ഉന്നത നേതാവിന് മുമ്പില്‍ പോലിസിന് മുട്ടുവിറയ്ക്കുന്നു; നേരറിയാന്‍ സിബിഐ വേണമെന്ന് സി ഒ ടി നസീര്‍

 


കണ്ണൂര്‍: (www.kvartha.com 30.05.2019) വടകര സ്വതന്ത്രസ്ഥാനാര്‍ഥി സി ഒ ടി നസീര്‍ കേരള പോലിസില്‍ നിന്നും നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. തലശ്ശേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയായ യുവനേതാവാണ് തന്നെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നു മൊഴി നല്‍കിയിട്ടും പോലിസ് ആരോപണ വിധേയനെ ചോദ്യംചെയ്യാന്‍ പോലും തയ്യാറായില്ലെന്നാണ് സി ഒ ടി നസീറിന്റെ പരാതി. തന്നെ വന്നുകണ്ട ബിജെപി നേതാക്കളോട് നസീര്‍ ഈക്കാര്യം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതിനായി എല്ലാവിധ സഹായങ്ങളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.

ഇതിനിടെ നസീര്‍ വധശ്രമക്കേസില്‍ അറസ്റ്റിലായ എരഞ്ഞോളി പൊന്ന്യത്തെ ചേരി പുതിയ വീട്ടില്‍ അശ്വന്തിനെ പോലിസ് ക്രൂരമായി മര്‍ദിച്ചുവെന്നാരോപിച്ച് അശ്വന്തിന്റെ സഹോദരന്‍ പൊന്ന്യത്തെ സുഗീദ് മുഖ്യമന്ത്രിക്കും ജില്ലാ പോലിസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

സിപിഎമ്മിലെ ഉന്നതനായ യുവനേതാവ് തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗൂഡാലോചന നടത്തിയെന്നും ഇതിനായുള്ള തെളിവുകള്‍ കൈമാറാന്‍ തയാറാണെന്നു പറഞ്ഞതോടെയാണ് പോലിസ് അന്വേഷണം നിലച്ചതെന്നു നസീര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ സാഹചര്യത്തില്‍ സിബിഐയെ കൊണ്ട് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും നസീര്‍ പറഞ്ഞു.

ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നതിനായി കൊച്ചിയിലുള്ള മുതിര്‍ന്ന അഭിഭാഷകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും നസീര്‍ തലശ്ശേരിയിലെ വീട്ടില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിനിടെ കേസിലെ മറ്റു പ്രതികള്‍ക്കായി തലശ്ശേരി ടൗണ്‍ എസ് ഐ ഹരീഷിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി കൊളശ്ശേരി മേഖലയില്‍ വ്യാപകമായ റെയ്ഡ് നടത്തി. കേസിലെ മൂന്നാം പ്രതിക്കു വേണ്ടിയാണ് തെരച്ചില്‍ നടത്തിയത്. എന്നാല്‍ ഉന്നതനായ ജനപ്രതിനിധിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീണ്ടും വിശദമായ അന്വേഷണം നടത്തുമെന്നും നസീറിന്റെ മൊഴി ഒരിക്കല്‍ കൂടി രേഖപ്പെടുത്തുമെന്നും തലശ്ശേരി ടൗണ്‍ സിഐ വിശ്വംഭരന്‍ പറഞ്ഞു.

ഇതിനിടെ കേസില്‍ അറസ്റ്റിലായി തലശ്ശേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി അശ്വന്തിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അശ്വന്തിനെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിനു ശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അശ്വന്തിനെ കുറ്റം സമ്മതിപ്പിക്കുന്നതിനായി പോലിസ് ക്രൂരമായി മര്‍ദിച്ചുവെന്ന  സഹോദരന്‍ സുഗീദിന്റെ പരാതിയെ തുടര്‍ന്നായിരുന്നു വൈദ്യപരിശോധന.

ഉന്നത നേതാവിന് മുമ്പില്‍ പോലിസിന് മുട്ടുവിറയ്ക്കുന്നു; നേരറിയാന്‍ സിബിഐ വേണമെന്ന് സി ഒ ടി നസീര്‍


Keywords:  Kerala, Kannur, News, Police, CBI, CPM, Thalassery, Vadakara, attack, Politics, COT Naseer needs CBI Investigation 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia