Cop Rescued | ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണുപോയ യാത്രക്കാരനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി പൊലീസുകാരൻ; കണ്ണൂരിൽ നിന്നുള്ള വീഡിയോ വൈറൽ, അഭിനന്ദന പ്രവാഹം


കണ്ണൂർ: (KVARTHA) ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ ഗുജറാത്ത് സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ ഇരിണാവ് സ്വദേശിയായ റെയിൽവെ പൊലീസുകാരനെത്തിയത് അത്ഭുതകരമായി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നീങ്ങി കഴിഞ്ഞ ട്രെയിനിൻ്റെയും പ്ലാറ്റ്‌ഫോമിൻ്റെയും ഇടയിൽ കുടുങ്ങി മരണം മുൻപിൽ കണ്ട യാത്രക്കാരനെ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ചുകൊണ്ടാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഇരിണാവിലെ വി വി ലഗേഷ് (44) ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയത്.
കഴിഞ്ഞ മെയ് 26ന് രാത്രി എട്ടുമണിക്ക് കണ്ണൂർ റെയിൽവ സ്റ്റേഷനിൽ വെച്ചാണ് സംഭവം. കൊച്ചുവേളിയിൽ നിന്നും പോർബന്തിലേക്കുള്ള പ്രതിവാര എക്സ്പ്രസിൽ പോകുകയായിരുന്ന അഹമ്മദബാദ് നരോദ സ്വദേശി പുരുഷോത്ത ഭായി (67) യാണ് അപകടത്തിൽപ്പെട്ടത്. വെള്ളം വാങ്ങാൻ പുറത്തിറിങ്ങിയ ഇദ്ദേഹം ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടപ്പോൾ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കാൽ വഴുതിയതിനാൽ ട്രെയിനിൻ്റെയും പ്ലാറ്റ്‌ഫോമിൻ്റെയും ഇടയിൽ കുടുങ്ങി ഏറെ ദൂരം മുൻപോട്ടു നീങ്ങി.
വലതു കൈക്കൊണ്ടു ട്രെയിൻ സ്റ്റെപ്പ് പിടിച്ചു നീങ്ങുന്നതിനിടെ നിലവിളിച്ച യാത്രക്കാരനെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ലഗേഷ് കണ്ടത്. ഉടൻ പിന്നിലേക്ക് ഓടി കൈ പിടിച്ചുയർത്താൻ ശ്രമിച്ചുവെങ്കിലും ആദ്യശ്രമത്തിൽ പരാജയപ്പെട്ടു. തുടർന്ന് ട്രെയിനിൻ്റെ വിൻഡോ ഗ്രില്ലിൽ പിടിച്ചു ട്രെയിനിനൊപ്പം ഓടുകയായിരുന്നു. ഇടതു കൈക്കൊണ്ടു യാത്രക്കാരൻ്റെ കൈ പിടിച്ചു. 50 മീറ്ററോളം ഓടിയ ലഗേഷ് യാത്രക്കാരനെ താഴെ വീഴാതെ തൂക്കിയെടുത്തു, ഒപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ സുരേഷ് കക്കറയുടെ സഹായത്തോടെ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയായിരുന്നു.
ഗാർഡ് അപകട സൂചന നൽകിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയത് രക്ഷാപ്രവർത്തനത്തിന് സഹായകരമായി. ട്രെയിനിലുണ്ടായിരുന്ന ഡോക്ടർ പരിശോധിച്ചു യാത്രക്കാരന് പരുക്കൊന്നുമില്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് അതേ ട്രെയിനിൽ പുരുഷോത്ത ഭായ് യാത്ര തുടരുകയായിരുന്നു. പൊലീസ് ഡ്യൂട്ടിയുടെ ഭാഗമായി അന്ന് ഏറെ ഡ്യൂട്ടിയുള്ളതിനാലാണ് ലഗേഷും സുരേഷ് കക്കറയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തറിയാതെ പോയത്.
പിന്നീട് മറ്റൊരു കേസിൻ്റെ തിരച്ചിലിനിടെയാണ് സഹപ്രവർത്തകർ ഇതു കണ്ടെത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ ദൃശ്യങ്ങൾ വൈറലായി. ഇരിണാവ് സ്വദേശിയായ ലഗേഷ് കഴിഞ്ഞ 14 വർഷമായി കേരളാ പൊലീസിൽ ജോലി ചെയ്തു വരികയാണ്.