Congress | സുധാകരന്റെ തട്ടകത്തില്‍ കൈ പൊളളി കോണ്‍ഗ്രസ്! ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്‍പേയുളള മട്ടന്നൂരിലെ തോല്‍വിയില്‍ അണികള്‍ക്ക് നിരാശ

 


കണ്ണൂര്‍: (KVARTHA) പാര്‍ടിയില്‍ നിന്നും ബി ജെ പിയിലേക്ക് പ്രവര്‍ത്തകരും നേതാക്കളും ചേക്കേറുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ കോണ്‍ഗ്രസിന് കൈ പൊളളി. മട്ടന്നൂര്‍ നഗരസഭയില്‍ തങ്ങളുടെ സിറ്റിങ് സീറ്റ് ബി ജെ പി പിടിച്ചെടുത്തതാണ് കനത്ത തിരിച്ചടിയായത്. മുഴപ്പിലങ്ങാട് പഞ്ചായതില്‍ മുസ്ലിം ലീഗിനും തങ്ങളുടെ സിറ്റിങ് സീറ്റ് നഷ്ടമായി. എന്നാല്‍ എല്‍ ഡി എഫിന് യു ഡി എഫില്‍ നിന്നും ഒരു സീറ്റ് പിടിച്ചെടുക്കാനായത് നേട്ടമായി.

മട്ടന്നൂരിലെ തോല്‍വി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും കനത്ത താക്കീതായി മാറിയിരിക്കുകയാണ്. ബി ജെ പി കോണ്‍ഗ്രസിന്റെ സ്വാധീന കേന്ദ്രങ്ങളിലാണ് കൂടുതല്‍ വളര്‍ച കാണിക്കുന്നത്. തലശേരി നഗരസഭയില്‍ ഇപ്പോള്‍ പ്രതിപക്ഷം ബി ജെ പിയാണ്. കോണ്‍ഗ്രസിന് മൂന്നാം സ്ഥാനമാണുളളത്.

Congress | സുധാകരന്റെ തട്ടകത്തില്‍ കൈ പൊളളി കോണ്‍ഗ്രസ്! ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്‍പേയുളള മട്ടന്നൂരിലെ തോല്‍വിയില്‍ അണികള്‍ക്ക് നിരാശ
 

ലോക് സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ കോട്ട കൊത്തളങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസിന് നല്‍കുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്‍പേയുണ്ടായ തോല്‍വിയില്‍ അണികളും നിരാശരാണ്. സമൂഹ മാധ്യമങ്ങളില്‍ നേതൃത്വത്തിനെ കുറ്റപ്പെടുത്തി നിരവധി പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നഗരസഭയില്‍ ബി ജെ പി അട്ടിമറി വിജയം നേടിയത് അണികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

രാമന്തളി, മാടായി പഞ്ചായതുകളില്‍ യു ഡി എഫും മുഴപ്പിലങ്ങാട് പഞ്ചായതിലെ മമ്മാക്കുന്ന് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ സി നസീയത്ത് ബീവി പന്ത്രണ്ടു വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു ഡി എഫില്‍ നിന്നാണ് എല്‍ ഡി എഫ് സീറ്റ് പിടിച്ചെടുത്തത്. മട്ടന്നൂര്‍ ഉള്‍പെടെ രണ്ടു സിറ്റിങ് സീറ്റുകളാണ് യു ഡി എഫിന് നഷ്ടമായത്.

മട്ടന്നൂര്‍ നഗരസഭയില്‍ ആദ്യമായാണ് ബി ജെ പി അകൗണ്ടു തുറന്നത്. ഇരുപത്തിയൊന്‍പതാം വാര്‍ഡായ മട്ടന്നൂര്‍ ടൗണിലാണ് 72 വോടിന്റെ ഭൂരിപക്ഷത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി എ മധുസൂദനന്‍ വിജയിച്ചത്. കഴിഞ്ഞ തവണ പന്ത്രണ്ടുവോടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ വി പ്രശാന്തന്‍ ജയിച്ച വാര്‍ഡാണിത്. പ്രശാന്തിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞതവണ നേരിയ വ്യത്യാസത്തിന് സീറ്റു നഷ്ടമായ ബി ജെ പി ഇക്കുറി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തിരിച്ചുവരികയായിരുന്നു.

ആകെയുളള 1034-വോടില്‍ 827- പേരാണ് വോടു ചെയ്തത്. ഇതില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അമല്‍ മണിയ്ക്ക് 103-വോടും യു ഡി എഫിലെ കെ വി ജയചന്ദ്രന് 323-വോടും ലഭിച്ചു. 395-വോടാണ് വിജയിച്ച സ്ഥാനാര്‍ഥി എ മധുസൂദനന്‍ നേടിയത്. വെളളിയാഴ്ച രാവിലെ എട്ടുമണിക്ക് മട്ടന്നൂര്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിലായിരുന്നു വോടെണ്ണല്‍ നടന്നത്.

ബി ജെ പിക്കും എല്‍ ഡി എഫിനും വോടു കൂടിയെങ്കിലും യു ഡി എഫിന് വോടു കുറഞ്ഞു. രണ്ടു സ്വതന്ത്രസ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ടായിരുന്നു. ഇ ജയചന്ദ്രന് ഒരു വോടും മധുസൂദനന് അഞ്ചു വോടും ലഭിച്ചു. ഡെപ്യൂടി കലക്ടറായി വിരമിച്ചയാളാണ് ബി ജെ പി സ്ഥാനാര്‍ഥി മധുസൂദനന്‍. എല്‍ ഡി എഫ് തുടര്‍ചയായി ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭയില്‍ അകൗണ്ടു തുറന്നതിനെ തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി. സംസ്ഥാന സെക്രടറി കെ പി പ്രകാശ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ പുതുക്കുടി എന്നിവര്‍ നേതൃത്വം നല്‍കി.

രാമന്തളി ഗ്രാമപഞ്ചായതിലെ ഒന്‍പതാം വാര്‍ഡായ പാലക്കോട് സെന്‍ട്രലിലെ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയം നിലനിര്‍ത്തി. കഴിഞ്ഞ തവണ 710-വോടു നേടിയായിരുന്നു മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ വിജയം. എന്നാല്‍ ഇക്കുറി 742- വോടു നേടിയാണ് വിജയിച്ചത്. ഈ വാര്‍ഡിലെ മെമ്പറായിരുന്ന കെ സി മുസ്തഫ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മാടായി ഗ്രാമപഞ്ചായതില്‍ മുട്ടം ഇട്ടപ്പുറം ഇരുപതാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും യു ഡി എഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. യു ഡി എഫിലെ സി എച് മുഹസീനയാണ് 444 വോടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ എസ് പി ആഇശ ബീവയെയാണ് തോല്‍പിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് കുറഞ്ഞിട്ടും ഭൂരിപക്ഷം നിലനിര്‍ത്താന്‍ യു ഡി എഫിന് കഴിഞ്ഞു.

Keywords: Congress suffered setback in local government elections, Kannur, News, Politics, Congress, BJP, LDF, Criticism, Social Media, K Sudhakaran, Kerala News.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia