Meeting | പൊലീസ് മര്യാദക്ക് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ആളാണ് പിണറായിയെന്ന് എ വിജയരാഘവൻ; പി വി അൻവറിന് അതേ വേദിയിൽ മറുപടിയുമായി സിപിഎം പൊതുയോഗം
● കേരളത്തിലെ ക്രമസമാധാന സ്ഥിതി മികച്ചതാണെന്ന് എ വിജയരാഘവൻ.
● സിപിഎം വിരുദ്ധ പ്രചാരണം നടത്താൻ ശ്രമമെന്ന് ആരോപണം.
● 'കടന്നാക്രമണങ്ങൾ അതിജീവിച്ചാണ് സിപിഎം ഭരണം തുടരുന്നത്'.
നിലമ്പൂർ: (KVARTHA) ഇടതുമുന്നണിയിൽ നിന്ന് അകന്ന് ആരോപണങ്ങളുമായി രംഗത്തുവന്ന പി വി അൻവർ എംഎൽഎയ്ക്ക് മറുപടിയുമായി നിലമ്പൂരിൽ സിപിഎമ്മിന്റെ പൊതുയോഗം തുടരുന്നു. പിവി അൻവർ എംഎൽഎ തുടർച്ചയായി ആരോപണങ്ങളുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം. പിവി അൻവർ രാഷ്ട്രീയ വിശദീകരണം യോഗം നടത്തിയ നിലമ്പൂര്‍ ചന്തക്കുന്നിലെ അതേവേദിയിലാണ് സിപിഎമിന്റെയും യോഗമെന്നതാണ് പ്രത്യേകത.
പൊലീസ് മര്യാദക്ക് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യോഗം ഉദ്ഘാടനം ചെയ്‌ത പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം നിലനിൽക്കുന്ന സംസ്ഥാനമാണെന്നും പലതരത്തിലുള്ള കടന്നാക്രമണങ്ങൾ അതിജീവിച്ചാണ് സിപിഎം ഭരണം തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും മികച്ച പൊലീസ് സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാന മാണ് കേരളം. എടിഎം കവര്‍ന്നാലും എംടിയുടെ വീട്ടില്‍ കവര്‍ന്നാലും 24 മണിക്കൂറിനുള്ളില്‍ പിടിക്കുന്ന സംസ്ഥാനമാണിത്. ഇവിടെ വര്‍ഗീയ കലാപമില്ല. രാജ്യത്തെ മികച്ച ക്രമസമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സ്വർണക്കടത്ത് തടയുന്നതിലും മറ്റു ക്രമസമാധാന പ്രശ്നങ്ങളിൽ പൊലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്.
സർക്കാർ അഴിമതി രഹിതമായി പ്രവർത്തിക്കുകയും അതിദാരിദ്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുകയുമാണ്.
സിപിഎം വിരുദ്ധ പ്രചാരണം നടത്തുന്നവർ കേരളത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു. സിപിഎമ്മിനെ തകർക്കാൻ ഒരാളെ കിട്ടിയെന്നാണ് അവർ കരുതുന്നതെന്ന് അൻവറിനെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. നടി നിലമ്പൂർ ആയിഷ, മുൻ എംപി ടി കെ ഹംസ അടക്കമുള്ളവർ വേദിയിലുണ്ട്.
#KeralaPolitics #CPIM #PinarayiVijayan #PVAnvar #LawAndOrder #PublicMeeting