Expelled | ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കി സിപിഎം


2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ് പുതുക്കിയിരുന്നില്ല
ഒരു വര്‍ഷമായി പാര്‍ടി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു
കണ്ണൂര്‍: (KVARTHA) കണ്ണൂരിലെ മലയോര മേഖലയിലെ യുവ നേതാവിനെ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം അന്വേഷണ വിധേയമായി പുറത്താക്കി. ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റും സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി അംഗവുമായ മനു തോമസിനെതിരെയാണ് പാര്‍ടി ജില്ലാ കമിറ്റി യോഗം അച്ചടക്ക നടപടി സ്വീകരിച്ചത്.
പാര്‍ടി അംഗത്വത്തില്‍ നിന്നും മനു തോമസിനെ അന്വേഷണ വിധേയമായി പുറത്താക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ നേരത്തെ പാര്‍ടിക്കുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു. പാര്‍ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ് പുതുക്കിയില്ല. ഒരു വര്‍ഷമായി പാര്‍ടി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.
ഒരു വര്‍ഷത്തിലധികമായി പാര്‍ടി യോഗത്തിലും പരിപാടികളില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്. മെമ്പര്‍ഷിപ് പുതുക്കാത്തതിനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഡി വൈ എഫ് ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക് പഞ്ചായത് പ്രസിഡന്റുമായിരുന്നു മനു തോമസ്.
സിപിഎം സൈബര്‍ പോരാളികളായ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും മനു തോമസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രടറി ഷാജര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
എസ് എഫ് ഐ യിലൂടെ സംഘടനാ പ്രവര്‍ത്തന രംഗത്തുവന്ന മനു തോമസ് ഡി വൈ എഫ് ഐ ജില്ലാ നേതൃത്വത്തിലേക്ക് എത്തുകയായിരുന്നു. കണ്ണൂരില്‍ നടന്ന നിരവധി സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.