Attacked | ബിരിയാണിയില്‍ മുട്ടയും പപ്പടവുമില്ലെന്ന് പറഞ്ഞ് ഹോടെലുടമകളായ ദമ്പതികളെ യുവാവ് മര്‍ദിച്ചതായി പരാതി; തലയ്ക്ക് ഇരുമ്പ് പൈപുകൊണ്ടുള്ള അടിയേറ്റ 42 കാരന്‍ ആശുപത്രിയില്‍
Dec 31, 2022, 16:27 IST
തൃശൂര്‍: (www.kvartha.com) ബിരിയാണിയില്‍ മുട്ടയും പപ്പടവുമില്ലെന്ന് ആരോപിച്ച് ഹോടെലുടമകളായ ദമ്പതികളെ യുവാവ് മര്‍ദിച്ചതായി പരാതി. കുന്നംകുളം ചൂണ്ടലില്‍ ഹോടെല്‍ നടത്തുന്ന ദമ്പതികള്‍ക്ക് നേരെയാണ് ഇരുമ്പ് പൈപ് കൊണ്ടുള്ള യുവാവിന്റെ ആക്രമണം. ആക്രമണത്തില്‍ തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവര്‍ക്ക് പരുക്കേറ്റു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അക്രമസംഭവങ്ങളുണ്ടായത്. കടയിലെത്തിയ യുവാവ് ബിരിയാണി നല്‍കാന്‍ ആവശ്യപ്പെട്ടു. ബിരിയാണി നല്‍കിയപ്പോള്‍ അതില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പരാതി പറഞ്ഞു. തുടര്‍ന്ന് ദിവ്യ പപ്പടവും കോഴിമുട്ടയും നല്‍കി. അതിനുശേഷം കൈ കഴുകുന്ന സ്ഥലത്തിന് വൃത്തിയില്ലെന്ന പരാതിയും യുവാവ് ഉന്നയിച്ചു.
ഇതോടെ ദിവ്യയും യുവാവും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. പ്രകോപിതനായ യുവാവ് ദിവ്യയുടെ മുഖത്തടിച്ചു. സുധി ഇത് ചോദ്യം ചെയ്തതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ എത്തിയ സുധിയെ ഇരുമ്പ് പൈപുകൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. ഹോടെലിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്ന് എടുത്ത ഇരുമ്പ് പൈപ് ഉപയോഗിച്ചാണ് സുധിയെ ആക്രമിച്ചത്.
സംഭവശേഷം പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സുധിയുടെ തലയില്‍ ആഴത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് കുന്നംകുളം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ എട്ടോളം തുന്നലുകളുണ്ട്. ചൂണ്ടല്‍ പുതുശ്ശേരി സ്വദേശിയാണ് മര്‍ദിച്ചതെന്നാരോപിച്ചാണ് ദമ്പതികള്‍ പരാതി നല്‍കിയത്. പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Couple Attacked in Hotel, Thrissur, News, Local News, Attack, Injured, Hospital, Treatment, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.