Controversy | ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചതിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നു; നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി; വിശദീകരണവുമായി ഗാനമേള ട്രൂപ്പ്


● തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലാണ് രാഷ്ട്രീയ ഗാനം ആലപിച്ചത്.
● ഗാനമേളയുടെ സ്പോൺസർമാരാണ് ആർഎസ്എസ് ഗാനം ആലപിക്കാൻ നിർദ്ദേശിച്ചതെന്ന് ഗാനമേള ട്രൂപ്പ് വെളിപ്പെടുത്തി.
● ക്ഷേത്ര പരിസരത്ത് ആർഎസ്എസ് കൊടിമരവും സ്ഥാപിച്ചതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്.
● ഹൈക്കോടതി നിർദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്ന് പരാതിയിൽ പറയുന്നു.
കൊല്ലം: (KVARTHA) കടയ്ക്കൽ കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം ആലപിച്ചത് വിവാദമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ രാഷ്ട്രീയ സ്വഭാവമുള്ള ഗാനം ആലപിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ ഇട്ടിവ മേഖലാ പ്രസിഡൻ്റ് പ്രതിനാണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാത്രി നടന്ന ഗാനമേളയിലാണ് സംഭവം.
ഗാനമേളയുടെ സ്പോൺസർമാരായ ടീം ഛത്രപതി എന്ന സംഘമാണ് ഈ ഗാനം ആലപിക്കാൻ നിർദേശിച്ചതെന്ന് ഗാനമേള ട്രൂപ്പ് അധികൃതർ പൊലീസിനെ അറിയിച്ചു. നാഗർകോവിൽ ബൈർഡ്‌സ് എന്ന സംഗീത ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. സ്പോൺസർമാർ രണ്ട് ആർഎസ്എസ് ഗാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് പരിചയമില്ലാത്തതിനാൽ ഒരു ഗാനം ഒഴിവാക്കിയെന്നും ട്രൂപ്പ് അധികൃതർ വ്യക്തമാക്കി.
അതേസമയം, ക്ഷേത്ര പരിസരത്ത് ആർഎസ്എസിൻ്റെ കൊടിമരവും പതാകകളും തോരണങ്ങളും സ്ഥാപിച്ചതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡൻ്റ് അഖിൽ ശശിയാണ് ഇത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് പരാതി നൽകിയത്. ക്ഷേത്ര വളപ്പിൽ രാഷ്ട്രീയപരമായ കാര്യങ്ങൾ നടത്തുന്നത് ഹൈകോടതിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചത് ഗുരുതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ തന്നെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചാണ് ക്ഷേത്രത്തിൽ രാഷ്ട്രീയ ഗാനം ആലപിച്ചതെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A complaint has been filed with the police regarding the performance of an RSS song at a temple festival in Kollam, Kerala, which is under the Travancore Devaswom Board. The music troupe stated that the sponsors requested the song. Complaints have also been raised about the erection of RSS flags and banners within the temple premises, citing violation of High Court directives. Opposition Leader V.D. Satheesan has condemned the incident and demanded immediate action from the Devaswom Board and the state government.
#RSSSong, #TempleFestival, #KeralaNews, #Controversy, #DevaswomBoard, #Kollam