Report | ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടു; എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: (KVARTHA) എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിനോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇതിന് പിന്നാലെ ഞായറാഴ്ച വൈകിട്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുകയും ചെയ്തു. മുഖ്യമന്ത്രിക്ക് നല്‍കേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
അന്‍വറിന്റെ ആരോപണങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും നീങ്ങിയിരുന്നു. ഇത് മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ഇടപെടല്‍. ആരോപണങ്ങളില്‍ വിശദീകരണം എന്ന നിലയ്ക്കാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സൈബര്‍ സെല്ലിനെതിരേയും രൂക്ഷവിമര്‍ശനങ്ങളാണ് പിവി അന്‍വര്‍ എംഎല്‍എ നടത്തിയത്. പൊലീസിലെ ക്രിമിനലുകള്‍ക്കെതിരായ തന്റെ പരാതി ആഭ്യന്തര വകുപ്പ് പരിഗണിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന മുന്നറിയിപ്പും നല്‍കി. വേണ്ടി വന്നാല്‍ സുപ്രീംകോടതി വരെ പോകാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പ്രതിപക്ഷം എഡിജിപി എം.ആര്‍. അജിത് കുമാറാണെന്നും അന്‍വര്‍ ആരോപിച്ചു.
പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോള്‍കോള്‍ താന്‍ ചോര്‍ത്തിയിട്ടുണ്ടെന്നും പി.വി. അന്‍വര്‍ എംഎല്‍എ വെളിപ്പെടുത്തി. എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചും മുഖ്യമന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചു പറഞ്ഞും പത്തനംതിട്ട എസ് പി സുജിത് ദാസ് നടത്തിയ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടതിന് പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാനായി പി.വി. അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്.
അജിത് കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണം വാര്‍ത്താസമ്മേളനത്തില്‍ പി.വി. അന്‍വര്‍ എം.എല്‍എ ഉയര്‍ത്തുകയുണ്ടായി. ദാവൂദ് ഇബ്രാഹിനെ കടത്തിവെട്ടുന്നതാണ് എഡിജിപിയുടെ പ്രവര്‍ത്തനമെന്നും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. അജിത് കുമാറിന്റെ ഭാര്യയുടെ ചില ഫോണ്‍ കോളുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ അന്‍വര്‍ അവര്‍ മറ്റൊരാളുമായി സംസാരിക്കുന്ന ഫോണ്‍ കോള്‍ താന്‍ ചോര്‍ത്തിയെന്നും വെളിപ്പെടുത്തി.
ഫോണിന്റെ ഒരറ്റത്ത് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ്. അവര്‍ അവരുടെ സഹോദരനോടാണു സംസാരിക്കുന്നത്. പക്ഷേ, ഫോണിന്റെ അങ്ങേയറ്റത്ത് കള്ളക്കടത്തുകാരാണ്. ആ സ്ത്രീയെ ഇപ്പോള്‍ ഇതിലേക്കു വലിച്ചിഴയ്ക്കുന്നില്ല. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ പറയാമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത് ക്രൈം കണ്ടുപിടിക്കാനല്ലെന്നും മറിച്ച് പ്രധാന രാഷ്ട്രീയക്കാരുടെയും നേതാക്കളുടെയും കോളുകള്‍ ചോര്‍ത്താനാണെന്നും അന്‍വര്‍ ആരോപിച്ചു.
ഇനിയും ഒരുപാട് ഫോണ്‍ കോളുകള്‍ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകും. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാന്‍ ഇതല്ലാതെ ഒരു മാര്‍ഗവും തന്റെ മുന്നില്‍ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. മന്ത്രിമാരുടെ ഫോണ്‍കോള്‍ എഡിജിപി ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.
#KeralaPolitics #Corruption #PoliceInquiry #BreakingNews #IndiaNews