Kuttanad | സര്‍കാരിന്റെ 100 ദിന കര്‍മപരിപാടികളില്‍ ഉള്‍പെടുത്തി കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഏകോപന കൗണ്‍സില്‍
Oct 13, 2022, 21:29 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സര്‍കാരിന്റെ 100 ദിന കര്‍മപരിപാടികളില്‍ ഉള്‍പെടുത്തി കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും മുഖ്യമന്ത്രി ചെയര്‍മാനായി കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ രൂപീകരിക്കുവാന്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
കൗണ്‍സിലിന്റെ കീഴില്‍ മോണിറ്ററിംഗ് ആന്‍ഡ് അഡൈ്വസൈറി കൗണ്‍സില്‍, ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് ടെക്നികല്‍ കമിറ്റി എന്നിവ രൂപീകരിക്കും. ആസൂത്രണ വകുപ്പില്‍ രൂപീകരിക്കപ്പെടുന്ന കുട്ടനാട് സെല്‍ കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ സംസ്ഥാനതല സെക്രടേറിയറ്റായും, ജില്ലാ വികസന കമിഷണര്‍മാരുടെ/ജില്ലാ പ്ലാനിംഗ് ഓഫിസിനെ ജില്ലാതല സെക്രടേറിയേറ്റായും രൂപീകരിക്കും.
കുട്ടനാട് ഏകോപന കൗണ്‍സിലിന്റെ ചെയര്‍മാനായി മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായി കൃഷി വകുപ്പ് മന്ത്രിയും (കണ്‍വീനര്‍ / സെക്രടറി) ആയി ആസൂത്രണ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രടറിയും പ്രവര്‍ത്തിക്കും.
റവന്യു, സഹകരണം, ഭക്ഷ്യം, ജലവിഭവം, വൈദ്യുതി, ഫിഷറീസ് മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പ് മന്ത്രിമാര്‍ കൗണ്‍സില്‍ അംഗങ്ങളായിരിക്കും. 40 അംഗ കൗണ്‍സിലില്‍ വിവിധ വകുപ്പ് സെക്രടറിമാരും ഡയറക്ടര്‍മാരും ചീഫ് എന്‍ജിനീയര്‍മാരും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത് പ്രസിഡന്റുമാരും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും അംഗങ്ങളായിരിക്കും.
ലക്ഷ്യങ്ങള്‍
1.കുട്ടനാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഒറ്റ സംവിധാനത്തിന്റെ കീഴിലാക്കും. ഏജന്‍സികളുടെ പ്രവര്‍ത്തനം അവലോകനം നടത്തുന്നതിനും പരസ്പര പൂരകങ്ങളാകുന്നതിനും പദ്ധതികള്‍ക്ക് ആവര്‍ത്തന സ്വഭാവമില്ലാതെ നടപ്പിലാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
2.കുട്ടനാട്ടിലെ നെല്‍പാടങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പദ്ധതികളുടെ പൊതുവായ ആസൂത്രണവും നടത്തിപ്പും ഉറപ്പാക്കുക.
3.കുട്ടനാട്ടിലെ സമഗ്ര ജല മാനേജ്മെന്റ് നടപ്പിലാക്കുക.
4.കുട്ടനാട്ടിലെ നെല്‍ക്കൃഷിയെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.
5.കാലം തെറ്റിയ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും അനുയോജ്യമാകും വിധമുള്ള കാര്‍ഷിക കലന്‍ഡറും കൃഷിരീതിയും നടപ്പിലാക്കുക.
6.വിളനാശവും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുക.
7.കുട്ടനാട്ടിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍കൃതമാക്കുക. അതിനാവശ്യമായ യന്ത്രങ്ങള്‍ സമാഹരിക്കുക.
കൗണ്‍സില്‍ ആറ് മാസത്തിലൊരിക്കല്‍ യോഗം ചേരും
കൂത്തുപറമ്പ് സ്പെഷ്യല്‍ സബ് ജയിലിന് 12 തസ്തികകള്‍
കൂത്തുപറമ്പ് സ്പെഷ്യല്‍ സബ് ജയിലിന്റെ പ്രവര്‍ത്തനത്തിന് 12 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സൂപ്രണ്ട് (ഡെപ്യൂടി സൂപ്രണ്ട്), അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 1, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 2, എന്നിവയുടെ ഓരോ തസ്തികകളും ഡെപ്യൂടി പ്രിസണ്‍ ഓഫിസറുടെ മൂന്നു തസ്തികകളും അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറുടെ ആറു തസ്തികകളുമാണ് സൃഷ്ടിക്കുക. ഇതിനുപുറമെ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് കൂത്തുപറമ്പ് സ്പെഷ്യല്‍ സബ് ജയിലിലേക്ക് ഒമ്പത് തസ്തികകള്‍ പുനര്‍വിന്യസിക്കും.
സേവനകാലാവധി ദീര്‍ഘിപ്പിച്ചു
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കംപനി ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂടിവ് ഓഫിസര്‍ ഡോ. ജയകുമാറിന്റെ സേവനകാലാവധി 28 02 2022 മുതല്‍ രണ്ട് വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കും.
ജഡ്ജിമാര്‍ക്ക് കാര്‍ വാങ്ങാന്‍ അനുമതി
സംസ്ഥാനത്തെ ഏഴ് പ്രിന്‍സിപല്‍ ജില്ലാ ജഡ്ജിമാര്‍ക്ക് വാഹനം വാങ്ങുന്നതിന് അനുമതി നല്‍കും.
പാട്ടത്തിന് നല്‍കും
കണ്ണൂര്‍ ജില്ലയില്‍ ചെറുവാഞ്ചേരിയില്‍ അപ്ലൈഡ് സയന്‍സ് കോളജിന്റെ പ്രവര്‍ത്തനത്തിന് കണ്ടെത്തിയ അഞ്ചേക്കര്‍ ഭൂമിയുടെ കമ്പോളവില ഓരോ അഞ്ച് വര്‍ഷം കൂടുന്തോറും പുതുക്കി നിശ്ചയിക്കും. ആര്‍ ഒന്നിന് നൂറു രൂപ പാട്ടനിരക്കില്‍ 30 വര്‍ഷത്തേക്ക് ഐ എച് ആര്‍ ഡിക്ക് പാട്ടത്തിന് അനുവദിക്കും.
Keywords: Coordinating Council for comprehensive development of Kuttanad by including 100 day action programs of government, Thiruvananthapuram, News, Cabinet, Secretariat, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

