയിട്ടില്ല. ഇപ്പോൾ ജോസ്.കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും മുൻപ് പി.ജെ.ജോസഫിൻ്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും ഇടതുപക്ഷവുമായി ചേർന്ന് കേരളത്തിൽ ഭരണം കൈയ്യാളിയ ചരിത്രം ഉണ്ടെന്ന് ഓർക്കണം. എന്തിന് ഏറെ പറയുന്നു. കോൺഗ്രസ് പിളന്നപ്പോൾ എ കെ ആൻ്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ ഒരു ഗ്രൂപ്പ് ഇടതുപക്ഷവുമായി ചേർന്ന് ഭരണത്തിൽ പങ്കാളിയായിട്ടുണ്ട്.

എന്നാൽ അന്ന് മുതൽ ഇന്ന് വരെ സിപിഎമ്മുമായും ഇടതുമുന്നണിയുമായും അകലം പാലിച്ചവരാണ് ലീഗും ലീഗ് അണികളും എന്നോർക്കണം. ഇപ്പോൾ അന്നത്തെ ബദ്ധ ശത്രു പൗരത്വ ബിൽ, ഏകീകൃത സിവിൽ കോഡ് വിഷയങ്ങളിൽ ലീഗിനും മുസ്ലിം സമുദായത്തിനും വലിയ തോതിൽ പിന്തുണ കൊടുത്ത് രംഗത്ത് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഈ വിഷയങ്ങളിൽ നടക്കുന്ന പ്രതിഷധപരിപാടികളിൽ സിപിഎമ്മിനെ സ്വാഗതം ചെയ്തു കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് രംഗത്ത് വരികയും ചെയ്തു. ഇത്തരം വിഷയങ്ങളിൽ സി.പി.എമ്മുമായി ചേർന്ന് പ്രതിഷേധിക്കാൻ തങ്ങൾക്ക് യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ലീഗിൻ്റെ ഇതുവരെയുള്ള നിലപാടുകളുടെ ഒരു മാറ്റത്തിൻ്റെ സൂചനയല്ലേ അദ്ദേഹത്തിൻ്റെ ഈ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്?

ലീഗിനെ മുന്നണിയിൽ എടുക്കാൻ ഒരു തടസ്സവുമില്ലെന്ന് സി.പി.എം സെക്രട്ടറിയും പാർട്ടി നേതാക്കളും ഇപ്പോൾ പലവട്ടം ആവർത്തിച്ചു പറയുന്നുമുണ്ട്. ഇതും ഒരു മാറ്റത്തിൻ്റെ സൂചനയായി വ്യാഖ്യാനിച്ചാൽ കുഴപ്പമുണ്ടോ. പ്രതിസന്ധി ഘട്ടങ്ങളിൽ ലീഗിനും മുസ്ലിം സമുദായാംഗങ്ങൾക്കും വിശ്വസിച്ച് സമീപിക്കാൻ പറ്റുന്ന പാർട്ടി കോൺഗ്രസിനെക്കാളും യു.ഡി.എഫിനെക്കാളും അധികം സി.പി.എമ്മും ഇടതുമുന്നണിയുമാണെന്ന് ഈ സമുദായങ്ങളെ ബോധ്യപ്പെടുത്താൻ സി.പി.എമ്മിനും നേതാക്കൾക്കും ആകുന്നുണ്ടെന്നത് വളരെ യാഥാർത്യമാണ്. നാളെ മുസ്ലിംലീഗ് മറിച്ച് ചിന്തിച്ചാൽ പോലും അതിശയപ്പെടേണ്ട കാര്യമില്ല. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ മുസ്ലിം സമുദായാംഗങ്ങൾ കൂടുതൽ അധിവസിക്കുന്ന മേഖലകളിൽ പഴയതിൽ അധികമായി കൂടുതൽ പിന്തുണ ഇന്ന് നേടിയെടുക്കാൻ സി.പി.എമ്മിനും ഇടതുമുന്നണിയ്ക്കും ആയി എന്നത് ഒരു വാസ്തവം ആണ്. ദിവസം ചെല്ലുന്തോറും ഇപ്പോൾ ആ പിന്തുണ ഏറി വരികയും ചെയ്യുന്നു.

മുസ്ലിം ലീഗിനും മുസ്ലിം സമുദായ അംഗങ്ങൾക്കും ഭൂരിപക്ഷമുള്ള മേഖലകളിൽ മുസ്ലിം സമുദായങ്ങളെ സ്ഥാർത്ഥികളാക്കി ഇക്കാലത്ത് വിജയിപ്പിക്കാനായതും സി.പി.എമ്മിൻ്റെയും ഇടതുമുന്നണിയുടെയും പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. മലപ്പുറം ജില്ലയിലെ മങ്കടയിൽ ലീഗിലെ കരുത്തനായ എം.കെ.മുനീറിനെതിരെ വരെ സി.പി.എം സ്വതന്ത്രനെ നിർത്തി വിജയിപ്പിക്കാനായത് പാർട്ടിയുടെ നേട്ടം തന്നെയാണ്. പിന്നീട് മഞ്ഞളാം കുഴി അലിയെന്ന ഈ പാർട്ടി സ്വതന്ത്രനായ എം.എൽ.എ യെ ലീഗ് അങ്ങോട്ട് എടുത്ത് കൊണ്ടുപോയി എങ്കിലും കൂടുതൽ ലീഗ് നേതാക്കളെയും അംഗങ്ങളെയും ഇടതുമുന്നണിയിലേയ്ക്ക് കൊണ്ടുവരാൻ സി.പി.എം പാർട്ടിക്ക് ആയി എന്നത് ഒരിക്കലും വിസ്മരിക്കാനാവില്ല.

കുറ്റിപ്പുറത്ത് ലീഗിൻ്റെ പ്രധാനി പി.കെ. കുഞ്ഞാലിക്കുട്ടിയെ ഇടതിൻ്റെ കെ.ടി.ജലീൽ തോൽപ്പിച്ചത് ഒരു ചരിത്രമാണ്. പിന്നീട് താനൂർ പോലുള്ള മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ അബ്ദുർ റഹ് മാനും, കോൺഗ്രസിൻ്റെ കോട്ടയായ നിലമ്പൂരിൽ ഇടതിൻ്റെ പി.വി അൻവറുമൊക്കെ ഇടതുമുന്നണിയ്ക്ക് വേണ്ടി ജയിച്ച് ഒരു പുത്തൻ ചരിത്രം രചിക്കുകയായിരുന്നു മലപ്പുറത്ത് ലീഗ് കോട്ടകളിൽ. ഇപ്പോൾ കെ.ടി.ജലീൽ തവനൂർ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി തുടർച്ചയായി ജയിച്ചുകൊണ്ടുമിരിക്കുന്നു. ഇതൊക്കെ മുസ്ലിം സമുദായത്തിൻ്റെ മാറുന്ന രാഷ്ട്രീയ നിലപാടുകൾ ആണ് സൂചിപ്പിക്കുന്നത്. ഈ രീതിയിൽ ആണെങ്കിൽ, ഇനി കോൺഗ്രസിന് ഒരു തിരിച്ചു വരവ് ഉണ്ടായില്ലെങ്കിൽ എത്രനാൾ അധികാരം ഇല്ലാതെ ലീഗിന് പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റും?

മറ്റൊന്ന് കേന്ദ്രത്തിലും ഭരണം ഇല്ലാതെ ബി.ജെ.പി മൃഗീയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന അവസ്ഥ. ഇങ്ങനെയൊരു കാലാവസ്ഥയിൽ ലീഗിന് എത്രകാലം പിടിച്ചു നിൽക്കാൻ പറ്റും. എങ്ങനെ അണികളെ കൂടെ നിർത്താൻ പറ്റും. കേരളത്തിലെ കേരളാ കോൺഗ്രസ് പാർട്ടികളെപ്പോലെ തന്നെ അധികാരം ഉപേക്ഷിക്കാൻ പറ്റുന്ന ഒരു പാർട്ടിയല്ല ഈ മുസ്ലിംലീഗും. ഇപ്പോൾ അധികാരമില്ലാതെ രണ്ടാം തവണയും യു.ഡി.എഫിൽ കടിച്ചു തൂങ്ങി നിൽക്കുന്നത് വളരെ കയ്പ്പ് നീരു കുടിച്ചു തന്നെയാണെന്ന് എല്ലാവർക്കും അറിയാം. ഈ സാഹചര്യത്തിൽ നാളെകളിൽ ലീഗ് ഒരു മുന്നണി മാറ്റത്തേക്കുറിച്ച് ചിന്തിച്ചാൽ പോലും അത്ഭുതപ്പേടേണ്ട കാര്യമില്ല. ഈ നിലയിൽ ലീഗ് ഇടതു മുന്നണിയിൽ എത്തിയാൽ അത് സി.പി എമ്മിനെപ്പറ്റി പറയുകയാണെങ്കിൽ ലോട്ടറിയാകും. എന്തു വിലകൊടുത്തും മുസ്ലിം ലീഗിനെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനേ അവർ നോക്കുകയുള്ളു.

ബദ്ധവൈരിയായ കെ.എം.മാണിയുടെ പാർട്ടിയായ കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെപ്പോലും ഇടതുമുന്നണിയിൽ എടുക്കാൻ മടികാണിക്കാഞ്ഞവർ ആണ് സി.പി.എം എന്നോർക്കണം. ആ തന്ത്രത്തിൽ അവർ വിജയിക്കുകയും ചെയ്തു. ഒരിക്കലും നേടിയെടുക്കാൻ പറ്റാത്ത മധ്യകേരളത്തിൽ കൂടുതൽ സീറ്റ് നേടിക്കൊണ്ട് ഇടതുമുന്നണിയ്ക്ക് തുടർഭരണത്തിൽ എത്താനായി എന്നത് നിസാരകാര്യമാണോ. അതുപോലെ തന്നെ ലീഗ് കോട്ടകൾ തങ്ങൾക്ക് അനുകൂലമാക്കാൻ പറ്റിയാൽ പിന്നെ ഈ കേരളവും പഴകാല പശ്ചിമ ബംഗാൾ ആകാൻ അധികം താമസം വേണ്ടിവരില്ലെന്ന് മറ്റാരെക്കാളും നന്നായി സി.പി.എം വല്ല്യേട്ടൻമാർക്ക് അറിയാം. ഇന്ന് ഇടതു മുന്നണിയിൽ നിൽക്കുന്ന മറ്റ് ഏത് ഘടകകക്ഷികളെക്കാളും സി.പി.എമ്മിനു നേട്ടം ലീഗ് ഇടതു മുന്നണിയിൽ എത്തുക എന്നതു തന്നെയാണ്.

അതിനുള്ള നീക്കത്തിൻ്റെ മറ്റൊരു മുഖമാണ് സിപിഎമ്മിൻ്റെ ഈ ലീഗ് സ്നേഹവും പ്രതിഷേധ പിന്തുണയുമൊക്കെ. ഇതിൽ വിജയിച്ചാൽ അധികം വൈകാതെ ലീഗ് ഇടതുമുന്നണിയിൽ എത്തുന്ന കാലം വിദൂരത്ത് അല്ല എന്ന് പറയാം. ഒരിക്കൽ ഇടതുമുന്നണിയിൽ മന്ത്രിയായിരുന്ന പി.ജെ.ജോസഫും അദ്ദേഹത്തിൻ്റെ സ്വന്തം പാർട്ടിയായ കേരളാ കോൺഗ്രസും ഒരു സുപ്രഭാതത്തിൽ രായ്ക്ക് രാമനം രാജിവെച്ച് മാണി സാറിൻ്റെ കേരള കോൺഗ്രസിൽ ലയിച്ച് യു.ഡി.എഫിൽ എത്തുകയായിരുന്നു. പിന്നീട് യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ പി.ജെ.ജോസഫ് അതിലും മന്ത്രിയായി. അതുകൊണ്ട് രാഷ്ട്രീയത്തിൽ ഒന്നും പ്രവചിക്കുക അസാധ്യമാണ്. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ലെന്നതാണ് വസ്തുത. ആര് എപ്പോൾ എങ്ങോട്ടാണ് മറിയുന്നതെന്ന് ഒരിക്കലും ചിന്തിക്കാൻ കൂടി കഴിഞ്ഞെന്ന് വരില്ല.

ലീഗും ഈ മാർകിസ്റ്റ് പാർട്ടിയും തമ്മിൽ ഈ സ്നേഹം അനുദിനം വർധിച്ച് വരുന്ന സാഹര്യം ഉണ്ടായാൽ മുസ്ലിംലീഗ് മുഴുവനോ അല്ലെങ്കിൽ പകുതി കഷ്ണമായോ അവർ ഇടതുമുന്നണിയിൽ എത്താനുള്ള സാധ്യത വളരെയേറെയാണ്. അതിൻ്റെയൊക്കെ മൂടുപടം മാത്രം പൗരത്വബില്ലും ഏകീകൃത സിവിൽ കോഡുമൊക്കെ. ഇനിയും എല്ലാ കാര്യങ്ങളിലും യു.ഡി.എഫും നേതാക്കന്മാരുമൊക്കെ അനങ്ങാപ്പാറ നയം തുടർന്നാൽ അവരുടെ കാലിനടിയിലുള്ള മണ്ണ് ഒലിച്ചുപോകാൻ അധിക സമയം വേണ്ടി വരില്ല. സാധാരണക്കാർക്ക് ചിന്തിക്കാനും ഉൾക്കൊള്ളാനും കേൾക്കാനും പറ്റാത്ത കാര്യങ്ങളിൽ പ്രതിഷേധവുമായി മസിലും പിടിച്ച് നടക്കാതെ ജനങ്ങൾക്ക് ദ്രോഹമാകുന്ന വിഷയങ്ങളിൽ പ്രതിഷേധിക്കാൻ കോൺഗ്രസിനും യു.ഡി.എഫ് നേതാക്കൾക്കും ഇനിയും കഴിയുന്നില്ലെങ്കിൽ നിങ്ങൾ കേന്ദ്രത്തിൽ എന്നപോലെ കേരളത്തിലും തീർത്തും ഇല്ലാതാകാൻ കാലം ഏറെ കാത്തിരിക്കേണ്ടി വരില്ല. അതിൻ്റെയൊക്കെ തുടക്കമാകും സി.പി.എമ്മിൻ്റെ ഈ മുസ്ലിം താല്പര്യം.

Kerala Politics | മുസ്ലിം ലീഗിനോട് സിപിഎമ്മിന് എന്താണ് ഇത്ര കാര്യം?

Keywords: News, Malayalam News, Kerala, Politics,  Muslim League, CPM, Congress, CPM plans to ally with League
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia