Obituary | തിരുവല്ലയില്‍ കാറിന് തീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍


തിരുവല്ല: (KVARTHA) തുകലശേരിയില്‍ കാറിന് തീപിടിച്ച് മരിച്ച ദമ്പതികള്‍ക്ക് (Couple) കുടുംബപ്രശ്നങ്ങള്‍ (Family Problems) ഉണ്ടായിരുന്നതായി പൊലീസ് (Police) പറഞ്ഞു. തിരുവല്ല ഡി വൈ എസ് പിയാണ് ഈ വിവരം പുറത്തുവിട്ടത്. തീപ്പിടിത്തത്തില്‍ മരിച്ചത് തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ്.
സംഭവം ഹൈവേ പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ കാറില്‍ നിന്ന് തീ പുറത്തുവരുന്നത് കണ്ട് പട്രോളിംഗ് സംഘം വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നു. തീ വേഗത്തില്‍ പടര്‍ന്നുപിടിച്ചതിനാല്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്.
പാടത്തിന്റെ അടുത്തായുള്ള റോഡില്‍ വാഹനം ഒതുക്കിയതിന് ശേഷം ഇരുവരും ചേര്‍ന്ന് ഇന്ധനം ഒഴിച്ച് മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ദമ്പതികള്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി വ്യക്തമായി. എന്നാല്‍, കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാര്‍. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥലത്തെ വാര്‍ഡ് കൗണ്‍സിലറും ഇക്കാര്യം സ്ഥിരീകരിച്ചു.
രാജുവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദമ്പതികള്‍ താമസിക്കുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ പറഞ്ഞു. മാനസികമായ എന്തെങ്കിലും വിഷയംകൊണ്ട് ആയിരിക്കാം മരണം. മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നു. വിഷമം ഉള്ളതുപോലെയൊന്നും അന്ന് തോന്നിയില്ല. ഇവര്‍ വിദേശത്തായിരുന്നു. നാട്ടില്‍ വന്നിട്ട് ഒരുപാട് വര്‍ഷങ്ങളായെന്നും കൗണ്‍സിലര്‍ പറഞ്ഞു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056