SWISS-TOWER 24/07/2023

സരിതയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഓഫീസറെ പിരിച്ചുവിട്ട നടപടി വിവാദത്തില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 01.10.2015) സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് സിവില്‍ പോലീസ് ഓഫീസറെ പിരിച്ചുവിട്ട നടപടി വിവാദത്തില്‍. പോലീസിനകത്ത് തന്നെയാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഗ്രൂപ്പ് പോരിന്റെ ഭാഗമായി പുറത്തുവന്ന വിവരങ്ങളുടെ പേരില്‍ പോലീസുകാരനെ ബലിയാടാക്കിയെന്നാണ് മുന്‍ സംഘടനാ ഭാരവാഹികള്‍ പറയുന്നത് .

അതേസമയം പിരിച്ചുവിട്ട ഉത്തരവ് കൈപ്പറ്റാതെ അവധിയില്‍ പ്രവേശിച്ചിരിക്കയാണ് പോലീസ് ഓഫീസറായ നിജേഷ്. സോളാര്‍ കേസിലെ പ്രതി സരിതയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനും ചില മന്ത്രിമാര്‍ക്കും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ഫോണ്‍ വിളി രേഖകള്‍ സര്‍ക്കാറിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം സംശയത്തിന്റെ നിഴലിലുമായിരുന്നു. ചിലര്‍ക്കെതിരെ അന്വേഷണവും നടക്കുന്നു. ഇതിനിടയിലാണ് ഒരു സിവില്‍ പോലീസ് ഓഫീസറെ സര്‍വ്വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ട് മുഴുവന്‍ ഉത്തരവാദിത്വവും ഇയാളുടെ തലയില്‍ കെട്ടിവെച്ച് ഭരണപക്ഷം മുഖം സംരക്ഷിച്ചത്. ഇതിനെതിരെയാണ് പോലീസിനകത്ത് അമര്‍ഷം പുകയുന്നത്.

മന്ത്രിസഭയിലെ ഉന്നതര്‍ ഉദ്യോഗസ്ഥനെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ഇവര്‍
ആരോപിക്കുന്നത്. മാത്രമല്ല രേഖ ചോര്‍ത്തിയത് ഇയാളാണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. തലശ്ശേരി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഡിആര്‍ ശേഖരിച്ചത് എസ്.ഐ ബിജു ജോണ്‍ ലൂക്കോസ് ആണ്. എസ്.ഐക്കെതിരെയും വകുപ്പ് തല അന്വഷണം നടക്കുന്നു. തിരുവനന്തപുരത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം ഉണ്ടായിരുന്നു.

എന്നാല്‍ അന്വേഷണം മുഴുമിപ്പിക്കാതെ തിടുക്കപ്പെട്ട് നിജേഷിനെ പിരിച്ചുവിട്ടത് തെറ്റാണെന്ന് മുന്‍ ഇടത് അനുകൂല പോലീസ് അസോസിയോഷന്‍ നേതാക്കള്‍ പറയുന്നു. ഉത്തരവ് വ്യാഴാഴ്ചയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്‌റ്റേഷനിലേക്ക് അയച്ചത്. എന്നാല്‍ കഴിഞ്ഞദിവസമാണ്  പോലീസുകാരന്‍ അവധിയില്‍ പ്രവേശിച്ചത്. അപ്പീലുമായി ഡിജിപിയെ സമീപിക്കാനും പദ്ധതിയുണ്ട്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia