Controversy | വയനാട് പ്രിയങ്ക മത്സരിക്കാനെത്തുമ്പോള്‍ കോണ്‍ഗ്രസ് മറുപടി പറയേണ്ടി വരിക രണ്ടു ചോദ്യങ്ങള്‍ക്ക്?


രാഹുലിന്റെ പ്രചാരണത്തിനായി വയനാട്ടില്‍ പ്രിയങ്ക ഒറ്റയ്ക്ക് എത്തിയപ്പോള്‍ ആള്‍ക്കൂട്ടം ഒഴുകിയെത്തിയത് യുഡിഎഫിന് ഭൂരിപക്ഷം ഉയര്‍ത്തുമെന്ന ആത്മവിശ്വാസം നല്‍കുന്നു
പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ സംസ്ഥാനത്തെ ഏറ്റവും ദുര്‍ബലരായ ആദിവാസികളും പിന്നോക്കക്കാരും കര്‍ഷകരും ജീവിക്കുന്ന വയനാടിനെ കോണ്‍ഗ്രസ് കുടുംബാധിപത്യം നടപ്പിലാക്കുന്നു എന്ന വിമര്‍ശനം ഉയര്‍ത്തുന്നു.
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) സംസ്ഥാനത്തെ ഏറ്റവും ദുര്‍ബലരായ ആദിവാസികളും പിന്നോക്കക്കാരും കര്‍ഷകരും ജീവിക്കുന്ന വയനാടിനെ കുടുംബാധിപത്യം കോണ്‍ഗ്രസ് നടപ്പിലാക്കുന്നു എന്ന വിമര്‍ശനം പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ഉയരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ വയനാട്ടില്‍ വീണ്ടും മത്സരിപ്പിക്കുന്നതോടെ നാടിന്റെ ഹൃദയ തുടിപ്പറിയുന്ന ഒരു എംപി യുടെ സാന്നിധ്യമുണ്ടാകുന്നില്ലെന്ന ആരോപണമാണ് ശക്തമാകുന്നത്.
യുപിയിലെ റായ് ബറേലിയിലെ വിജയത്തിന് ശേഷം വയനാട് ഉപേക്ഷിച്ച രാഹുല്‍ ഗാന്ധിക്ക് ലക്ഷങ്ങള്‍ ഭൂരിപക്ഷം ലഭിച്ചുവെങ്കിലും വീണ്ടും ബൂതിലേക്ക് പോകേണ്ട അവസ്ഥയിലാണ് വയനാട്ടിലെ വോടര്‍മാര്‍. വയനാട്ടില്‍ ആദ്യം 2019 ല്‍ രാഹുല്‍ ജയിച്ചപ്പോള്‍ 4,31, 000 ല്‍ അധികം വോടിന്റെ റെകോഡ് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം തവണ 3,60000 വോടുകളുടെ ഭൂരിപക്ഷവും നേടാനായി. ഇനി പ്രിയങ്ക ഗാന്ധി എത്തുമ്പോഴും കോണ്‍ഗ്രസിന് വിജയ സാധ്യത കൂടുതലാണ്.
രാഹുലിന്റെ പ്രചാരണത്തിനായി വയനാട്ടില്‍ പ്രിയങ്ക ഒറ്റയ്ക്ക് എത്തിയപ്പോള്‍ ഒഴുകിയെത്തിയ ആള്‍ക്കൂട്ടം തന്നെയാണ് ഭൂരിപക്ഷം ഉയര്‍ത്തുമെന്ന ആത്മവിശ്വാസം യുഡിഎഫിന് നല്‍കുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ സാന്നിധ്യം കുറവായിരുന്നു പ്രചാരണത്തിന്. എന്നാല്‍, ഇത്തവണ ആ പ്രശ്‌നമുണ്ടാകില്ല. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥി ഉണ്ടാകുമെന്നുറപ്പാണെന്ന് പാര്‍ടി സംസ്ഥാന സെക്രടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആനി രാജ വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് പാര്‍ടിക്കുള്ളില്‍ നിന്നും ലഭിക്കുന്ന വിവരം.
വയനാട് മണ്ഡലത്തില്‍ ബിജെപി വോട് വിഹിതം കൂട്ടിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. അത് ആവര്‍ത്തിക്കാന്‍ ആരെ നിയോഗിക്കുമെന്നതും ഇനി അറിയാനുണ്ട്. ബിജെപിക്കായി വനിതാ സ്ഥാനാര്‍ഥി രംഗത്തിറങ്ങുമോയെന്ന ചര്‍ചയും സജീവമാണ്. ശോഭാ സുരേന്ദ്രന്റെ പേരിനാണ് പാര്‍ടിക്കുള്ളില്‍ മുന്‍ഗണന. ഏതു മണ്ഡലത്തില്‍ മത്സരിച്ചാലും എതിര്‍ പാളങ്ങയളില്‍ കയറി വോട് പിടിക്കാനുള്ള കഴിവാണ് ശോഭ സുരേന്ദ്രനെ പരിഗണിക്കാന്‍ സാധ്യതയേറിയത്.
അതേസമയം, കന്നി മത്സരത്തിനായി കേരളത്തിലേക്ക് പ്രിയങ്ക എത്തുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടി പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിഞ്ഞെന്ന പരിഭവമില്ലാതെ വീണ്ടുമൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇറങ്ങാനുമാകും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസുകാര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ്.
സംസ്ഥാനത്ത് യുഡിഎഫിന്റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക് സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. ഇന്‍ഡ്യാ മുന്നണിയെ സംബന്ധിച്ചയിടത്തോളം വടക്ക് രാഹുലും തെക്ക് പ്രിയങ്കയുമെന്ന രാഷ്ട്രീയ സമവാക്യം ആവേശം കൊള്ളിക്കുന്നതാണ്. തൃശ്ശൂരിലെ തോല്‍വിയിലുണ്ടായ നിറംമങ്ങല്‍ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിലൂടെ ജ്വലിപ്പിക്കാനാകുമെന്നാണ് പാര്‍ടിയുടെ പ്രതീക്ഷ.
ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് പാര്‍ടി നേതൃത്വം ഇപ്പോഴേ പറയുന്നത്. അമേഠി തിരിച്ചുപിടിച്ചും റായ് ബറേലി നിലനിര്‍ത്തിയും വയനാട്ടില്‍ പ്രിയങ്കയെ മത്സരിപ്പിച്ചും പഴയ പ്രതാപത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നുവെന്ന ആവേശത്തിലാണ് അണികള്‍. നെഹ് റു കുടുംബം കേരളത്തെ ചേര്‍ത്തുപിടിക്കുന്നുവെന്ന വൈകാരികതയും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. വയനാട് രാഹുല്‍ ഒഴിഞ്ഞതില്‍ കടുത്ത വിമര്‍ശനം എതിര്‍ പാര്‍ടികള്‍ക്കുണ്ട്.
എതിരാളി പ്രിയങ്കയാണെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സിപിഐ നീക്കം. പക്ഷെ പ്രചാരണത്തില്‍ എന്തൊക്കെ പറയുമെന്നത് ഇടത് പാര്‍ടികള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുലിനെതിരായ കടന്നാക്രമണം പ്രിയങ്കക്കെതിരെ ആവര്‍ത്തിച്ചാല്‍ കൂടുതല്‍ കൈപൊള്ളാനിടയുണ്ടെന്ന പ്രശ്‌നം എല്‍ഡിഎഫിന് മുന്നിലുണ്ട്. ശക്തി കുറച്ചാല്‍ ബിജെപി കൂടുതല്‍ ശക്തിപ്പെടുമെന്ന പ്രശ്‌നവും ബാക്കിയാണ്.
വയനാടിനൊപ്പം പാലക്കാടും ചേലക്കരയും കൂടി ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പ്രിയങ്ക ഫാക്ടര്‍ തിരിച്ചടിക്കുമോയെന്ന പ്രശ് നവും എല്‍ഡിഎഫ് നേരിടുന്നുണ്ട്. എന്നാല്‍ വയനാട്ടില്‍ ടൂറിസ്റ്റുകളെ സ്ഥാനാര്‍ഥിയാക്കുന്നുവെന്ന വിമര്‍ശനമാണ് ബിജെ പി ഉയര്‍ത്തുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തുന്ന കുടുംബവാഴ്ച, ടൂറിസ്റ്റ് സ്ഥാനാര്‍ഥി എന്നീ ചോദ്യങ്ങള്‍ക്ക് പ്രിയങ്കയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മറുപടി പറയേണ്ടി വരും.