Tribute | കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ; അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തി എംവി നികേഷ് കുമാറും
● രാവിലെ എട്ട് മണിയോടെയാണ് വിലാപയാത്ര പുറപ്പെട്ടത്
● 11 മണിയോടെ തലശേരി ടൗണ്‍ ഹാളില്‍ മൃതദേഹം എത്തിച്ചു
കണ്ണൂര്‍: (KVARTHA) കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം പുഷ്പന്റെ മൃതദേഹം സംസ്‌കരിച്ചു. ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമായി ചൊക്ലിയിലെ വീട്ടില്‍ എത്തിയത്. നിലക്കാത്ത മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട് പുഷ്പന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, നേതാക്കളായ പി ജയരാജന്‍, ഇപി ജയരാജന്‍, എം സ്വരാജ്, എഎ റഹീം, എംവി നികേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
1994 ല്‍ പുഷ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മുന്‍ മന്ത്രിയും അന്തരിച്ച സിഎംപി നേതാവുമായ എംവി രാഘവന്റെ മകനായ നികേഷ് നിലവില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.
കോഴിക്കോട് ഡി വൈ എഫ് ഐ ഓഫിസായ യൂത്ത് സെന്ററില്‍ നിന്ന് രാവിലെ എട്ട് മണിയോടെയാണ് വിലാപയാത്ര പുറപ്പെട്ടത്. വഴിയരികില്‍ വടകരയിലും മാഹിയിലുമെല്ലാം വിപ്ലവാഭിവാദ്യങ്ങളുമായി നൂറുകണക്കിന് പേര്‍ ഉണ്ടായിരുന്നു. 11 മണിയോടെ തലശേരി ടൗണ്‍ ഹാളില്‍ മൃതദേഹം എത്തിച്ചു.
കൂത്തുപറമ്പ് വെടിവയ്പ്പില്‍ പരുക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ടുമാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തന്റെ 24 മത്തെ വയസിലാണ് പുഷ്പന്‍ പരുക്കേറ്റ് കിടപ്പിലായത്.
#Pushpan #CPM #KeralaPolitics #KoothuparambaFiring #PoliticalViolence #CMPLeaders