Controversy | എംവി ഗോവിന്ദന്റെ വിദേശ പര്യടനം പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുന്നു
● ഓസ്‌ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും
● ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയാണ്
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ലണ്ടന്‍ യാത്രയ്ക്കുശേഷം വീണ്ടുമൊരു വിദേശ പര്യടന തിരക്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂരിലെ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ കുടുംബ സമേതമുള്ള വിദേശ യാത്ര.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെയാണ് എംവി ഗോവിന്ദന്‍ വിദേശ പര്യടനത്തിനിറങ്ങിയത്. മുതലാളിത്ത രാജ്യമെന്ന് അറിയപ്പെടുന്ന ഓസ്‌ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കുടുംബ സമേതം യാത്ര പുറപ്പെട്ടത്.
ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഓസ്‌ട്രേലിയക്ക് പോയതെന്നാണ് വിവരം. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കി നിശ്ചയിച്ച ശേഷമായിരുന്നു യാത്ര. ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും ആണ് എംവി ഗോവിന്ദന്‍ പങ്കെടുക്കുന്നത്.
സിഡ് നി, മെല്‍ബണ്‍, ബ്രിസ് ബെന്‍, പെര്‍ത്ത് എന്നിവിടങ്ങിളില്‍ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം ആണ് തീരുമാനിച്ചിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ അമേരിക്കയടക്കം വിദേശ രാജ്യങ്ങളിലേക്ക് യാത്രതിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പാര്‍ട്ടിക്കകത്തും പുറത്തും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
യെച്ചൂരിക്ക് പിന്‍ഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായ വേളയിലാണ് ഇപ്പോള്‍ എംവി ഗോവിന്ദന്‍ സ്ഥലം വിട്ടത്. ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ആര്‍ക്ക് നല്‍കുമെന്നത് അടക്കമുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കിടെയാണ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കേരളത്തില്‍ നിന്നുള്ള പിബി അംഗം കൂടിയായ എംവി ഗോവിന്ദന്റെ വിദേശ സന്ദര്‍ശനം.
യെച്ചൂരിയുടെ മരണത്തില്‍ ദുഖാചരണം കഴിഞ്ഞാണ് പോയതെന്നും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായത് കൊണ്ട് അതില്‍ വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നുമാണ് സിപിഎം വിശദീകരണം. മാസങ്ങള്‍ക്ക് മുന്‍പാണ് എംവി ഗോവിന്ദന്‍ ലണ്ടന്‍ യാത്ര നടത്തിയത്. അതും കുടുംബ സമേതമായിരുന്നു.
#MVGovindan #Controversy #ForeignTrip #CPM #FamilyTrip #BranhMeeting