KSEB | മന്ത്രി കൃഷ്ണൻ കുട്ടിയുടെ കാഞ്ഞ ബുദ്ധി അപാരം തന്നെ! താങ്കൾ മുഖ്യമന്ത്രി ആവേണ്ട ആളായിരുന്നു


സോണി കല്ലറയ്ക്കൽ
(KVARTHA) ഇത് യു പി മോഡൽ തന്നെ ആണ്. കണക്ഷൻ കട്ട് ചെയ്ത നടപടി തെമ്മാടിത്തം. അതിനെ ന്യായീകരിക്കുന്ന മന്ത്രി പരമ വിഡ്ഢി എന്നല്ലാതെ എന്ത് പറയാൻ. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജനങ്ങളോട് ധാർഷ്ട്യം കാണിക്കുന്നു. വൈദ്യുതി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി എംഡിയെ ന്യായീകരിച്ച് വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത് വന്നതാണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത്. മന്ത്രിക്ക് എതിരെ പൊതു സമൂഹത്തിൽ നിന്ന് വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്: 'ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടി. ആക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കും. യുപി മോഡല്‍ പ്രതികാരമൊന്നുമല്ല ഇത്. മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചത്. ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പൊലീസ് നടപടി പോലെ അല്ല എംഡിയുടെ നടപടി'.
തിരുവമ്പാടി കെഎസ്ഇബി സെക്‌ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസി. എന്‍ജിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ഓഫീസ് തകർക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്‌ഷനാണ് വിച്ഛേദിച്ചത്. എസ്ഇബി ചെയർമാൻ ആന്‍ഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറുടെ നിര്‍ദേശപ്രകാരമാണു നടപടി. അതിനെ ന്യായീകരിച്ചു കൊണ്ട് ഉത്തരവാദിത്തപ്പെട്ട മന്ത്രി രംഗത്തു വന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. തെറ്റ് ചെയ്ത ആളെ ശിക്ഷിക്കാൻ ഇവിടെ പല സംവിധാനങ്ങളുമുണ്ട്. ആരെങ്കിലും തെറ്റ് ചെയ്താൽ അവരുടെ വീട്ടുകാരെ കൂടി ശിക്ഷയുടെ പരിധിയിൽ വരുത്തുന്ന ഗുണ്ടായിസം ഏകാധിപധിയേക്കാൾ തരം താണ രീതിയാണെന്നാണ് വിമർശനം.
തെറ്റുചെയ്തവന്റെ കുടുംബം കൂടി അനുഭവിക്കുന്ന രീതിയാണെങ്കിൽ ഇവിടെ ആരെല്ലാം വഴിയാധാരമാകും? തെറ്റ് ചെയ്തവൻമാത്രം അനുഭവിക്കണം, അത് അല്ലേ ന്യായവും. കെഎസ്ഇബി ഓഫീസ് ആക്രമിച്ച ആളുകളുടെ അച്ഛനമ്മമാരുടെ പേരിൽ ഉള്ള ഇലക്ട്രിസിറ്റി കണക്ഷൻ കട്ട് ചെയ്തു. യു പി യിൽ ഇങ്ങനെ കുറ്റവാളികളുടെ കുടുംബ വീട് പൊളിക്കുന്ന പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ മന്ത്രി യോഗിയുടെ ഭാഷയിൽ കേരള മന്ത്രി സംസാരിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? കേരളത്തിലും സംഘപരിവാർ മനോഭാവമുള്ളവരുടെ അഴിഞ്ഞാട്ടം എന്നല്ലാതെ എന്താണ് പറയാൻ പറ്റുക?
കെഎസ്ഇബി മന്ത്രിയും ചെയർമാനും അവിടെ ഉള്ള എൻജിനീയറും ഒക്കെ നല്ല സംഘപരിവാർ മനോഭാവം ഉള്ള സഖാവ് എന്ന പേരിൽ നടക്കുന്നവർ ആണെന്ന് പറയേണ്ടി വരുമോ എന്നാണ് നെറ്റിസൻസ് ചോദിക്കുന്നത്. ഭരണം ഇല്ലാതെ ബിജെപി സിപിഎമ്മിനെ ഉപയോഗിച്ച് ബിജെപി - ആർഎസ്എസ് ഭരിക്കുന്ന സംസ്ഥാനം ആയി കേരളം മാറുന്നോ? കേന്ദ്രത്തിൽ ബിജെപി യുടെ കൂടെ ഇരുന്നു ഭരിക്കുന്ന പാർട്ടിയുടെ കേരളത്തിലെ മന്ത്രി ആണ് കൃഷ്ണൻകുട്ടി എന്ന കാര്യം വിസ്മരിക്കരുത്. മന്ത്രി കൃഷ്ണൻ കുട്ടി യോഗിയുടെ ഭാഷയിൽ സംസാരിക്കുന്നു എന്നത് നഗ്നമായ സത്യമാണെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു.
തൃശൂർ മേയർ ബിജെപിയുടെ മൗത്ത് പീസ് ആയില്ലേ, ഇലക്ട്രിസിറ്റി വകുപ്പ് വെറും ഒരു മിഡിൽ ക്ലാസിന് മാത്രം, പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നു വിതരണം ചെയ്യുന്നു, അതിനു സാധാരണക്കാരനിൽ നിന്നു വാങ്ങുന്നത് കണ്ണിൽ ചോര ഇല്ലാത്ത തുകയാണ്, ഒരു ബില്ലിൽ പോലും നമുക്ക് എത്രയാണ് ചാർജ് എന്ന് കണ്ടുപിടിക്കാൻ പോലും പറ്റുന്നില്ല, ഒരു ഡ്രൈവർ വാങ്ങുന്നത് ഒരു ഐഎഎസുകാരന്റെ ശമ്പളവും. എല്ലാം നികുതി ദായകൻറെ നെഞ്ചത്താണ്. വയസായ മാതാപിതാക്കൾ റീകണക്ഷനു ഉറപ്പുകൊടുക്കണം, ഇവിടെ പൊലീസ് അവരുടെ കൈയ്യിൽ, കോടതിയും അവരുടെ കൈയ്യിൽ, എന്തും ചെയ്യാം.
കെഎസ്ഇബി സ്വകാര്യ വൽക്കരിക്കേണ്ട കാലം കഴിഞ്ഞു, അത്രയ്ക്ക് മോശമായ മാനേജ്മെന്റ് ആണുള്ളത്, സ്വന്തമായി ശമ്പള വർദ്ധനവ് പ്രഖ്യാപിക്കുന്ന മാനേജ്മെന്റ്. ഏഴ് കൊല്ലം കൊണ്ട് കോടികളുടെ ബാധ്യത വരുത്തിവെച്ച. കാട്ടിലെ മരം തേവരുടെ ആന! ധിക്കാരം മാത്രം കൈമുതലായ ഉദ്യോഗസ്ഥ വൃന്ദം കൂട്ടമല്ലേ ഇതിലുള്ളത്. ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങൾക്കും നീതി ചെയ്യുമെന്ന് സഗൗരവം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രി ഈ ക്യാപ്സ്യൂളിലൂടെ കടുത്ത സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും വിമർശനമുണ്ട്.
രാജ്യത്തെ നിയമത്തെ കാറ്റിൽ പറത്തി, വ്യക്തി വൈരാഗ്യത്തോടെ ഒരു കുടുംബത്തെ ഇരുട്ടിൽ നിർത്തിയത് ന്യായീകരിക്കുകയാണ് മന്ത്രി. തെറ്റ് ചെയ്തവനെ ശിക്ഷിക്കണം, അതിനാണ് നിയമവും പൊലീസും കോടതിയുമൊക്കെ. ആരാണ് ഉദ്യോഗസ്ഥന് നിയമം കയ്യിലെടുക്കാൻ അധികാരം നൽകിയത്? ആ ഉദ്യോഗസ്ഥനെ പുറത്താക്കൽ മാത്രമല്ല, മന്ത്രി തന്നെ രാജി വെക്കേണ്ട ഗൗരവ സാഹചര്യമാണിത്. യുപി മോഡൽ കേരളത്തിൽ അംഗീകരിക്കാൻ കഴിയില്ല. നിയമസഭാ അടിച്ച് പൊളിച്ചവരൊക്കെ മന്ത്രിയാകുന്ന നാട്ടിൽ സാധാരണക്കാരന് മാത്രം ഇങ്ങനെ ശിക്ഷ നൽകുന്നത് എങ്ങനെ കണ്ട് നിൽക്കാനാവും. നിയമം കാറ്റിൽ പറത്തി ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നിന്നാൽ, നിയമം ജനങ്ങൾ കയ്യിലെടുക്കുന്ന സാഹചര്യമല്ലേ ഉണ്ടാവുക?
മന്ത്രിമാരൊക്കെ ആവുന്നത് പൊതുജനങ്ങൾ വോട്ട് ചെയ്തിട്ട് ആണ്. ഒരു ദിവസം പണം അടയ്ക്കാൻ താമസിച്ചാൽ വൈദ്യുതി കട്ട് ചെയ്യുക. ഒരു ദിവസം നാലുമഞ്ചും വട്ടം വൈദ്യുതി പോകുന്നത് ആരെടുത്തു പറയണം.? മഴ ഒന്ന് പൊടിച്ചു കഴിഞ്ഞാൽ പിന്നെ അന്ന് വൈദ്യുതി കാണില്ല. അതൊക്കെ ചോദ്യം ചെയ്യുമ്പോൾ നിയമം കയ്യിലെടുത്തു എന്ന് പറഞ്ഞാൽ മതിയോ. പ്രതികൾക്ക് വേണ്ടി ഒരു കുടുംബത്തെ ശിക്ഷിക്കാൻ ആരാണ് ഇവർക്കൊക്കെ അധികാരം കൊടുത്തത്? മനുഷ്യാവകാശ കമ്മീഷനും, കുട്ടികൾക്ക് വേണ്ടിയുള്ള കമ്മീഷന്നും ഒക്കെ പണി മറന്നു വീട്ടിൽ ഇരിപ്പാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. തെറ്റ് ചെയ്തവരെ സംരക്ഷിക്കണം എന്ന് ആരും പറയുന്നില്ല. ഉദ്യോഗസ്ഥരുടെ ഇതുപോലെയുള്ള അനാസ്ഥ മൂലം എത്രയോ ജീവൻ പൊലിഞ്ഞിട്ടുണ്ട് ഈ നാട്ടിൽ. ഉടനെ ഇലക്ട്രിസിറ്റി ബോർഡ് ധനസഹായം പ്രഖ്യാപിക്കും. ഈ ധനം അനാസ്ഥ കാണിച്ചവരുടെ ഭാഗത്ത് നിന്നും അല്ലല്ലോ എടുക്കുന്നത്.
മന്ത്രി കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ സംസാരിക്കണം ആയിരുന്നു. കേരളത്തിൽ ഇപ്പോൾ ഭൂരിപക്ഷം ജനങ്ങളും കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരാണെന്ന് അഭിപ്രായമുണ്ട്. അത് ജനങ്ങളുടെ തെറ്റല്ല. അവർ ഉണ്ടാക്കി എടുത്തതാണ്. നിയമ വ്യവസ്ഥ അംഗീകരിക്കുന്നത് കൊണ്ടാണ് ജനങ്ങൾ ഇവരെ കൈകാര്യം ചെയ്യാത്തത്. നിയമസഭയിൽ അഴിഞ്ഞാടിയ ഗുണ്ടാ സംഘത്തെ പോലെ, തെമ്മാടി കൂട്ടങ്ങളെ പോലെ, പൊതുസമൂഹത്തിന് നിയമത്തെ അട്ടിമറിച്ച് കെഎസ്ഇബി ഓഫീസ് ആയാലും മറ്റ് പൊതു മുതൽ ആയാലും നശിപ്പിക്കാൻ ആവില്ലല്ലോ? നിയമസഭാ തല്ലി തകർത്തത് ഈ ലോകം മുഴുവൻ കണ്ടതാണ്. എന്നിട്ട് പറഞ്ഞു ഞങ്ങൾ അങ്ങനെ ചെയ്തിട്ടില്ല. അത് തന്നെയാണ് ഇപ്പോഴും പറയുന്നത്.
നിയമസഭ തല്ലി തകർത്തവർക്ക് ഒരു പൈസയുടെ നഷ്ടപരിഹാരവും അടക്കാതെ നിയമസഭയിൽ കയറി ഇരിക്കാമെങ്കിൽ ആ വീട്ടുകാർക്ക് വൈദ്യുതി ഉപയോഗിക്കാനും അവകാശമുണ്ട്. മന്ത്രി ഒന്ന് മനസിലാക്കുക. ഈ പ്രായത്തിലും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എ സി റൂമിൽ ഇരുന്നു, മുന്തിയ കാറുകളിൽ സഞ്ചരിച്ചും, മുന്തിയ ഭക്ഷണം കഴിച്ചും, താങ്കളും താങ്കളുടെ കുടുംബവും മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അതിന് കാരണം ഇവിടുത്തെ ജനത്തിൻ്റെ നികുതിപ്പണമാണ്. അല്ലാതെ ആരും പോക്കറ്റിൽ നിന്ന് എടുത്തു തന്ന കാശ് കൊണ്ട് അല്ല. ഈ വിഷയത്തിൽ നാവിൽ നിന്ന് കേട്ട വാക്ക് വിചിത്രം ആകുന്നു. തെറ്റ് ചെയ്തവരെ സംരക്ഷിക്കണം എന്ന് ആരും പറഞ്ഞിട്ടില്ല. മന്ത്രി കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ സംസാരിക്കണം ആയിരുന്നു. എന്തായാലും അങ്ങ് പൊതുജനസമക്ഷം വെറും കോമാളിയാകരുത്. അവർ അങ്ങയോട് ഇപ്പോൾ പറയുന്ന ഉപദേശം ഇതാണ്.