വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബകോടതി ഉത്തരവ് കൈമാറാനെത്തിയ ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി; 2 പേര്‍ക്കെതിരെ കേസ്
Dec 3, 2021, 11:08 IST
പൂഞ്ഞാര്‍: (www.kvartha.com 03.12.2021) കോടതി ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബകോടതി ഉത്തരവ് കൈമാറാനെത്തിയപ്പോള്‍ കേസില്‍ ഉള്‍പെട്ട യുവതിയുടെ പിതാവും സഹോദരനും ചേര്‍ന്നു കയ്യേറ്റം ചെയ്തതെന്നാണ് പരാതി.
കല്ലുകൊണ്ട് ഇടിക്കാന്‍ ശ്രമിച്ചെന്ന പാലാ കുടുംബകോടതി ജീവനക്കാരിയുടെ പരാതിയില്‍ പൂഞ്ഞാര്‍ കിഴക്കേത്തോട്ടം ജയിംസ്, മകന്‍ നിഹാല്‍ എന്നിവര്‍ക്കെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പും ചേര്‍ത്തതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ജയിംസിന്റെ വീട്ടിലാണ് ആക്രമണം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജയിംസിന്റെ മകള്‍ ഹേമയും ഭര്‍ത്താവ് തലയോലപ്പറമ്പ് സ്വദേശി അമലും തമ്മില്‍ പാലാ കുടുംബകോടതിയില്‍ വിവാഹമോചനക്കേസുണ്ട്. ജര്‍മനിയിലായ ഹേമയും അമലും ഈയിടെ നാട്ടിലെത്തിയിരുന്നു. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഹേമ മകള്‍ ഹെലനുമായി കഴിഞ്ഞ 28ന് ജര്‍മനിയിലേക്ക് മടങ്ങി.
ഇതിനിടെ അമലിന്റെ ഹര്‍ജിയില്‍, കുഞ്ഞിനെ കോടതി അറിയാതെ കേരളത്തിന് വെളിയില്‍ കൊണ്ടുപോകരുതെന്ന് വ്യാഴാഴ്ച കുടുംബകോടതി ഉത്തരവിട്ടു. ഈ ഉത്തരവ് കൈമാറാന്‍ കോടതി ജീവനക്കാരിയും അമലും ജയിംസിന്റെ വീട്ടിലെത്തിയപ്പോഴാണ് കയ്യേറ്റശ്രമം.
അമലിന്റെ വാഹനത്തിലാണ് ഇവര്‍ എത്തിയത്. ജയിംസും നിഹാലും തന്നെ കല്ലുകൊണ്ട് ആക്രമിച്ചെന്നും കഴുത്തില്‍ ധരിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചെന്നും ജീവനക്കാരി മൊഴി നല്‍കി.
ജയിംസിനും നിഹാലിനുമെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും വനിതയെ ആക്രമിച്ചതിനും കേസെടുക്കുമെന്ന് ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.
അതേസമയം, കേസിലെ വാദിയായ അമലിനൊപ്പം വന്നതിനാല്‍ കോടതി ജീവനക്കാരിയാണെന്ന് മനസിലാവാത്തതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജയിംസിന്റെ സഹോദരന്‍ എബി ലൂകോസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.