കേരളത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കോടികളുടെ 'കമ്മീഷന്‍ യൂണിറ്റ്'

 


കേരളത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കോടികളുടെ 'കമ്മീഷന്‍ യൂണിറ്റ്'
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച വിളപ്പില്‍ശാല ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയ മാലിന്യ സംസ്‌കരണ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരമുണ്ടാക്കുന്നതിന്റെ മറവില്‍ വന്‍ അഴിമതിക്ക് നീക്കം. കോടികള്‍ വിലയുള്ള സഞ്ചരിക്കുന്ന അത്യാധുനിക മാലിന്യ സംസ്‌കരണ യൂണിറ്റ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിലൂടെയാണ് ഇത്. ഒരു മന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മന്ത്രിക്കും യുഡിഎഫിലെ ഒരു പ്രമുഖ ഘടകകക്ഷി നേതൃത്വത്തിനും മുഖ്യ പാര്‍ട്ടിയിലെ ഉന്നതര്‍ക്കും കമ്മീഷന്‍ താല്പര്യമുള്ള ഇടപാടാണിത്. സംഗതി മനസിലാക്കിയ മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും ഈ ഇടപാടിന്റെ ഓഹരി നല്‍കിയാണ് ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുന്നത്. വൈകാതെ മെഷീന്‍ യൂണിറ്റുകളുടെ ആദ്യഘട്ട ഇറക്കുമതിയുണ്ടാകും.

വിളപ്പില്‍ശാല പ്രശ്‌നം സര്‍ക്കാരിനു തലവേദന സൃഷ്ടിക്കുന്ന തരത്തില്‍ ഇത്ര വലുതായിട്ടും ഈ തീരുമാനം പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ട്. വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍്ത്തിപ്പിക്കണം എന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ നാട്ടുകാര്‍സമ്മതിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിനു ശ്രമിച്ചത് കോടതിയലക്ഷ്യം ഒഴിവാക്കാനായിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍തന്നെ വിദേശത്തുനിന്ന് വിലപിടിപ്പുള്ള മാലിന്യ സംസ്‌കരണ യൂണിറ്റ് വാങ്ങാന്‍ ധാരണയായിരുന്നു. അതിനുശേഷം, പാറമടകളില്‍ നഗര മാലിന്യം നിക്ഷേപിക്കാനുള്ള തീരുമാനം സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു പ്രഖ്യാപിച്ചു. അതാകട്ടെ, താല്‍ക്കാലിക സംവിധാനമാണെന്ന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അപ്പോഴും സുപ്രധാനമായ ഇറക്കുമതി തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ വെളിപ്പെടുത്തിയിരുന്നില്ല.

തലസ്ഥാനത്തെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനോട് അനുബന്ധിച്ചുള്ള ജനവാസമില്ലാത്ത ഏക്കറുകളോളം സ്ഥലം ഉപയോഗിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നേരത്തേ ഉയര്‍ന്ന നിര്‍ദേശം തള്ളിയതിനു പിന്നിലുണ്ടായിരുന്ന ഉന്നവും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. രണ്ടു പ്രമുഖ മന്ത്രിമാരാണ് ജയില്‍ അധികൃതര്‍ നല്‍കിയ പദ്ധതി റിപ്പോര്‍ട്ട് അട്ടിമറിച്ചതെന്ന് നേരത്തേ പുറത്തുവന്നിരുന്നു. വിളപ്പില്‍ശാലയിലെ മാത്രമല്ല, സംസ്ഥാനത്തെ മറ്റു പല പ്രദേശങ്ങളിലെയും മാലിന്യ സംസ്‌കരണവും നെട്ടുകാല്‍ത്തേരി പദ്ധതിയിലൂടെ സാധിക്കുമെന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. അതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ സൂപ്രണ്ടിനെ മന്ത്രിസഭാ യോഗത്തില്‍ വിളിച്ചുവരുത്തി പദ്ധതിയുടെ വിശദാംശങ്ങള്‍ എല്ലാവരോടുമായി വിശദീകരിക്കാന്‍ അവസരം നല്‍കുകയും ചേയ്തു.

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഈ പദ്ധതിയില്‍ ആവേശഭരിതരായിരുന്നുതാനും. എന്നാല്‍ പിന്നീട് പെട്ടെന്ന് ഈ പദ്ധതിയില്‍ നി്ന്ന് സര്‍ക്കാര്‍ പിന്നോട്ടു പോവുകയാണുണ്ടായത്. സഞ്ചരിക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ ഇറക്കുമതിക്കുള്ള തീരുമാനം ഉണ്ടായത് ഇതിനിടയിലാണ്. ചില വിദേശ മലയാളി വ്യവസായികളാണ് ഇതിനു ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നും വിവരമുണ്ട്.

എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു യൂണിറ്റെങ്കിലും ഉണ്ടായിരിക്കണം എന്നാണ് തീരുമാനം. ചില ജില്ലകളില്‍, പ്രത്യേകിച്ചും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ മെട്രോ സിറ്റി ആസ്ഥാനമായ ജില്ലകളില്‍ ഒന്നിലധികം യൂണിറ്റുകള്‍ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. അതോടെ കമ്മീഷന്റെ വ്യാപ്തി വര്‍ധിക്കും.

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ വക ഏക്കറുകളോളം ഭൂമിയാണ് ജനവാസരഹിത മേഖലയില്‍ ഉള്ളത്. അതുപയോഗിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി പൊളിച്ചതില്‍ മറ്റു ചില കേന്ദ്രങ്ങള്‍ക്കും ബന്ധമുണ്ട്. അതുടനേ പുറത്തുവരുമെന്നാണു സൂചന.

Keywords:  Kerala, Thiruvananthapuram, tvm waste corruption, Corruption Unit on the way for waste disposal?, District, Plant, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia