Announcement |  പാലക്കാട് ഡോ. പി സരിന്‍, ചേലക്കര യുആര്‍ പ്രദീപ്;  ഉപതിരഞ്ഞെടുപ്പുകളിലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

 
CPM Declares Candidates for Palakkad and Chelakkara By-elections
CPM Declares Candidates for Palakkad and Chelakkara By-elections

Photo Credit: Facebook / MV Govindan Master

● ആളുകള്‍ കാലു മാറുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടത് വിഡി സതീശനും കെ സുധാകരനും
● പാലക്കാടും ചേലക്കരയിലും എതിരായി മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ രണ്ട് നേതാക്കള്‍
● കേരളത്തില്‍ ഉണ്ടാകുന്നത് ഇടതുപക്ഷത്തിന് ഗുണപരമായ സ്ഥിതി

തിരുവനന്തപുരം: (KVARTHA) പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട് കോണ്‍ഗ്രസ് വിട്ടുവന്ന ഡോ.പി സരിനും, ചേലക്കരയില്‍ മുന്‍ എംഎല്‍എ യുആര്‍ പ്രദീപും ആണ് സ്ഥാനാര്‍ഥികളാകുക. സരിന്‍ ഇടത് സ്വതന്ത്രനായാണ് മത്സരിക്കുക. പാര്‍ട്ടി ചിഹ്നമോ പതാകയോ ഉപയോഗിക്കില്ല.  

ലോക് സഭ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയെ സിപിഐ വ്യാഴാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കരയില്‍ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. 

ഷാഫി പറമ്പിലും കെ രാധാകൃഷ്ണനും ലോക് സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഇടതുമുന്നണി വിജയിക്കുമെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ശേഷം എംവി ഗോവിന്ദന്‍ പറഞ്ഞു. ഇടതു സ്വതന്ത്രന്‍ ഡോ. പി സരിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തെന്നും പ്രവര്‍ത്തരെല്ലാം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പില്‍ മികച്ച പ്രവര്‍ത്തനം നടത്തുമെന്നതില്‍ സംശയം വേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 


തൃശൂരില്‍ കോണ്‍ഗ്രസ്സിന്റെ വോട്ടാണ് ചോര്‍ന്നുപോയതെന്നും കോണ്‍ഗ്രസ്സില്‍ വലിയ ആഭ്യന്തര പ്രശ്നം ഉണ്ടാക്കിയ കാര്യമാണ് തൃശൂര്‍ വോട്ടുചോര്‍ച്ചയെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനവേളയില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് - ബിജെപി ഡീല്‍ പ്രകാരമാണ് ഷാഫി പറമ്പില്‍ വടകരയിലേക്ക് പോയതെന്നും യുഡിഎഫില്‍ തന്നെ പട തുടങ്ങിയെന്നും എംവി ഗോവിന്ദന്‍ പരിഹസിച്ചു.


രാഷ്ട്രീയ നിലപാട് അനുസരിച്ചാണ് ആളുകളെ ഉള്‍ക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യുന്നത് എന്ന് പി സരിനെ സ്ഥാനാര്‍ഥിയാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി എംവി ഗോവിന്ദന്‍ പറഞ്ഞു. ആളുകള്‍ കാലു മാറുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടത് വിഡി സതീശനും കെ സുധാകരനുമാണ്. പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസിന്റെ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസിന് എതിരായി മത്സരിക്കുന്നത്. 

ഇടതുപക്ഷത്തിന് ഗുണപരമായ സ്ഥിതിയാണ് കേരളത്തില്‍ ഉണ്ടാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ സ്വാധീനം ചെലുത്താന്‍ പോകുന്ന വിധിയാണ് രണ്ടിടത്തും ഉണ്ടാകാന്‍ പോകുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. 

പാലക്കാട് ബിജെപിയാണ് പ്രധാന എതിരാളി. ഇന്ത്യയില്‍ എവിടെയും ബിജെപി തന്നെയാണ് പ്രധാന എതിരാളി. അവിടെ ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനെയും പരാജയപ്പെടുത്തും. പാലക്കാടും ചേലക്കരയും ഇടതുമുന്നണി ജയിക്കുമെന്ന നല്ല ആത്മവിശ്വാസം ഉണ്ട്. യുഡിഎഫില്‍ പാളയത്തില്‍ പട എന്ന സ്ഥിതിയാണുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമെന്നും അത് ബിജെപിക്ക് അനുകൂലമായ ഒരു സാഹചര്യം ഒരുക്കുമെന്നും അറിഞ്ഞുകൊണ്ടാണ് ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാന്‍ പോയതെന്നും അത് ഡീലാണെന്നും അന്നു തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നുവെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. 

വടകരയില്‍ ജയിച്ച മുരളിയെ മാറ്റി ഒരു സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് നടത്തിയപ്പോള്‍ കേരളത്തിലെ മതനിരപേക്ഷ സമൂഹം ആ ഡീല്‍ തിരിച്ചറിഞ്ഞിരുന്നു. മുന്‍പും പ്രഗത്ഭരായ പലരേയും സ്വതന്ത്രന്മാരായി പാര്‍ട്ടി ഒപ്പം ചേര്‍ത്തിട്ടുണ്ട്. പിന്നീട് പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും അവര്‍ മുതല്‍ക്കൂട്ടായി മാറുകയും ചെയ്തിരുന്നു. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുകയും പിന്നീട് അതിനോടു ചേരുകയും ചേര്‍ന്നവരാണ് പല പ്രമുഖരും. 

കെ കരുണാകരനുമായും എകെ ആന്റണിയുമായും ഉമ്മന്‍ചാണ്ടിയുമായും ആര്യാടന്‍ മുഹമ്മദുമായും ഒക്കെ ചേര്‍ന്ന് ഇടതുപക്ഷം മത്സരിച്ചിട്ടുണ്ട്. എല്ലാ കാലത്തേക്കും ആരുമായും ശത്രുത പുലര്‍ത്താന്‍ കഴിയില്ല. ഉപതിരഞ്ഞെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോ എന്ന ചോദ്യത്തിനു പ്രസക്തി ഇല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു സരിന്‍. സിപിഎമ്മിലെ കെ പ്രേംകുമാറിനോടാണ് പരാജയപ്പെട്ടത്. എംബിബിഎസിനും സിവില്‍ സര്‍വീസിനും ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സരിന്‍ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്നു. 2019ലെ ലോക് സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡോ.പി സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് തന്റെ വിയോജിപ്പ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ച സരിന്‍ ഇടതുപാളയത്തിലേക്ക് ചുവടുമാറുമെന്ന സൂചന വ്യക്തമായിരുന്നു. പിന്നാലെ തന്നെ കോണ്‍ഗ്രസ് സരിനെ പുറത്താക്കുകയും ചെയ്തു. സരിന്റെ നിലപാടിനെക്കുറിച്ച് കാത്തിരുന്ന് കാണാം എന്നായിരുന്നു പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അന്ന് പ്രതികരിച്ചത്.


യുആര്‍ പ്രദീപ് നിലവില്‍ കേരള സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആണ്. 2016 ല്‍ 10,200 വോട്ടുകള്‍ക്കാണ് യുആര്‍ പ്രദീപ് ചേലക്കരയില്‍ നിന്ന് ജയിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ കെഎ തുളസിയെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്. ഇത്തവണ രമ്യം ഹരിദാസ് ആണ് എതിരാളി.

#CPM, #KeralaElections, #PalakkadByElection, #ChelakkaraByElection, #LDF, #PoliticalNesw

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia