SWISS-TOWER 24/07/2023

ലോകായുക്തക്കെതിരെ അപ്രഖ്യാപിത വിശാല ഐക്യത്തിന് സിപിഐ; സിപിഎം കൂടെ നില്‍ക്കുമെന്ന് ഉറപ്പില്ല

 


തിരുവനന്തപുരം: (www.kvartha.com 23.10.2014) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഴിമതി ആരോപിച്ച് ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട ലോകായുക്തക്കെതിരെ കൈകോര്‍ക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ അപ്രഖ്യാപിത വിശാല ഐക്യത്തിനു സിപിഐ ശ്രമിക്കുന്നു.

പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കെതിരെ രൂപം കൊടുത്ത ലോകായുക്തയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളിലും തീരുമാനങ്ങളിലും ഇടപെടാന്‍ അധികാരമില്ലെന്ന നിലപാട് എല്ലാ രാഷ്ട്രീയ കക്ഷികളുടേതുമായി കൊണ്ടുവരാനാണു ശ്രമം. 

ഇതിന്റെ ഭാഗമായി യുഡിഎഫ്, എല്‍ഡിഎഫ് വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ കക്ഷികളുമായും സിപിഐ നേതൃത്വം ബന്ധപ്പെട്ടുതുടങ്ങിയിട്ടുമുണ്ട്. അനുകൂലമാണ് പൊതുവേ പ്രതികരണങ്ങളെന്ന് തല്‍ക്കാലം പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സിപിഐയുടെ ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെവാര്‍ത്തയോടു പറഞ്ഞു. ലോകായുക്തയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ഇന്നു സിപിഐക്കെതിരേയാണെങ്കില്‍ നാളെ മറ്റാര്‍ക്കെതിരേയും ഈ നീക്കം ഉണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. 

തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐ മല്‍സരിപ്പിച്ച ബെന്നറ്റ് ഏബ്രഹാമില്‍ നിന്ന് പാര്‍ട്ടി നേതൃത്വം പണം വാങ്ങിയെന്നും അത് അന്വേഷിച്ചു നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണം എന്നും ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയിലാണ് കഴിഞ്ഞ ദിവസം ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിവാദ നിര്‍ദേശം നല്‍കിയത്.

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം എന്നാണ് നിര്‍ദേശം. മാത്രമല്ല, പോലീസിന്റെ സേര്‍ച്ച് ആന്‍ഡ് സീഷര്‍ അധികാരം ഉപയോഗിച്ച് സിപിഐയുടെ ഓഫീസ് പരിശോധിച്ച് തെളിവു ശേഖരിക്കാനും ലോകായുക്ത അനുവദിച്ചിട്ടുണ്ട്. ഏതെങ്കിലും കുറ്റകൃത്യം നടന്നതായി സൂചന ലഭിച്ചാല്‍ അതു സംബന്ധിച്ച തെളിവു ശേഖരിക്കാന്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് പോലീസിന് അനുമതി നല്‍കുന്നതാണ് സേര്‍ച്ച് ആന്‍ഡ് സീഷര്‍ നിയമം. 

അടിയന്തരാവസ്ഥക്കാലത്ത് ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകയും അന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരിക്കുകയും ചെയ്ത സിപിഐക്ക് ആ വിമര്‍ശനം ഉയര്‍ത്താന്‍ സാധിക്കില്ലെന്ന അഭിപ്രായവും ശക്തമാണ്. 

സിപിഐ ഉള്‍പെടുന്ന ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം നേതൃത്വമാണ് ഇത് പറയാതെ പറയുന്നത്. അതുകൊണ്ടുതന്നെ ലോകായുക്തയുടെ നടപടിയോട് യോജിപ്പില്ലെങ്കിലും ഇപ്പോള്‍ സിപിഐ നടത്തുന്ന നീക്കത്തെ പിന്തുണയ്ക്കാന്‍ സിപിഎം തയ്യാറാകുമെന്ന് ഉറപ്പുമില്ല. സിപിഎം നേതാക്കള്‍ അത് പറയാതെ പറയുന്നുമുണ്ട്. അതേസമയം, തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചതല്ലാതെ അതില്‍ അഴിമതി നടന്നിട്ടില്ലെന്നു വാദിച്ച് നിയമപരമായിക്കൂടി ലോകായുക്ത ഉത്തരവിനെതിരെ നീങ്ങാനാണ് സിപിഐ നീക്കം. രാഷ്ട്രീയമായി ലോകായുക്തക്കെതിരെ സമവായം ഉണ്ടാക്കിയാല്‍ അത് നിയമപരമായ നീക്കങ്ങള്‍ക്കും സഹായകമാകുമെന്നാണത്രേ പാര്‍ട്ടി കണക്കുകൂട്ടുന്നത്.
ലോകായുക്തക്കെതിരെ അപ്രഖ്യാപിത വിശാല ഐക്യത്തിന് സിപിഐ; സിപിഎം കൂടെ നില്‍ക്കുമെന്ന് ഉറപ്പില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Lokayukta, CPI, CPM, UDF, Lok Sabha Election, LDF, Political Party, CPI to other parties: unite against Lokayukta order.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia