അനുനയ നീക്കങ്ങള്‍ ഫലം കണ്ടില്ല; വിഎം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു

 



തിരുവനന്തപുരം: (www.kvartha.com 27.09.2021) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ എ ഐ സി സി അംഗത്വവും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി കത്തയച്ചു. എ ഐ സി സിയുടെ അനുനയ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് സുധീരന്‍ രാജിവച്ചിരിക്കുന്നത്. കെ പി സി സി നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം. 

കെ പി സി സിയിലെ തര്‍ക്കങ്ങളില്‍ ഹൈകമാന്‍ഡ് ഇടപെട്ടില്ലെന്നും ആക്ഷേപം ഉയര്‍ത്തി. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും ഏകപക്ഷീയമാണ് തീരുമാനമെന്നും സുധീരന്‍ ആരോപണം ഉന്നയിച്ചിരുന്നു.   

അനുനയ നീക്കങ്ങള്‍ ഫലം കണ്ടില്ല; വിഎം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു


നേരത്തേ കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയില്‍നിന്ന് സുധീരന്‍ രാജിവച്ചിരുന്നു. പുനസംഘടനയും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു രാജി. രാജിക്ക് പിന്നാലെ സുധീരനെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ വഴങ്ങാതെയാണ് സുധീരന്റെ എ ഐ സി സി അംഗത്വത്തില്‍നിന്നുള്ള രാജിയും. 

രാഷ്ട്രീയ കാര്യ സമിതിയിലെ രാജിക്ക് പിന്നാലെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒരു നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശന്‍ പറഞ്ഞത്. പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
Keywords:  News, Kerala, State, Thiruvananthapuram, Politics, Political Party, Congress,V M Sudheeran, Congress veteran VM Sudheeran resigned from AICC membership
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia