Criticism | ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകള്‍ക്ക് നേരെ സിപിഎം നടത്തിയ അക്രമം ആസൂത്രിതമെന്ന് ബിജെപി നേതാവ് എന്‍. ഹരിദാസ്
കണ്ണൂര്‍: (KVARTHA) ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകള്‍ക്ക് നേരെ നടത്തിയ അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎം നേതൃത്വം നടത്തിയ ആസൂത്രിത ഗൂഢാലോചനയാണെന്ന ആരോപണവുമായി ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്. പൊലീസിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത തീവ്രവാദസംഘടനകള്‍ക്കായി ഹൈന്ദവരുടെ ഭക്തിപരമായ ചടങ്ങുകള്‍ തടസപ്പെടുത്തുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് അക്രമങ്ങള്‍ കണ്ട് നോക്കി നില്‍ക്കുകയാണ്. ശോഭയാത്ര നടത്താന്‍ അനുമതി വാങ്ങിയ സ്ഥലത്ത് തന്നെ സിപിഎം പരിപാടികള്‍ സംഘടിപ്പിക്കുന്നു. സിപിഎമ്മിന്റെ അജണ്ട പൊലീസ് നടപ്പിലാക്കുകയാണ്. ആറു വര്‍ഷമായി കാര്യമായ സംഘര്‍ഷങ്ങള്‍ നടക്കാത്ത ജില്ലയില്‍ വീണ്ടും സംഘര്‍ഷം വ്യാപിപ്പിക്കാനുളള നീക്കമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒട്ടു മിക്ക സ്ഥലങ്ങളിലും ഒരേ രീതിയിലുള്ള അക്രമമാണ് നടന്നത്. ശോഭായാത്രയ്ക്ക് വര്‍ധിച്ചു വരുന്ന ജനപിന്തുണയിലും സ്വീകാര്യതയിലും വെറളി പുണ്ടാണ് അക്രമം നടത്തുന്നത്. സമാധാനപരമായി സംഘടനാ പ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹിക്കുന്ന സംഘടനകളാണ് സംഘപരിവാര്‍ സംഘടനകള്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. സിപിഎം ഗ്രാമങ്ങള്‍ ആരുടെയും തറവാട്ടുസ്വത്തല്ല. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുക തന്നെ ചെയ്യുമെന്നും ഹരിദാസ് പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നാടായ പെരളശേരിയിലും കണ്ണപുരത്തും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടത്. പാര്‍ട്ടി സെക്രട്ടറിയുടെ നാട്ടില്‍ അനൗണ്‍സ്മെന്റിന് തയ്യാറായ സിഐടിയു പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുളള ഓട്ടോറിക്ഷ ടാക്സി വാടകയ്ക്കെന്ന രൂപത്തില്‍ വടക്കുമ്പാട് കൊണ്ടുപോയാണ് ബാബു എന്ന ബിജെപി ബൂത്ത് പ്രസിഡണ്ടിനെ അതിക്രൂരമായി മര്‍ദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മാനന്തേരിയിലും, ശിവപുരത്തും, മൂഴിക്കരയിലും, കോട്ടയം പൊയിലിലുമെല്ലാം സിപിഎം അക്രമത്തിന് ശ്രമം നടത്തി. ഹൈന്ദവ സമൂഹത്തോടുളള വെല്ലുവിളിയാണ് ശോഭായാത്ര തടസ്സപ്പെടുത്തിയ സിപിഎം നടപടി. വിലക്കേര്‍പ്പെടുത്തിയോ തടഞ്ഞോ ഇത്തരം പരിപാടികള്‍ ഇല്ലായ്മ ചെയ്യാമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ കഴിഞ്ഞകാല അക്രമസംഭവങ്ങളില്‍ നിന്ന് ഒരു പാഠവും പഠിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും ഹരിദാസ് പറഞ്ഞു.
കണ്ണപുരം പൊലീസ് സ്റ്റേഷന്‍ സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുകയാണെന്നും ഹരിദാസ് ആരോപിച്ചു. കണ്ണവത്തും ഇതുതന്നെയാണ് അവസ്ഥ. എസ് പിയോട് പരാതി പറഞ്ഞാല്‍ നോക്കാമെന്നാണ് പറയുന്നത്. ഇതിനര്‍ത്ഥം, നോക്കി നില്‍ക്കാമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ഹരിദാസ് ചോദിച്ചു. ഹൈന്ദവ വിശ്വാസികളുടെ ആഘോഷത്തെ അലങ്കോലമാക്കിയതിന് സിപിഎം പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. ജില്ലാ വൈസ് പ്രസിഡണ്ടണ്ട് ടിസി മനോജ്, ട്രഷറര്‍ യുടി ജയന്തന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
#CPM #BJP #Kannur #Kerala #ShobhaYatra #PoliticalViolence