CPM | ആകാശിനെ പൂട്ടാന്‍ കച്ചകെട്ടിയിറങ്ങി പാര്‍ടി; കാപയില്‍ നിന്ന് മോചിതനായാലും കാരാഗൃഹവാസം!

 


-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) യൂത് കോണ്‍ഗ്രസ് നേതാവ് ശുഐബിനെ കൊല്ലാന്‍ കല്‍പിച്ച നേതാക്കളെ കുറിച്ചുള്ള വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്ന് സിപിഎം നേതൃത്വത്തെ വിറപ്പിച്ച ആകാശ് തില്ലങ്കേരിയെ പൊലീസിനെ ഉപയോഗിച്ച് പൂട്ടാന്‍ നീക്കം ശക്തമാക്കിയതായി സൂചന. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പൊലീസ് ആകാശിനെ കുരുക്കാന്‍ നീക്കം നടത്തുന്നതെന്നാണ് വിവരം. ഇതോടെ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിയെ പൂര്‍ണമായും കാരാഗൃഹത്തിലടയ്ക്കാനുളള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ അറിവോടെയാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നാണ് റിപോര്‍ട്.
           
CPM | ആകാശിനെ പൂട്ടാന്‍ കച്ചകെട്ടിയിറങ്ങി പാര്‍ടി; കാപയില്‍ നിന്ന് മോചിതനായാലും കാരാഗൃഹവാസം!

ശുഐബിനെ വധിച്ച കേസില്‍ പാര്‍ടിയുടെ നിയമസംരക്ഷണമൊഴിവാക്കി ആകാശ് തില്ലങ്കേരിയെ ഒറ്റയ്ക്കു ജയിലില്‍ അടയ്ക്കാനാണ് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ സ്വദേശിയായ ഉന്നതന്‍ നടത്തുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് മട്ടന്നൂര്‍ പൊലീസ് എടയന്നൂര്‍ ശുഐബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രൊസിക്യൂടര്‍ മുഖേന പൊലീസ് കോടതിയില്‍ ഹരജി നല്‍കിയത്.

ഈ കേസില്‍ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തലശേരി കോടതി മാര്‍ച് എട്ടിന് വാദം കേള്‍ക്കും. ജാമ്യവ്യവസ്ഥ ആകാശ് തില്ലങ്കേരി ലംഘിച്ചതിനാല്‍ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് പബ്ലിക് പ്രൊസിക്യൂടര്‍ അഡ്വ. കെ അജിത് കുമാര്‍ ബുധനാഴ്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ വാദിച്ചു. എന്നാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മറുപടി നല്‍കുന്നതിനായി ആകാശ് തില്ലങ്കേരിയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം തേടി. തുടര്‍ന്ന് ഈ കേസിലെ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം എട്ടിലേക്ക് കോടതി മാറ്റുകയായിരുന്നു. ആകാശ് തില്ലങ്കേരിയുടെ ജാമ്യഹരജി റദ്ദാക്കണമെന്ന കേസ് തലശേരി അഡീഷണല്‍ ജില്ലാകോടതി മൂന്നിലേക്ക് മാറ്റാനും ഉത്തരവിട്ടിട്ടുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുളള പത്താം ബ്ലോകിലാണ് ആകാശിനെയും ജിജോയെയും പാര്‍പിച്ചിരിക്കുന്നത്. ഈ ബ്ലോകിലുളളവരില്‍ കൂടുതല്‍ പേരും ഗുണ്ടാ ആക്ടുപ്രകാരം അറസ്റ്റിലായവരാണ്. ആകാശിനും ജിജോയ്ക്കും പ്രത്യേകം നിരീക്ഷണവുമേര്‍പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ചെ നാലുമണിക്കാണ് ആകാശിനെയും കൂട്ടാളി ജിജോവിനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്. മുഴക്കുന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ഇരുവരേയും വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് മുഴക്കുന്ന് സ്റ്റേഷനിലെത്തിച്ച് കാപ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അറസ്റ്റിന് മുന്നോടിയായി ഇരിട്ടി, മുഴക്കുന്ന്, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ മുഖേനെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന് കൈമാറിയിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും കാപ ചുമത്തി അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമൊപ്പം പിടിയിലായ മൂന്നാം പ്രതി ജയപ്രകാശ് തില്ലങ്കേരി നിലവില്‍ ഒരു കേസില്‍ മാത്രമാണ് പ്രതിയെന്നതിനാല്‍ ഇയാളെ കാപ ചുമത്തുന്നതില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

ശുഐബ് വധത്തിനു പിന്നില്‍ സിപിഎം നേതാക്കളുടെ നിര്‍ദേശമാണെന്ന വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരിക്ക് വിനയായത്. ഈ സംഭവത്തില്‍ ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞുകൊണ്ടു സിപിഎം നേതാക്കളായ പി ജയരാജന്‍, എംവി ജയരാജന്‍, ഡിവൈഎഫ്‌ഐ കേന്ദ്രകമിറ്റിയംഗം എം ഷാജര്‍ എന്നിവര്‍ തില്ലങ്കേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിച്ചിരുന്നു. ഇതിനു ശേഷമാണ് കാപക്കേസില്‍ കുടുക്കി ആകാശിനെയും കൂട്ടാളിയയും മുഴക്കുന്ന് പൊലീസ് ജയിലില്‍ അടച്ചത്. ആറുമാസത്തെ കരുതല്‍ തടങ്കിലിലാണ് ആകാശ് തില്ലങ്കേരിയും ജിജോയും ജയിലില്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ കാപ അപീല്‍ കമിറ്റിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുന്നുണ്ടെന്ന വിവരമുണ്ട്. ഇതു മുന്‍കൂട്ടി മനസിലാക്കിയാണ് പൊലീസ് ആകാശിന് ശുഐബ് വധക്കേസില്‍ ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതെന്നാണ് വിവരം.

Keywords:  Latest-News, Kerala, Kannur, Top-Headlines, CPM, Politics, Political-News, Controversy, Political Party, Akash Thillankeri, CPM move to lock Akash Thillankeri.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia